NSWൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ മൂന്നാമതൊരാൾക്ക് കൂടി കൊറോണവൈറസ് ഒമിക്രോൺ വകഭേദം കണ്ടെത്തി. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ വിവിധ സംസ്ഥാനങ്ങളും ടെറിറ്ററികളും യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ദക്ഷിണാഫ്രിക്കയിൽ നിന്ന് ന്യൂ സൗത്ത് വെയിൽസിൽ എത്തിയ രണ്ട് പേർക്ക് ഞായറാഴ്ച പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരുന്നു.
ഇതിന് ശേഷം ഇന്ന് (തിങ്കളാഴ്ച) വീണ്ടും ഒരു കേസ് കൂടി കണ്ടെത്തിയതായി NSW ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാരില്‍ നടത്തിയ അടിയന്തര ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.
ഒമിക്രോൺ വകഭേദം ആശങ്ക പടർത്തിയ ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള 141 പേരാണ് ന്യൂ സൗത്ത് വെയിൽസിൽ എത്തിയിട്ടുള്ളത്. 14 ദിവസത്തെ ക്വാറന്റൈനിനായി ഇവരെ ഹോട്ടലിൽ പ്രവേശിപ്പിച്ചു.
ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവർ 14 ദിവസം ഹോട്ടൽ ക്വാറന്റൈൻ ചെയ്യണം എന്നാണ് ഫെഡറൽ സർക്കാർ നിർദ്ദേശം.
വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും അല്ലാത്തവർക്കും ഈ നിയന്ത്രണം ബാധകമാണ്.
പുതിയ വകഭേദം കൂടുതല്‍ ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍, വിവിധ സംസ്ഥാനങ്ങൾ രാജ്യാന്തര യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ന്യൂ സൗത്ത് വെയിൽസ്
വിദേശത്ത് നിന്ന് ന്യൂ സൗത്ത് വെയിൽസിലേക്ക് എത്തുന്ന എല്ലാവരും കൊവിഡ് പരിശോധനക്ക് വിധേയരാവുകയും, 72 മണിക്കൂർ വീടുകളിൽ സ്വയം ഐസൊലേറ്റ് ചെയ്യുകയും വേണം.
സംസ്ഥാനത്തേക്ക് എത്തുന്ന എല്ലാ വിമാന ജീവനക്കാരും വീടുകളിൽ 14 ദിവസമോ ഓസ്‌ട്രേലിയയിൽ നിന്ന് അടുത്ത വിമാനത്തിൽ കയറുന്നത് വരെയോ ഐസൊലേറ്റ് ചെയ്യണം.
വിക്ടോറിയ
ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവർക്ക്, ഫെഡറൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്ക് പുറമെ, മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർകും വിക്ടോറിയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വിദേശ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നവരും പരിശോധനക്ക് വിധേയരാവുകയും സ്വയം ഐസൊലേറ്റ് ചെയ്യുകയും വേണം. 72 മണിക്കൂറാണ് ഐസൊലേറ്റ് ചെയ്യേണ്ടത്. വീടുകളിലോ മറ്റ് താമസസൗകര്യങ്ങളിലോ ഐസൊലേറ്റ് ചെയ്യാം.
വിക്ടോറിയയിലേക്ക് എത്തുന്നതിന് മുൻപ് രാജ്യാന്തര യാത്രക്കുള്ള പെർമിറ്റ് എടുക്കണം. കൂടാതെ, യാത്ര ചെയ്യുന്നതിന് 24 മണിക്കൂറിനിടയിൽ PCR പരിശോധനയും നടത്തണം. മാത്രമല്ല, വിക്ടോറിയയിൽ എത്തി അഞ്ചാം ദിവസവും, ഏഴാം ദിവസവും പരിശോധനക്ക് വിധേയരാവുകയും വേണം.
ഒമിക്രോൺ ആശങ്ക പടർത്തിയിരിക്കുന്ന ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള വിമാന ജീവനക്കരും, വീടുകളിൽ 14 ദിവസമോ, ഓസ്‌ട്രേലിയയിൽ നിന്ന് അടുത്ത വിമാനത്തിൽ കയറുന്നത് വരെയോ ഐസൊലേറ്റ് ചെയ്യണം.
സൗത്ത് ഓസ്ട്രേലിയ
സൗത്ത് ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി തുറന്നിട്ടില്ല. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ എത്തിയ ശേഷം സൗത്ത് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്ന വിദേശ യാത്രക്കാർ, 14 ദിവസം ക്വാറന്റൈൻ ചെയ്യണം.
