വിൻഡോസിലെ ഏറ്റവും അടിസ്ഥാന ആപ്ലിക്കേഷനുകളിലൊന്നാണ് നോട്ട് പാഡ്. എന്തെങ്കിലും അത്യാവശ്യ കുറിപ്പുകളോ ലേഖനങ്ങളോ ടൈപ്പ് ചെയ്‌യുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണിത്. എച്ച്.ടി.എം.എൽ. പോലെയുള്ള പല പ്രോഗ്രാമിങ്ങ് ഭാഷകളും ചിട്ടപ്പെടുത്താനും സേവ് ചെയ്‌യാനും നോട്ട് പാഡിനു കഴിയും.
1983ൽ ഇറങ്ങിയ വിൻഡോസ് 1.0 മുതൽ വിൻഡോസിന്റെ എല്ലാ പതിപ്പുകളിലുമുള്ള ഒരു ടെക്സ്റ്റ് എഡിറ്ററാണ് നോട്ട്പാഡ്. ഇക്കാലം കൊണ്ട് വിൻഡോസ് ഓഎസിന് പലവിധ മാറ്റങ്ങൾ വന്നുവെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാത്ത ആപ്ലിക്കേഷൻ കൂടിയാണിത്.
എന്നാൽ വിൻഡോസ് 11 ൽ നോട്ട്പാഡ് മാറുകയാണ്. പുതിയ രൂപകൽപനയിലുള്ള നോട്ട്പാഡ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഡെവ് ചാനലിലെ (Dev Channel) വിൻഡോസ് ഇൻസൈഡർമാർക്കാണ് ഇത് ലഭിക്കുക. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ആദ്യം ഉപയോഗിക്കുന്ന സാങ്കേതിക വിദ്യാ പ്രബുദ്ധരായ ആളുകളാണ് മൈക്രോസോഫ്റ്റ് ഡെവ് ചാനലിലുള്ളത്.
നിരവധി മാറ്റങ്ങളോടുകൂടിയാണ് നോട്ട്പാഡ് അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമായും വിൻഡോസ് 11 ഓഎസിന്റെ ഡിസൈനിനോട് ഇണങ്ങുന്ന വിധത്തിൽ ഇതിന്റെ യൂസർ ഇന്റർഫേയ്സ് പൂർണമായും അപ്ഡേറ്റ് ചെയ്തു. ആപ്പ് വിൻഡോയുടെ റൗണ്ടഡ് കോർണറുകൾ അതിലൊന്നാണ്.
ഇതിലെ പ്രധാനമായൊരു മാറ്റം ഡാർക്ക് മോഡ് ആണ്. ഏറെ കാലമായി ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതാണ് ഇതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. വെള്ള നിറത്തിലുള്ള പശ്ചാത്തലം കണ്ണുകൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. സ്മാർട്ഫോൺ, കംപ്യൂട്ടർ സോഫ്റ്റ് വെയറുകളും ആപ്പുകളുമെല്ലാം ഡാർക്ക് മോഡ് ഓപ്ഷൻ ലഭ്യമാക്കുന്നുണ്ട്. രാത്രിയിൽ ടൈപ്പ് ചെയ്‌യുമ്പോൾ ഈ സംവിധാനം ഏറെ ഉപകരിക്കും. ഫൈന്റ് ആന്റ് റീപ്ലേസ് പോപ്പ് അപ്പ് വിൻഡോയുടെ ഡിസൈൻ പൂർണമായും മാറ്റിയിട്ടുണ്ട്.
കംപ്യൂട്ടറിന്റെ തീമിനസരിച്ചുള്ള പശ്ചാത്തലം നോട്ട്പാഡ് തനിയെ സ്വീകരിക്കും. ഇതിൽ മാറ്റം വരുത്താം. പുതിയ സെറ്റിങ്സ് മെനുവിൽ ആപ്പിന്റെ രൂപഭംഗിയിൽ മാറ്റങ്ങൾ വരുത്താം. നോട്ട്പാഡിന്റെ വലത് ഭാഗത്തെ കോണിലായാണ് സെറ്റിങ്സ് നൽകിയിട്ടുള്ളത്. ഫോണ്ട് തിരഞ്ഞെടുക്കുന്നതും ഈ ഓപ്ഷനിൽ നിന്നാണ്.
നേരത്തെ നോട്ട് പാഡിന് മുകളിലുണ്ടായിരുന്ന ഫോർമാറ്റ്, ഹെൽപ് ഓപ്ഷനുകൾ ഒഴിവാക്കി. പകരം ഫയൽ, എഡിറ്റ്, വ്യൂ എന്നീ മൂന്ന് ഓപ്ഷനുകളാണുള്ളത്. നോട്ട് പാഡിന്റെ ലോഗോയും പരിഷ്കരിച്ചിട്ടുണ്ട്. പുതിയ കാലത്തിനനുസരിച്ചുള്ള മാറ്റം തന്നെയാണ് നോട്ട്പാഡിൽ ഉണ്ടായിരിക്കുന്നത് എന്ന് കാഴ്ചയിൽ തന്നെ വ്യക്തമാണ്.
സാധാരണ ഉപഭോക്താക്കൾക്ക് പുതിയ നോട്ട്പാഡ് എങ്ങനെയുണ്ടെന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിവരും.
Content Highlights: Notepad gets a new design in Windows 11, including a dark mode