പുതിയ സ്നാപ്ഡ്രാഗൺ സ്മാർട്ഫോൺ പ്രൊസസർ ചിപ്പ് പ്രഖ്യാപിച്ച് ക്വാൽകോം. സ്നാപ്ഡ്രാഗൺ 8ജെൻ 1 എന്ന പേരിലാണ് പുതിയ ചിപ്പ് പുറത്തിറങ്ങുക. വിലകൂടിയ ഫ്ളാഗ്ഷിപ്പ് ആൻഡ്രോയിഡ് സ്മാർട്ഫോണുകളിലാണ് ഈ ചിപ്പ് ശക്തിപകരുക. മെച്ചപ്പെട്ട ഗ്രാഫിക്സ്, മികച്ച ഗെയിമിങ് പ്രകടനം, വേഗമേറിയ 5ജി നെറ്റ് വർക്ക്, മെച്ചപ്പെട്ട ക്യാമറ എന്നിവയെല്ലാം പുതിയ ചിപ്പിന്റെ സവിശേഷതകളാവും.
ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുന്ന ഫോണുകളിൽ പുതിയ ചിപ്പ് ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. ഷാവോമി, ഓപ്പോ, വൺപ്ലസ്, മോട്ടോറോള തുടങ്ങിയ കമ്പനികൾ വരാനിരിക്കുന്ന ഫോണുകളിൽ സ്നാപ്ഡ്രാഗൺ 8ജെൻ 1 ചിപ്പ് ഉപയോഗിച്ചേക്കും.
സ്മാർട്ഫോൺ രംഗത്തെ മുന്നോട്ട് നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കമ്പനിയാണ് ക്വാൽകോം. ഐഫോണിനോട് കിടപിടിക്കുന്ന മുൻനിര ബ്രാൻഡുകളിൽ പലരും ക്വാൽകോമിന്റെ ചിപ്പുകളാണ് ഉപയോഗിക്കുന്നത്.
4nm ൽ നിർമിതമായ സ്നാപ്ഡ്രാഗൺ 8ജെൻ 1 ചിപ്പിൽ നാലാം തലമുഖ സ്നാപ്ഡ്രാഗൺ എക്സ്65 5ജി മോഡമാണുള്ളത്. ഇതുവഴി 10 ഗിഗാബിറ്റ് ഡൗൺലോഡ് വേഗം കൈവരിക്കാൻ സഹായിക്കും. വൈഫൈ 6, 6ഇ യിൽ 3.6 ജിബിപിഎസ് വരെ വേഗതയും ഇത് നൽകും.
ഫോണിന്റെ പ്രവർത്തനമികവിൽ വലിയ മാറ്റമുണ്ടാക്കുകയും നിർമിതബുദ്ധി ജോലികൾ മികച്ചതാക്കുകയും ചെയ്‌യുന്നതിനായുള്ള കമ്പനിയുടെ ഏഴാം തലമുറ എഐ എൻജിൻ ഉൾപ്പടെ നിരവധി പരിഷ്കാരങ്ങളും പുതിയ പ്രൊസസർ ചിപ്പിൽ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗ്രാഫിക്സ് റെൻഡറിങ് വേഗതയിൽ 30 ശതമാനം വർധനവും ഊർജസംരക്ഷണത്തിൽ 25 ശതമാനം മികവും നൽകുന്ന ഏറ്റവും പുതിയ അഡ്രിനൊ ജിപിയു ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ക്യാമറയിലാണ് പ്രധാനമാറ്റമുണ്ടാവുക. 18 ബിറ്റ് ഇമേജ് സിഗ്നൽ പ്രൊസസർ (ഐഎസ്പി) ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതുവഴി 4000 ഇരട്ടി അധിക ക്യാമറ ഡാറ്റ പകർത്താൻ സാധിക്കും. ഇതുവഴി ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച ഡൈനാമിക് റേഞ്ചും, നിറവും, ഷാർപ്പ്നെസും കിട്ടും. 8കെ എച്ചിഡിആർ വീഡിയോകൾ പകർത്താൻ ഇതിൽ സാധിക്കും.
ഏറ്റവും പുതിയ ഐഫോണുകളെ പോലെ വീഡിയോകളിൽ ഡെപ്ത് ഓഫ് ഫീൽഡ് ഇഫക്‍ട് നൽകുന്ന പ്രത്യേക പോർട്രെയ്റ്റ് മോഡും ഈ ചിപ്പിലൂടെ ആൻഡ്രോയിഡ് ഫോണുകളിലെത്തും.
പുതിയ ഐഫോൺ മോഡലുകളോട് വിപണിയിൽ മത്സരിക്കാനാവും വിധം ആൻഡ്രോയിഡ് ഫോണുകൾ അവതരിപ്പിക്കാൻ പുതിയ പ്രൊസസർ ചിപ്പ് സ്മാർട്ഫോൺ നിർമാണ കമ്പനികളെ സഹായിക്കും.
Content Highlights: Qualcomm Snapdragon 8 Gen 1, Android Phones, Smartphone Chip