ഗുരുഗ്രാം: ഇന്ത്യയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മെറ്റ (പഴയ ഫെയ്സ്ബുക്ക്) ഗുരുഗ്രാമിൽ പുതിയ ഓഫീസ് ആരംഭിച്ചു. കമ്പനിയ്‍ക്ക് വേണ്ടി മാത്രമായി നിർമിച്ച ഏഷ്യയിലെ ആദ്യ ഓഫീസാണിത്.
ഗുരുഗ്രാമിലെ 130,000 ചതുരശ്ര അടിയിൽ സ്ഥിതി ചെയ്‌യുന്ന കെട്ടിടത്തിൽ തുടക്കമിട്ട പുതിയ ഓഫീസിൽ സംരംഭകർക്കും ക്രിയേറ്റർമാർക്കും നൈപുണ്യ വികസന പരിശീലനം നൽകുന്ന കമ്പനിയുടെ സെന്റർ ഫോർ ഫ്യുവലിങ് ഇൻഡ്യാസ് ന്യൂ ഇകോണമി (സി.എഫ്.ഐ.എൻ.) പരിപാടി സംഘടിപ്പിക്കുക. അടുത്ത മൂന്ന് വർഷം കൊണ്ട് ഒരു കോടി ചെറുകിട വ്യവസായങ്ങൾക്കും സംരംഭകർക്കും 250000 ക്രിയേറ്റർമാർക്കും പരിശീലനം നൽകാനാണ് കമ്പനിയുടെ ലക്ഷ്യം.
ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സാങ്കേതിക വിദ്യ രാജ്യത്ത് മാറ്റങ്ങൾ വരുത്തുന്നത് വ്യക്തമാണ്. രാജ്യത്ത് സാങ്കേതിക വിദ്യ എങ്ങനെ വിന്യസിക്കണം എന്നത് സംബന്ധിച്ച് 2014 പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തായ ലക്ഷ്യങ്ങൾ തീരുമാനിച്ചിരുന്നു. ഓരോ ഇന്ത്യക്കാരന്റേയും ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ അതിനാവണമെന്നും അവസരങ്ങളും രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയും വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും വലിയ സംഘത്തെ ഈ പുതിയ ഓഫീസിൽ വളർത്തിയെടുക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്‍ടറുമായ അജിത് മോഹൻ പറഞ്ഞു.
Content Highlights: Meta unveils new office in India to train entrepreneurs, creators