ആപ്പിളിന്റെ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റ് അടുത്തവർഷം അവസാനത്തോടെ പുറത്തിറക്കിയേക്കുമെന്ന് ആപ്പിൾ അനലിസ്റ്റായ മിങ്-ചി കുവോയുടെ പ്രവചനം. മാക്ക് റൂമേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അത്യാധുനിക സൗകര്യങ്ങൾക്ക് പിന്തുണ നൽകുന്ന പ്രൊസസറുകളായിരിക്കും ഇതിലെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം മാക്ക് കംപ്യൂട്ടറുകൾക്ക് വേണ്ടി അവതരിപ്പിച്ച എം വൺ ചിപ്പ് സെറ്റിന് തുല്യമായ ഉന്നത പ്രവർത്തനമികവുള്ള ഹൈ എൻഡ് പ്രൊസസറായിരിക്കും ഹെഡ്സെറ്റിൽ. ഹെഡ്സെറ്റിന്റെ സെൻസറും ബന്ധപ്പെട്ട ഭാഗങ്ങളും പ്രവർത്തിപ്പിക്കുന്നതിന് മറ്റൊരു ലോവർ എൻഡ് പ്രൊസസറും ഇതിലുണ്ടാവും.
മാക്കുമായോ ഐഫോണുമായോ ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കേണ്ടി വരില്ലെന്നും വിവിധ ഉപയോഗങ്ങൾക്കായി ഇത് ഉപയോഗപ്പെടുത്താനാവുമെന്നും മിങ് ചി കുവോ പറഞ്ഞു.
2022 നാലാം പാദത്തിൽ ഈ ഹെഡ്സെറ്റ് അവതരിപ്പിക്കപ്പെടുമെന്നാണ് കുവോ പറയുന്നത്.
സോണിയുടെ 4കെ മൈക്രോ ഒഎൽഇഡി ഡിസ്പ്ലേകളായിരിക്കും ഇതിന്. ഈ ഡിസ്പ്ലേ പ്രവർത്തിപ്പിക്കാൻ എം വൺ പോലുള്ള ചിപ്പിന്റെ കംപ്യൂട്ടിങ് ശക്തി വേണം. ഈ ഡിസ്പ്ലേകളുടെ പിൻബലത്തിൽ വിർച്വൽ റിയാലിറ്റി അനുഭവവും ഹെഡ്സെറ്റിൽ സാധ്യമാവും.
Content Highlights: Apple AR headset to launch in late 2022 says analyst kuo