ഇലക്‍ട്രിക് കാർ നിർമാണരംഗത്തേക്ക് കടക്കുകയാണ് ചൈനീസ് ഇലക്‍ട്രോണിക് ഉപകരണ നിർമാതാക്കളായ ഷാവോമി. ഇതിനായി ബെയ്ജിങിൽ തുടങ്ങാനിരിക്കുന്ന ഷാവോമിയുടെ കാർ നിർമാണ പ്ലാന്റിൽ വർഷം തോറും മൂന്ന് ലക്ഷം വാഹനങ്ങൾ നിർമിക്കാനുള്ള ശേഷിയുണ്ടാവും.
രണ്ട് ഘട്ടങ്ങളായാണ് ബെയ്ജിങിലെ കാർ നിർമാണ പ്ലാന്റ് നിർമിക്കുക. കമ്പനിയുടെ ഓട്ടോ യൂണിറ്റിന് വേണ്ടി ബെയ്ജിങ് എകോണമിക്ക് ആന്റ് ടെക്നോളജിക്കൽ ഡെവലപ്പ്മെന്റ് സോണിൽ പ്രത്യേകം ആസ്ഥാന കാര്യാലയവും വിൽപന, ഗവേഷണ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ഓഫീസുകളും നിർമിക്കും. സർക്കാർ പിന്തുണയിൽ പ്രവർത്തിക്കുന്ന സാമ്പത്തിക വികസന ഏജൻസിയായ ബെയ്ജിങ് ഇ-ടൗൺ ആണ് ഒരു ഔദ്യോഗിക വിചാറ്റ് അക്കൗണ്ടിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇലക്‍ട്രിക് വെഹിക്കിൾ വിപണിലേക്ക് കടക്കുകയാണെന്ന് ഈ വർഷം ആദ്യം ഷാവോമി പ്രഖ്യാപിച്ചിരുന്നു. 2024 ൽ തന്നെ ഷാവോമിയുടെ കാർനിർമാണ പ്ലാന്റ് കാർനിർമാണം ആരംഭിക്കുമെന്നും ബെയ്ജിങ് ഇ-ടൗൺ സ്ഥിരീകരിച്ചു.
ഓഗസ്റ്റിലാണ് ഷാവോമി പുതിയ ഇലക്‍ട്രിക് വാഹന കമ്പനി രജിസ്റ്റർ ചെയ്തത്. 11000 കോടി ഡോളർ മൂലധനത്തിലാണ് കമ്പനി തുടങ്ങിയിരിക്കുന്നത്. ലെയ് ജുൻ ആണ് കമ്പനിയുടെ മേധാവി. ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായി നിലവിൽ കമ്പനിയ്‍ക്ക് 10000 ജീവനക്കാരുണ്ടെന്നും 5000 പേരെ കൂടി നിയമിക്കുമെന്നും ജുൻ പറഞ്ഞു.
അടുത്ത പത്ത് വർഷക്കാലത്തേക്ക് ഇലക്‍ട്രിക് വാഹന യൂണിറ്റിന് വേണ്ടി ഏകദേശം 73000 കോടിയോളം രൂപ ചെലവഴിക്കാൻ തയ്‌യാറാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.
ഈ പദ്ധതിയ്‍ക്ക് വേണ്ടി 562 കോടി രൂപയ്‍ക്ക് ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതിക വിദ്യാ സ്റ്റാർട്ട് അപ്പ് ആയ ഡീപ്പ് മോഷനെ ഷാവോമി ഏറ്റെടുത്തിരുന്നു.
ഷാവോമിയെ പോലെ ആപ്പിളും ഇലക്‍ട്രിക് വാഹനം പുറത്തിറക്കാനുള്ള പദ്ധതിയ്‍ക്ക് പുറകെയാണ്. ഓപ്പോയും ഈ രംഗത്ത് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.