വൻകിട സ്മാർട്ഫോൺ നിർമ്മാണ കമ്പനിയായ സാംസങ് അവരുടെ പ്രശസ്ത സ്മാർട്ഫോൺ ശ്രേണിയായ നോട്ട് സീരീസ് നിർത്തലാക്കുന്നതായി റിപ്പോർട്ടുകൾ. സാംസങ് ഗാലക്സി നോട്ട് 20-യും ഗാലക്സി നോട്ട് 20 അൾട്രയുമാണ് നോട്ട് സീരിസിൽ ഇറങ്ങിയ അവസാന മോഡലുകൾ. സാംസങ് എക്സിനോസ് 900 ചിപ്സെറ്റിന്റെ കരുത്തോടെയാണ് നോട്ട് 20 അൾട്ര വിപണിയിൽ എത്തിയത്. 6.90-ഇഞ്ച് (1440×3200) വലിപ്പമുള്ള ഡിസ്പ്ലേ, മികവുറ്റ 108MP + 12MP + 12MP വരുന്ന ട്രിപ്പിൾ പിൻ ക്യാമറ സജ്ജീകരണം, 4500mAh ബാറ്ററി കൂടാതെ മൾട്ടി ടാസ്കിങ് അനായാസമാക്കാൻ സഹായിക്കുന്ന സ്റ്റൈലസ് പെൻ-ഉം ഫോണിനെ മികച്ചതാക്കുന്നു. സവിശേഷതകൾ പോലെ തന്നെ വിലയിലും വമ്പൻ തന്നെയായിരുന്നു നോട്ട് 20 അൾട്ര. ഏകദേശം Rs 1,05,000 രൂപയാണ് ഫോണിന്റെ വില. സ്മാർട്ഫോൺ ഉപയോക്താക്കൾക്കിടയിൽ വൻ സ്വീകാര്യത നേടിയെടുത്ത മോഡലുകൾ ആയിരുന്നു നോട്ട് സീരീസ്.
2022-ൽ ഗാലക്സി നോട്ട് സീരീസ് ഒരു പുതിയ മോഡൽ അവതരിപ്പിക്കുമെന്ന് നേരത്തെ ഊഹാപോഹങ്ങൾ ഉയർന്നിരുന്നു, എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം അത് സംഭവിച്ചേക്കില്ല എന്നാണ് കരുതുന്നത്. ഏറ്റവും പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ഗാലക്സി എസ് അല്ലെങ്കിൽ ഗാലക്സി സെഡ് സീരീസ് സ്മാർട്ട്ഫോണുകളുമായി ഗാലക്സി നോട്ട് സീരീസിലെ അത്യാധുനിക സംവിധാങ്ങൾ സംയോജിപ്പിക്കാനാണ് സാംസങ് തയ്‌യാറെടുക്കുന്നത്.
ഗാലക്സി എസ് 21 അൾട്രാ (Galaxy S21 Ultra), ഗാലക്സി സെഡ് ഫോൾഡ് 3 (Galaxy Z Fold 3) എന്നീ മോഡലുകൾക്ക് ഇതിനോടകം തന്നെ എസ് പെൻ (S Pen) ഒരു ആക്സസറിയായി നൽകിയിട്ടുണ്ട്. ഈ വർഷം ഏകദേശം 3.2 ദശലക്ഷം ഗാലക്സി നോട്ട് 20 യൂണിറ്റുകൾ സാംസങ് നിർമ്മിച്ചു. 2011 ഒക്‍ടോബറിൽ ആണ് ആദ്യമായി സാംസങ് നോട്ട് സീരീസ് വിപണിയിലെത്തിക്കുന്നത്.
സാംസങ് എസ് 21 അൾട്രായുടെ പിൻഗാമിയും അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് ഫോണുമായ സാംസങ് ഗാലക്സി എസ് 22 അൾട്രായിൽ നോട്ട് സീരിസിൽ ഉൾപ്പെടുത്തിയിരുന്ന എസ് പെൻ നൽകുമെന്നാണ് സൂചനകൾ. ഇതിനായി എസ് 22 അൾട്രായിൽ പ്രത്യേക സ്ഥലവും ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 2022ലെ വാർഷിക സ്മാർട്ട്ഫോൺ പ്രൊഡക്ഷൻ പ്ലാനിൽ നിന്ന് ഗാലക്സി നോട്ട് സീരീസ് ഒഴിവാക്കിയതായി സ്ഥിരീകരിച്ചിരിക്കുന്നു എന്നാണ് അറിവ്.
സാംസങ്ങിന്റെ ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ ഉൽപ്പാദനം വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാകാം ഗാലക്സി നോട്ട് സീരീസ് ഉൽപ്പാദനം നിർത്താനുള്ള തീരുമാനം എന്ന് റിപ്പോർട്ടിൽ പറയുന്നു.
സാംസങ് 2019 ൽ ഏകദേശം 12.7 ദശലക്ഷം യൂണിറ്റും, 2020 ൽ 9.7 ദശലക്ഷം യൂണിറ്റ് ഗാലക്സി നോട്ട് സീരീസ് ഫോണുകൾ കയറ്റുമതി ചെയ്‌യുകയും 2021 ൽ 3.2 ദശലക്ഷം യൂണിറ്റുകൾ നിർമിക്കുകയും ചെയ്തു. അടുത്ത വർഷം നോട്ട് സീരിസിനെക്കാൾ കൂടുതൽ ഏകദേശം 13 ദശലക്ഷം ഗാലക്സി സെഡ് ഫോൾഡ് ഫോണുകൾ കയറ്റുമതി ചെയ്‌യാൻ സാധിക്കുമെന്നാണ് സാംസങ് പ്രതീക്ഷിക്കുന്നത്.
Content Highlights: Samsung seems to have discontinued the Galaxy Note Series