ഇന്ത്യൻ ടെലികോം രംഗം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്കിന്റെ വരവാണ്. ഉപഗ്രഹങ്ങളിൽനിന്ന് നേരിട്ട് ഡിഷ് ആന്റിന വഴി ഇന്റർനെറ്റ് എത്തിക്കുന്നതോടെ ഏത് ഗ്രാമങ്ങളിൽ പോലും അതിവേഗ ഇന്റർനെറ്റ് എന്നാണ് കമ്പനിയുടെ വാഗ്ദാനം. അടുത്ത വർഷം ഡിസംബറിൽ സേവനം ലഭ്യമാക്കി തുടങ്ങുമെന്നാണ് കമ്പനി പറയുന്നത്. ഈ ഉറപ്പിൽ ഇതിനോടകം ബുക്കിങ്ങും തുടങ്ങിക്കഴിഞ്ഞു. എന്നാൽ ഇന്ത്യയിൽ ഈ സേവനം നൽകാനുള്ള ലൈസൻസ് ഇതുവരെ സ്റ്റാർലിങ്ക് നേടിയിട്ടില്ല. ലൈസൻസും ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നതിനുള്ള അനുമതിയും നേടാതെ പണം വാങ്ങിയുള്ള മുൻകൂർ ബുക്കിങ്ങും പാടില്ലെന്ന് ടെലികോം വകുപ്പ് സ്റ്റാർലിങ്കിന് നിർദേശം നൽകിക്കഴിഞ്ഞു.
അടിയന്തരമായി വെബ്സൈറ്റിലൂടെയുള്ള ബുക്കിങ്ങും നിർത്തിവെക്കാൻ ടെലികോം വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കൂടാതെ ഉപയോക്താക്കളോട് പരസ്യങ്ങൾ മാത്രം കണ്ട് സ്റ്റാർലിങ്ക് സേവനങ്ങൾക്കായി ബുക്ക് ചെയ്‌യരുതെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. . മുൻഗണന അടിസ്ഥാനത്തിൽ സേവനം നൽകുന്നതിനാണ് ഈ ഫീസ് കമ്പനി സ്വീകരിച്ചുവന്നത്. പിന്നീട് മാസനിരക്കിൽ ഇത് വരവുവെക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.
സാറ്റലൈറ്റ് അധിഷ്ഠിത സേവനങ്ങൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ നിന്ന് ആവശ്യമായ ലൈസൻസ് ആവശ്യമാണെന്ന് ടെലികോം വകുപ്പ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഇന്ത്യയുടെ ഉൾനാടൻ പ്രദേശങ്ങളിൽ ഇന്റർനെറ്റ് കണക്‍ടിവിറ്റി കുറവാണ്. അതിന് ഒരു പരിധിവരെ പരിഹാരമാകും സ്റ്റാർലിങ്ക് എന്നാണ് കരുതുന്നത്. ഉപഗ്രഹങ്ങളിൽനിന്ന് നേരിട്ട് ഡിഷ് ആന്റിന വഴി ഇന്റർനെറ്റ് എത്തിക്കുകയാണ് സ്റ്റാർലിങ്ക് ചെയ്‌യുക. സാധാരണ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ലാത്ത ഇടങ്ങളിൽ പോലും അതിവേഗ കണക്റ്റിവിറ്റി എത്തിക്കാൻ ഇതുവഴി സാധിക്കും. അടുത്തിടെയാണ് സ്റ്റാർലിങ്ക് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. ഗ്രാമ പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കങ്ങൾ. എന്നാൽത്തന്നെ ഒരു സാധാരണ ഇന്റർനെറ്റ് കണക്ഷൻ എടുക്കുന്നതിനുള്ള ചിലവല്ല സ്റ്റാർലിങ്കിന് ഉള്ളത്. ഇതിനകം തന്നെ ഇന്ത്യയിൽ നിന്ന് നിരവധി ഓർഡറുകൾ സ്റ്റാർലിങ്കിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സ്റ്റാർലിങ്കിന്റെ ഇന്ത്യൻ ഡയറക്‍ടറായ സഞ്ജയ് ഭാർഗവ രാജ്യത്ത് ഉപഗ്രഹ സേവനങ്ങൾ ആരംഭിക്കാനുള്ള കമ്പനിയുടെ പദ്ധതികൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്പേസ് എക്സിന് ഇപ്പോൾ ഇന്ത്യയിൽ 100 ശതമാനം ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ കമ്പനി ഉണ്ടെന്നും അതിന് ലൈസൻസുകൾക്കായി അപേക്ഷിക്കാനും ഇന്ത്യയിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും കഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ഇതിനകം 5,000 പ്രീ-ഓർഡറുകൾ കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ഇന്ത്യയിൽ പ്രവർത്തനങ്ങൾ നടത്താൻ കമ്പനി ഗവൺമെന്റിൽ നിന്ന് ലൈസൻസ് വാങ്ങാത്തതിനാൽ അതുമായി മുന്നോട്ട് പോകാൻ കമ്പനിക്ക് തത്‌കാലം കഴിയില്ല
Content Highlights : India Telecom Department warns Starlink to get licence before offering satellite-based services