ബീറ്റ്‌റൂട്ടിനെ “ആരോഗ്യ ഭക്ഷണങ്ങളിൽ കേമൻ” എന്ന് വിളിക്കുന്നത് വെറുതെയല്ല. അതിൽ കൊഴുപ്പ് കുറവാണ്, വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ്. മാത്രമല്ല, ശക്തമായ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മാരകമായ രോഗങ്ങൾക്കെതിരായ പോരാട്ടത്തിൽ ഒരു ഫലപ്രദമായ ആയുധമാക്കുന്നു. അതിശയിപ്പിക്കുന്ന കാര്യം, ഇവയുടെ വില കൂടുതലല്ല എന്നതാണ്. അതുകൊണ്ട് തന്നെ ഭൂരിപക്ഷം പൊതുജനങ്ങൾക്കും ഇത് പോക്കറ്റിലൊതുങ്ങുന്ന വിലയിൽ ലഭ്യമാണ്. കൂടാതെ വർഷം മുഴുവനും വിപണിയിൽ ലഭ്യവുമാണ്. ബീറ്റ്‌റൂട്ട് പോലെ തന്നെ അതിന്റെ ഇലകളും ഭക്ഷ്യയോഗ്യമാണ്.
ബീറ്റ്‌റൂട്ട് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?
1. ക്യാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങൾ: ബീറ്റ്‌റൂട്ടിൽ ബീറ്റാസയാനിൻ അടങ്ങിയിട്ടുണ്ട് – ഇത് ഈ പച്ചക്കറിക്ക് ആഴത്തിലുള്ള പർപ്പിൾ-ചുവപ്പ് നിറം നൽകുന്നതിന് മാത്രമല്ല, ക്യാൻസറിനെ – പ്രത്യേകിച്ച് മൂത്രാശയ കാൻസറിനെ ചെറുക്കാനുള്ള ശക്തിയും ശരീരത്തിന് നൽകുന്നു. 79.3 മില്ലി ഗ്രാം/100 മില്ലി ലിറ്റർ ബീറ്റാക്‌സാന്തൈൻ, 159.6 മില്ലി ഗ്രാം/100 മില്ലി ലിറ്റർ ബീറ്റാസയാനിൻ എന്നിവ അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് എൻ-നൈട്രോസോഡിതൈലാമൈൻ (എൻഡിഈഎ) മൂലമുള്ള ഓക്സിഡേറ്റീവ് സമ്മർദ്ദം, കരൾ ക്ഷതം എന്നിവയിൽ നിന്ന് ആൺ എലികൾക്ക് സംരക്ഷണം നൽകുന്നു എന്ന് ഒരു പഠനം തെളിയിച്ചു. കാൻസർ രോഗികളിൽ ക്ഷീണവും കീമോതെറാപ്പിയുടെ മറ്റ് പാർശ്വഫലങ്ങളും നിയന്ത്രിക്കാൻ ബീറ്റ്‌റൂട്ടിന് വലിയ ശേഷിയുണ്ടെന്ന് പഠനം കണ്ടെത്തി.
2. ഹൈപ്പർടെൻഷൻ അകറ്റാൻ ബീറ്റ്റൂട്ട്: ഹാർവാർഡ് മെഡിസിൻ പിന്തുണയ്ക്കുന്ന ഗവേഷണമനുസരിച്ച്, ബീറ്റ്റൂട്ടിൽ സ്വാഭാവികമായും ഉയർന്ന അളവിലുള്ള നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥ നൈട്രിക് ഓക്സൈഡാക്കി മാറുന്നു. രക്തചംക്രമണം ധമനികളുടെയും സിരകളുടെയും ചുമരുകളിൽ ചെലുത്തുന്ന സമ്മർദ്ദം മൂലമാണ് ഹൈപ്പർടെൻഷൻ ഉണ്ടാകുന്നത്. ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ രക്തക്കുഴലുകൾക്ക് വിശ്രമമേകുകയും വിശാലമാക്കുകയും ചെയ്യുന്ന ഒരു സംയുക്തമാണ്, ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ഒഴിവാക്കാൻ ഗുണം ചെയ്യും. ബിബിസി ഗുഡ് ഫുഡ് അനുസരിച്ച്, ബീറ്റ്റൂട്ട് പോലുള്ള നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയാഘാതത്തെ അതിജീവിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
3. ഊർജം മെച്ചപ്പെടുത്താൻ ബീറ്റ്‌റൂട്ട്: പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണത്തിന് മികച്ച ആരോഗ്യ ഗുണങ്ങളുണ്ടെന്ന വസ്തുത നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. പോഷകഗുണങ്ങൾ കാരണം, ആരോഗ്യം വർദ്ധിപ്പിക്കുവാൻ പ്രവർത്തനപരമായ ഭക്ഷണമെന്ന നിലയിൽ ബീറ്റ്‌റൂട്ട് വളരെയധികം ശ്രദ്ധ ആകർഷിക്കുന്നുണ്ട്. അത്‌ലറ്റിക് പ്രകടനം വർദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമായി നിരവധി പഠനങ്ങൾ ഇപ്പോൾ ബീറ്റ്‌റൂട്ട് സപ്ലിമെന്റേഷൻ നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ പേശികളുടെ കോശങ്ങളിലേക്ക് കൂടുതൽ ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നു, ഇത് പേശികളെ കൂടുതൽ കാര്യക്ഷമമായി വീണ്ടെടുക്കാൻ സഹായിക്കുന്നു.
4. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: ആമാശയം, കുടൽ, ദഹനവ്യവസ്ഥ എന്നിവ ബീറ്റ്റൂട്ട് അടങ്ങിയ ഭക്ഷണത്തിൽ നിന്ന് പ്രയോജനം നേടുന്നു. നമ്മുടെ കുടലിന്റെ ആരോഗ്യത്തിനും പരിപാലനത്തിനും ആവശ്യമായ അമിനോ ആസിഡായ ഗ്ലൂട്ടാമൈനിന്റെ ഏറ്റവും സമ്പന്നമായ ഉറവിടമാണ് ബീറ്റ്റൂട്ട് പച്ചക്കറി. നാരുകളാൽ സമ്പുഷ്ടമായ ബീറ്റ്‌റൂട്ട് നല്ല ദഹനത്തിനും സഹായിക്കുന്നു.
5. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ: ശരീരത്തിന് കേടുപാടുകൾ വരുത്തിയേക്കാവുന്ന ആഘാതം, അണുബാധ, മറ്റ് രോഗകാരികൾ എന്നിവയുമായി നമ്മുടെ ശരീരം ഏറ്റുമുട്ടുമ്പോൾ, ശരീരം വീക്കം എന്ന പ്രതിരോധ സംവിധാനത്തിലൂടെ പ്രതികരിക്കുന്നു. വിട്ടുമാറാത്ത വീക്കം ശരീരത്തിന് ദോഷം ചെയ്യും. അമിതവണ്ണം, കരൾ രോഗം, കാൻസർ, ഹൃദ്രോഗം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കത്തിലും പുരോഗതിയിലും വിട്ടുമാറാത്ത വീക്കം പലപ്പോഴും ഉൾപ്പെട്ടിരിക്കുന്നു. ഒരു പഠന റിപ്പോർട്ട് അനുസരിച്ച്, ബീറ്റ്റൂട്ട് നൈട്രേറ്റുകളാൽ സമ്പുഷ്ടമായതിനാൽ, ബീറ്റ്റൂട്ട് കഴിക്കുന്നത് നിങ്ങളുടെ രക്തപ്രവാഹത്തിൽ നിന്ന് ദോഷകരമായ സംയുക്തങ്ങൾ നീക്കം ചെയ്യുന്നതിലൂടെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. ബീറ്റ്‌റൂട്ടിൽ അടങ്ങിയ ബീറ്റലൈനുകളുടെയും നൈട്രേറ്റുകളുടെയും ഈ സംയോജനം റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അല്ലെങ്കിൽ ഫൈബ്രോമയാൾജിയ പോലുള്ള വീക്കം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ആളുകൾക്ക് കഴിക്കാൻ ഉത്തമമായ ഭക്ഷണമാക്കി ഇവയെ മാറ്റുന്നു.
ശ്രദ്ധിക്കുക : ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന നുറുങ്ങുകളും നിർദ്ദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, അവ ഒരു വിദഗ്ദ്ധ ഡോക്ടറുടെ ഉപദേശത്തിന് പകരമായി കണക്കാക്കരുത്. ഏതെങ്കിലും മെഡിക്കൽ കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും പ്രത്യേക ചോദ്യങ്ങളുണ്ടെങ്കിൽ എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറെയോ ആരോഗ്യ വിദഗ്ദ്ധരെയോ സമീപിക്കുക.