ആപ്പിളുമായി ചേർന്ന് അന്തർദേശീയ ഹോട്ടൽ ശൃംഖലയായ ഹയാത്ത് ഹോട്ടൽസ് കോർപറേഷൻ ചില അതിഥികൾക്ക് അവരുടെ ഹോട്ടൽ മുറിയുടെ താക്കോൽ ആപ്പിൾ വാലറ്റിൽ സൂക്ഷിക്കാൻ സൗകര്യമൊരുക്കുന്നു. അമേരിക്കയിലെ ആറ് ഹയാത്ത് ഹോട്ടലുകളിലാണ് ഈ സൗകര്യമുണ്ടാവുക.
ഹോട്ടൽ മുറികളുടെ താക്കോൽ ആപ്പിൾ വാലറ്റിൽ ലഭ്യമാക്കുന്ന ആദ്യ ഹോട്ടൽ ബ്രാൻഡ് ആണ് തങ്ങളെന്ന് ഹയാത്ത് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയ വാർത്താ കുറിപ്പിൽ പറഞ്ഞു.
ഇതോടെ ഹോട്ടലിലെത്തുന്ന അതിഥികൾക്ക് അവരുടെ ഐഫോണോ ആപ്പിൾ വാച്ചോ ഉപയോഗിച്ച് മുറിയുടെ വാതിൽ തുറക്കാൻ സാധിക്കും. ഹോട്ടലിൽ താക്കോൽ ആവശ്യമുള്ള മറ്റ് സ്ഥലങ്ങളിലും ഈ സംവിധാനം ഉപയോഗിക്കാനാവും.
നിലവിൽ ആറ് ഹോട്ടലുകളിലാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും താമസിയാതെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഈ സൗകര്യം അവതരിപ്പിക്കാനാണ് ഹയാത്തിന്റെ ലക്ഷ്യം.
ഐഒഎസ് 15 ൽ പ്രവർത്തിക്കുന്ന ഐഫോണുകളും വാച്ച് ഓഎസ് 8 ഉള്ള ആപ്പിൾ വാച്ചുകളും ഉപയോഗിച്ചാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താനാവുക. റിസർവേഷൻ പൂർത്തിയായാൽ വേൾഡ് ഓഫ് ഹയാത്ത് ആപ്പ് ഉപയോഗിച്ച് മുറിയുടെ കീ ആപ്പിൾ വാലറ്റിലേക്ക് മാറ്റാം.
കീയിൽ റൂമിന്റെ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടാവും. മുറി ചെക്കിൻ ചെയ്‌യാൻ സമയമാവുമ്പോൾ മാത്രമേ കീ ആക്റ്റിവേറ്റ് ആവുകയുള്ളൂ. മുറി മാറ്റേണ്ടതുണ്ടെങ്കിൽ ആപ്പ് വഴി സാധിക്കും. ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്‌യുന്ന ഉടൻ കീ ഡീ ആക്റ്റിവേറ്റ് ആവും.
Content Highlights: Apple and Hyatt begin rolling out hotel keys in Apple Wallet