ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാർഡനിലെ വസതി അനന്തരവൾക്ക് കൈമാറി. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ജയലളിതയുടെ അനന്തരവൾ ദീപ ജയകുമാറിന് പോയസ് ഗാർഡനിലെ വസതിയുടെ താക്കോൽ വെള്ളിയാഴ്ച ഔദ്യോഗികമായി കൈമാറിയത്.
ജയലളിതയുടെ പോയസ് ഗാർഡനിലെ വസതി ഏറ്റെടുത്ത് മ്യൂസിയം ആക്കുന്നതിനുള്ള ശ്രമങ്ങൾ തമിഴ്നാട് സർക്കാർ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദീപ നിയമ പോരാട്ടവുമായി മുന്നോട്ട് പോയത്. ഒടുവിൽ വസതി മ്യൂസിയം ആക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കിക്കൊണ്ട് നവംബർ 24ന് മദ്രാർ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ചെന്നൈ കളക്ടർ ജെ വിജയ റാണി വസതിയുടെ താക്കോൽ ഔദ്യോഗകിമായി അവകാശികൾക്ക് കൈമാറുകയായിരുന്നു.
ജയലളിത ഇല്ലാത്ത വീട്ടിലേക്ക് എത്തുന്നത് ഇതാദ്യമായിട്ടാണ്. വീട് ശൂന്യമായിക്കിടക്കുകയാണ്. അവർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളൊക്കെ മാറ്റപ്പെട്ടിരിക്കുന്നുവെന്ന് ദീപ പറഞ്ഞു.
Content Highlights: J Jayalalithaas Niece Takes Over Chennai Residence After Legal Battle