കീഴടങ്ങുന്ന എല്ലാ മാവോയിസ്റ്റുകൾക്കും വീടും തൊഴിലും ധനസഹായവും സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരള-കർണ്ണാടക-തമിഴ്നാട് അതിർത്തിയിലാണ് മാവോയിസ്റ്റുകൾ പ്രധാനമായും തമ്പടിച്ചിരിക്കുന്നത്. കൂടാതെ കേസുകളിൽ മൃദു സമീപനം കാട്ടുമെന്നും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2018 ൽ മാവോയിസ്റ്റുകൾക്കായി സർക്കാർ പ്രഖ്യാപിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണ് ലിജേഷിന് സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.
സിപിഐ മാവോയിസ്റ്റ് കബനി ദളത്തിലെ ഡെപ്യൂട്ടി കമാൻഡന്റ് ആയിരുന്നു ലിജേഷ്. കേരള സർക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് അനുസരിച്ചുള്ള ആദ്യ കീഴടങ്ങളായിരുന്നു ലിജേഷിന്റേത്. മാവോയിസ്റ്റ് ആശയങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന് ലിജേഷ് പറഞ്ഞു. രാമു രമണ എന്നാണ് ലിജേഷിന്റെ വിളിപ്പേര്. വയനാട് പോലീസ് മേധാവിക്കു മുന്നിലാണ് ലിജേഷ് കീഴടങ്ങിയത്. വയനാട് പുൽപ്പള്ളി അമരക്കുനി സ്വദേശിയാണ് 38 കാരനായ ലിജേഷ്.
കബനി ദളത്തിലെ ഡെപ്യൂട്ടി കമാൻഡന്റ് ആയിരുന്ന ലിജേഷ് കേരളം, കർണ്ണാടകം, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ കവിത നിലവിൽ മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. ഇയാൾ ഏതൊക്കെ ഓപ്പറേഷനുകളിൽ പങ്കെടുത്തിട്ടുണ്ട് എന്നു വ്യക്തമല്ല. മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിക്കുന്ന യുവാക്കൾ ജീവിതത്തിലേക്ക് തിരികെ വരണമെന്ന് ലിജേഷ് പറഞ്ഞു.
മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിക്കുന്നവരെ തീവ്രവാദത്തിൽ നിന്നും മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചത്. അറസ്റ്റ് വരിക്കുന്ന മാവോയിസ്റ്റുകൾക്ക് അഞ്ച് ലക്ഷം രൂപ വരെ ധനസഹായവും തൊഴിലും നൽകും. കീഴടങ്ങുന്നവർ അഞ്ച് വർഷക്കാലം പോലീസ് നിരീക്ഷണത്തിലായിരിക്കും.
സായുധ സമരത്തിൽ നിന്നും മാവോയിസ്റ്റുകൾ പിന്മാറണമെന്ന് സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച അറിയിപ്പ് വയനാട് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാർ നൽകി. കീഴടങ്ങാൻ ആഗ്രഹിക്കുന്നവർ ജില്ലാ പോലീസ് മേധാവിയെയോ പ്രദേശത്തെ സർക്കാർ ഓഫീസുകളെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ ബന്ധപ്പെടണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. കീഴടങ്ങുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ ആനുകൂല്യവും ലഭിക്കും.