വ്യക്തികളുടെ സ്വകാര്യതയ്‍ക്ക് ഊന്നൽ നൽകിക്കൊണ്ട് സ്വകാര്യതാ നയം പരിഷ്കരിച്ച് ട്വിറ്റർ. പുതിയ നയം ഡിസംബർ ഒന്ന് മുതൽ നിലവിൽ വരും. അതിന്റെ ഭാഗമായി മറ്റ് സ്വകാര്യ വ്യക്തികളുടെ ചിത്രങ്ങൾ, വീഡിയോകൾ, ഉൾപ്പെടെയുള്ള മീഡിയാ ഫയലുകൾ പങ്കുവെക്കാൻ ട്വിറ്റർ അനുവദിക്കില്ല.
വ്യക്തികളുടെ മേൽവിലാസം, തിരിച്ചറിയൽ രേഖകൾ, ഫോൺ നമ്പറുകൾ പോലുള്ളവ പങ്കുവെക്കുന്നതിന് നേരത്തെ തന്നെ ട്വിറ്റർ വിലക്കേർപ്പെടുത്തിയിരുന്നു.
പുതിയ നിയമം വരുന്നതോടെ വ്യക്തി അധിക്ഷേപ ട്വീറ്റുകൾ ഉൾപ്പടെയുള്ളവ പ്ലാറ്റ് ഫോമിൽ നിന്ന് ഇല്ലായമ ചെയ്‌യപ്പെടും. ട്വിറ്റർ സ്ഥാപകനായ ജാക്ക് ഡോർസിയ്‍ക്ക് പകരം പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ ചുമതലയേറ്റതിന് പിന്നാലെയാണ് ഈ നീക്കമെന്നും ശ്രദ്ധേയം.
അപമാനകരമായ പെരുമാറ്റങ്ങൾക്കെതിരെ ഞങ്ങളുടെ നിലവിലുള്ള നയങ്ങളും ട്വിറ്റർ നിയമങ്ങളും നിലകൊള്ളുന്നുണ്ടെങ്കിലും അനുമതിയില്ലാതെ അധിക്ഷേപകരവും അപമാനകരവുമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിനെ തടയാൻ ഇത് സഹായിക്കുമെന്നാണ് ട്വിറ്റർ പറയുന്നത്.
മനുഷ്യാവകാശ മാനദണ്ഡങ്ങൾക്കനുയോജ്യമായി സുരക്ഷാ നയങ്ങളെ വിന്യസിക്കാനുള്ള ഞങ്ങളുടെ തുടർച്ചയായ പ്രവർത്തനത്തിന്റെ ഭാഗമാണിതെന്നും ആഗോളതലത്തിൽ ഇത് നടപ്പാക്കുമെന്നും ട്വിറ്റർ പറഞ്ഞു.
നയലംഘനങ്ങൾ എന്തെല്ലാം?
- വീടിന്റെ വിലാസം, സ്ഥലം, ജിപിഎസ് ഉൾപ്പടെ ഒരു സ്വകാര്യ വ്യക്തി താമസിക്കുന്നയിടവുമായി ബന്ധപ്പെട്ട വിവരം പങ്കുവെക്കുന്നത്.
- സർക്കാർ നൽകുന്ന തിരിച്ചറിയൽ രേഖകൾ ഉൾപ്പടെയുള്ള തിരിച്ചറിയൽ രേഖകൾ പങ്കുവെക്കുന്നത്.
- വ്യക്തികളുടെ സ്വകാര്യ ഫോൺ നമ്പറുളും ഇമെയിൽ വിലാസവും പങ്കുവെക്കുന്നത്.
- സ്വകാര്യ വ്യക്തികളെ കാണിക്കുന്ന വീഡിയോകൾ, ചിത്രങ്ങൾ എന്നിവ അനുവാദമില്ലാതെ പങ്കുവെക്കുന്നത്.
പുതിയ നയങ്ങളുടെ ലംഘനം ശ്രദ്ധയിൽ പെട്ടാൽ ഭരണകൂടമോ, ഉപഭോക്താക്കളോ പരാതിനൽകുന്ന ഉടൻ അവ പരിശോധിച്ച് നീക്കം ചെയ്‌യപ്പെടും.
Beginning today, we will not allow the sharing of private media, such as images or videos of private individuals without their consent. Publishing peoples private info is also prohibited under the policy, as is threatening or incentivizing others to do so.
&mdash Twitter Safety (@TwitterSafety)
എന്നാൽ ഒരു ഉള്ളടക്കം തന്നെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതുമാണെന്ന് ഒരു പൊതു വ്യക്തിത്വം (രാഷ്ട്രീയക്കാർ, സിനിമാതാരങ്ങൾ, സെലിബ്രിട്ടികൾ) പരാതിപ്പെട്ടാൽ ദുരുദ്ദേശപരമായ പെരമാറ്റ (അബ്യൂസീവ് ബിഹേവിയർ) നയത്തെ അധാരമാക്കിയാണ് നടപടി സ്വീകരിക്കുക.
മറ്റ് പരമ്പരാഗത മാധ്യമങ്ങളിലും, പരസ്യങ്ങളിലുമെല്ലാമുള്ള സ്വകാര്യ വിവരങ്ങൾ പൊതുജനത്തിന് ഗുണമുള്ള ഉള്ളടക്കം എന്ന നിലയിൽ ട്വിറ്ററിൽ നീക്കം ചെയ്‌യപ്പെടാതെ തുടരും.
Content Highlights: Twitter, New Privacy policy update, Private information, Media sharing policy