ന്യൂഡൽഹി > രാജ്യത്തെ മനുഷ്യാവകാശ ലംഘന കേസുകളിൽ തുടർച്ചയായ മൂന്നാം വർഷവും ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തർപ്രദേശ് മുന്നിൽ. ദേശീയ മനുഷ്യാവകാശ കമീഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ 40 ശതമാനവും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായിട്ടുള്ള യു.പിയിലാണ്. ബുധനാഴ്ച ലോക്സഭയിൽ ഡിഎംകെ എം.പി എം ഷൺമുഖത്തിന്റെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് നൽകിയ മറുപടിയിൽ ആണ് കമീഷൻ റിപ്പോർട്ട് പുറത്തുവിട്ടത്.
ഉത്തര്പ്രദേശില് 2019-20ല് 32,693 കേസുകളും 2020-21ല് 30,164 കേസുകളും 2021-22 ഒക്ടോബര് 31 വരെ 24242 കേസുകളും റിപോര്ട്ട് ചെയ്തു. ഡല്ഹിയില് 2019-2020ല് 5,842, 2020-2021ല് 6,067, ഈ വര്ഷം ഒക്ടോബര് 31 വരെ 4972 കേസുകളും റിപോര്ട്ട് ചെയ്തിട്ടുണ്ട്. ബിഹാർ, ഒഡീഷ, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങളാണ് യു.പിക്കും ഡൽഹിക്കും പിന്നിലുള്ളത്.
അതേസമയം കേരളത്തിൽ 2019-20 ൽ 640 കേസുകളും, 2020-21 ൽ 722 കേസുകളും, 2021 ഒക്ടോബർവരെ 899 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മനുഷ്യാവകാശ കമ്മീഷന് സമര്പ്പിച്ച റിപ്പോർട്ടിൽ കേസുകളുടെ എണ്ണം 2018-19 ല് 89584 ആയിരുന്നത് 2019-20 ല് 76628 ആയും 2020-21 ല് 74968 ആയും കുറഞ്ഞു. 2021-22ല് ഒക്ടോബര് 31 വരെ 64170 കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്ന് കണക്കുകള് വ്യക്തമാക്കുന്നു.