മാത്രമല്ല, മറ്റ് ഹൈ റിസ്ക് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരും 14 ദിവസം ക്വാറന്റൈൻ ചെയ്യണം. എന്നാൽ ഇവർ ഹോട്ടലിലാണോ വീട്ടിലാണോ ക്വാറന്റൈൻ ചെയ്യേണ്ടത് എന്നതിൽ വ്യക്തത വന്നിട്ടില്ല.
ലോ റിസ്ക് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ യാത്ര ചെയ്യുന്നതിന് 72 മണിക്കൂറുകൾക്കുള്ളിൽ കൊവിഡ് നെഗറ്റീവ് ഫലം കാണിക്കണം.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി
ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഒഴികെ, മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന വാക്‌സിനേഷൻ പൂർത്തിയാക്കിയവർ മൂന്ന് ദിവസം ടെറിട്ടറിയിൽ ക്വാറന്റൈൻ ചെയ്യണം.
എന്നാൽ, കഴിഞ്ഞ 14 ദിവസം ദക്ഷിണാഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചവർ, പി സി ആർ പരിശോധന നടത്തുകയും 14 ദിവസം ക്വാറന്റൈൻ ചെയ്യുകയും വേണം.
ഇവർക്ക് വീടുകളിലോ മറ്റ് താമസ സൗകര്യങ്ങളിലോ ക്വാറന്റൈൻ ചെയ്യാം. എന്നാൽ ഇവർ ഒരു ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകുകയും, ഇവർക്കൊപ്പം വീടുകളിൽ കഴിയുന്നവരും ക്വാറന്റൈൻ ചെയ്യുകയും വേണം.
വെസ്റ്റേൺ ഓസ്ട്രേലിയ
വെസ്റ്റേൺ ഓസ്ട്രേലിയ ഫെബ്രുവരിയിൽ മാത്രമേ അതിർത്തി നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുകയുള്ളുവെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ മാർഗ്ഗരേഖയിൽ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടില്ലെന്ന് പ്രീമിയർ മാർക്ക് മക് ഗവൻ അറിയിച്ചു.
മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളുമായി സൗത്ത് ഓസ്ട്രേലിയ അതിർത്തി തുറന്നതോടെ, സൗത്ത് ഓസ്‌ട്രേലിയയുമായും അതിർത്തി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് വെസ്റ്റേൺ ഓസ്ട്രേലിയ.
സൗത്ത് ഓസ്‌ട്രേലിയയിൽ നിന്ന് എത്തുന്നവർ 14 ദിവസം സ്വയം ഐസൊലേറ്റ് ചെയ്യണമെന്നാണ് സർക്കാർ നിർദ്ദേശം.
ക്വീൻസ്ലാൻറ്
ഒമിക്രോൺ വകഭേദം ആശങ്ക പടർത്തുന്നുണ്ടെങ്കിലും, ജനങ്ങൾ ശാന്തത കൈവിടരുതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
സംസ്ഥാനത്തേക്ക് എത്തുന്ന രാജ്യാന്തര യാത്രക്കാർ ഹോട്ടൽ ക്വാറന്റൈൻ ചെയ്യണം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ വീടുവകളിൽ ക്വാറന്റൈൻ ചെയ്യതാൽ മതി.
നോർത്തേൺ ടെറിട്ടറി
ദക്ഷിണാഫ്രിക്കയിൽ നിന്ന് ഡാർവിനിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിയ ഒരാൾക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. നവംബർ 25നു എത്തിയ ഇയാൾ ക്വാറന്റൈനിലാണ്.
ഇത് ആശങ്കയ്ക്ക് വക നൽകുന്നില്ലെന്ന് ഡെപ്യൂട്ടി ചീഫ് ഹെൽത്ത് ഓഫീസർ ചാൾസ് പൈൻ പറഞ്ഞു.
ഓസ്ട്രേലിയ ഡിസംബർ ഒന്നിന് രാജ്യാന്തര അതിർത്തി തുറക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇതും അനിശ്ചിതാവസ്ഥയിലാരിക്കുകയാണ് ഇപ്പോൾ. അതിർത്തി തുറക്കുന്ന കാര്യം പുനഃപരിശോധിക്കാൻ ഇന്ന് അടിയന്തരമായി ദേശീയ ക്യാബിനറ്റ് യോഗം ചേരുന്നുണ്ട്.
കടപ്പാട്: SBS മലയാളം
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ — Follow this link to join Oz Malayalam WhatsApp group: https://chat.whatsapp.com/