ഫെയ്സ്ബുക്കിനെതിരെ പരാതിയുമായി റോഹിംഗ്യൻ മുസ്ലീങ്ങൾ. ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്നതിലും പ്ലാറ്റ്ഫോമിന്റെ രൂപകൽപനയും റോഹിംഗ്യൻ മുസ്ലീങ്ങൾ യഥാർത്ഥ ലോകത്ത് നേരിടുന്ന അതിക്രമങ്ങൾക്ക് കാരണമായെന്ന് നിയമ സ്ഥാപനങ്ങളായ എഡെൽസൺ പിസി, ഫീൽഡ്സ് പിഎൽഎൽസി എഎന്നിവർ നൽകിയ പരാതിയിൽപറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് അഭിഭാഷകരും ഫേസ്ബുക്കിന്റെ ലണ്ടൻ ഓഫീസിന് നോട്ടീസ് നൽകിയിട്ടുണ്ട്.
മ്യാൻമറിലെ വ്യാജവാർത്താ പ്രചരണവും വിദ്വേഷ പ്രചാരണവും തടയുന്നതിനുള്ള തങ്ങളുടെ നടപടികൾക്ക് ഒട്ടും വേഗമില്ലായിരുന്നുവെന്ന് ഫെയ്സ്ബുക്ക് പറഞ്ഞു. ഫെബ്രുവരിയിൽ സൈന്യം അധികാരം പിടിച്ചെടുത്തത്തിന് ശേഷം രാജ്യത്ത് പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്‌യപ്പെടുന്നത് തടയാൻ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നിന്ന് സൈന്യത്തെ നിരോധിക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കമ്പനി പറഞ്ഞു.
അമേരിക്കൻ ഇന്റർനെറ്റ് നിയമം സെക്ഷൻ 230 അനുസരിച്ച് പങ്കുവെക്കപ്പെടുന്ന ഉള്ളടക്കങ്ങൾക്ക് തങ്ങൾ ഉത്തരവാദിത്വമില്ലെന്ന് ഫെയ്സ്ബുക്ക് പറയുന്നു. എന്നാൽ, സെക്ഷൻ 230 ഉയർത്തി പ്രതിരോധിക്കുന്നത് തടയാൻ മ്യാൻമാറിലെ നിയമം കേസിൽ പരിഗണിക്കണമെന്ന് നിയമ സ്ഥാപനങ്ങൾ പരാതിയിൽ പറയുന്നുണ്ട്.
അമേരിക്കൻ കമ്പനികളുടെ പ്രവർത്തനങ്ങൾ വിദേശ രാജ്യങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കിയാൽ അമേരിക്കൻ കോടതികളിൽ വിദേശ നിയമങ്ങൾ പരിഗണിക്കാറുണ്ട്. എന്തായാലും ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. രാജ്യത്തുടനീളം നേരിട്ട അതിക്രമങ്ങൾ മൂലം ഏഴ് ലക്ഷത്തിലേറെ റോഹിംഗ്യൻ മുസ്ലീങ്ങളാണ് മ്യാൻമറിൽനിന്ന് നാടുവിട്ടത്. നിരവധി പേർ കൊല്ലപ്പെടുകയുണ്ടായി.
2018-ലെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ അന്വേഷണങ്ങളിൽ മ്യാൻമാറിലെ അതിക്രമങ്ങൾക്ക് ഇന്ധനമായ വിദ്വേഷ പ്രചരണങ്ങൾക്ക് ഫെയ്സ്ബുക്ക് പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. റോഹിംഗ്യകൾക്കും മറ്റ് മുസ്ലീങ്ങൾക്കും എതിരെയുള്ള 1000 പോസ്റ്റുകളും കമന്റുകളും പരാതിയിൽ ചേർത്തിട്ടുണ്ട്. മ്യാൻമർ സൈന്യം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട റോയിട്ടേഴ്സ് ഉൾപ്പടെയുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Rohingya refugees sue Facebook for $150 billion over Myanmar violence