ആദ്യ ഫോൾഡബിൾ ഫോൺ പ്രഖ്യാപിച്ച് ഓപ്പോ. ഓപ്പോ ഫൈന്റ് എൻ (Oppo Find N) നാല് വർഷം നീണ്ട ഗവേഷണ വികസന പ്രവർത്തനങ്ങൾക്കൊടുവിലാണ് ഫോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ ഫോണിന്റെ നാല് പ്രോട്ടോ ടൈപ്പുകളും കമ്പനി നിർമിച്ചിരുന്നു.
സാംസങിന്റെ ഗാലക്സി സെഡ് ഫോൾഡ് പരമ്പരയ്‍ക്ക് സമാനമായി അകത്തോട്ട് മടക്കുന്ന വിധത്തിലാണ് ഓപ്പോ ഫൈന്റ് എനിന്റെയും രൂപകൽപന. ഇത് വളരെ ലളിതമായ രൂപകൽപനയിലുള്ളതും ഉപകാരപ്രദവും എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്നതുമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഡിസ്പ്ലേയിലെ ചുളിവ്, ഫോണിന്റെ മൊത്തതിലുള്ള ഈട് നിൽക്കൽ, മികച്ച ഹിഞ്ച്, ഡിസ്പ്ലേ ഡിസൈൻ എന്നിങ്ങനെ മുമ്പ് പുറത്തിറങ്ങിയ ഫോൾഡബിൾ ഫോണുകളിൽ പ്രധാന പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടാണ് ഫൈന്റ് എൻ എത്തുന്നത് എന്ന് ഓപ്പോ ചീഫ് പ്രൊഡക്റ്റ് ഓഫീസറും വൺ പ്ലസ് സ്ഥാപകനുമായ പെറ്റ് ലാവു പറഞ്ഞു.
പുതിയ ഫോൾഡബിൾ ഫോണിന്റെ സൂചന നൽകുന്ന ടീസർ വീഡിയോ കമ്പനി പുറത്തുവിട്ടു. 15 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഫോണിന്റെ ബാഹ്യ രൂപകൽപന സംബന്ധിച്ച ചില വിവരങ്ങളുണ്ട്. രണ്ട് സ്ക്രീനുകളാണുള്ളത്. ഫോണിൽ അണ്ടർ ഡിസ്പ്ലേ ക്യാമറ സംവിധാനമായിരിക്കാനിടയുണ്ടെന്നാണ് കരുതുന്നത്.
സാംസങ് ഗാലക്സി ഫോണിന് സമാനമായ മെറ്റൽ ഡിസൈനാണിതിനും. ഫോണിന് യുഎസ്ബി സി പോർട്ട് ആയിരിക്കുമെന്ന് വീഡിയോ വ്യക്തമാക്കുന്നുണ്ട്. ഒരു വശത്തായാണ് ഫിംഗർ പ്രിന്റ് സ്കാനർ ഉള്ളത്.
ഫൈന്റ് എനിന്റെ ആദ്യ പ്രോട്ടോ ടൈപ്പ് 2018 ൽ ത്നനെ തയ്‌യാറാക്കിയിരുന്നുവെന്ന് ലാവു പറഞ്ഞു. കഴിഞ്ഞ വർഷമാണ് ലാവു ഓപ്പോയിൽ ചേർന്നത്. 2013 ലാണ് അദ്ദേഹം വൺപ്ലസിന് തുടക്കമിട്ടത്. ബിബികെ ഇലക്‍ട്രോണിക്സ് എന്ന മാതൃസ്ഥാപനത്തിന് കീഴിലുള്ള രണ്ട് കമ്പനികളാണ് ഓപ്പോയും, വൺപ്ലസും. ഇവയെ കൂടാതെ വിവോ, റിയൽമി, ഇഖൂ, എന്നിവയും ഒരേ ബിബികെയ്‍ക്ക് കീഴിലുള്ളവയാണ്.
Content Highlights: Oppo Find N Announced as Company’s First Foldable Phone