നാഷണൽ ഏയറോനോട്ടിക്സ് ആന്റ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ ഡബിൾ ആസ്റ്ററോയ്‌ഡ് റീഡയറക്ഷൻ ടെസ്റ്റ് (ഡാർട്ട്) ബുധനാഴ്ചയാണ് വിക്ഷേപിച്ചത്. ഒരു ഛിന്നഗ്രഹത്തെ പേടകം ഇടിച്ചിറക്കി ഗതിമാറ്റി വിടാനാവുമോ എന്നറിയാനാണ് ഈ പരീക്ഷണം. നാസയുടെ പേടകം ബഹിരാകാശത്തെത്തിച്ചത് ശതകോടീശ്വര വ്യവസായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ഫാൽക്കൺ 9 പേടകമാണ്.
പദ്ധതിയിൽ നാസയെ അഭിനന്ദിച്ച് ഇലോൺമസ്ക് വ്യാഴാഴ്ച ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. ദിനോസറുകൾക്ക് വേണ്ടിയുള്ള പ്രതികാരമെന്നാണ് അദ്ദേഹം തന്റെ ട്വീറ്റിൽ കുറിച്ചത്.
Avenge the dinosaurs!!
&mdash Elon Musk (@elonmusk)
ഏകദേശം 6.5 കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലുണ്ടായിരുന്ന ദിനോസറുകളെയെല്ലാം ഇല്ലാതായത് വലിയൊരു ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണെന്നാണ് പറയപ്പെടുന്നത്.
അത്തരം ഒരു സംഭവം ഇനിയും ആവർത്തിച്ചേക്കാം എന്ന ചിന്തയിൽ നിന്നാണ് ഭാവിയിൽ ഭൂമിയ്‍ക്ക് നേരെ വന്നേക്കാവുന്ന ഛിന്നഗ്രഹങ്ങളെ പ്രതിരോധ മാർഗങ്ങളിലൂടെ വഴിതിരിച്ചുവിടാനാവുമോ എന്ന് ശാസ്ത്രലോകം പരിശോധിക്കുന്നത്.
എന്തായാലും മസ്കിന്റെ ട്വീറ്റ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അതിലൊരാൾ നൽകിയ കമന്റ് ഒരു യുദ്ധാഹ്വാനം പോലെ ആയിരുന്നു ഫോർ ദി ഡൈനോസേഴ്സ് (ദിനോസറുകൾക്ക് വേണ്ടി)
FOR THE DINOSAURS!!!!
&mdash Monsoon (@MonsoonGG)
ചിലർ പഴയ ഹോളിവുഡ് സിനിമയായ ആർമഗെഡന്റെ രണ്ടാം ഭാഗമെന്ന് ഈ ഉദ്യമത്തെ വിശേഷിപ്പിക്കുന്നു.
610 കിലോഗ്രാം ഭാരമുള്ള പേടകമാണ് ഡാർട്ട്. കാലിഫോർണിയയിലെ വാൻഡെൻബെർഗ് സ്പേസ് ഫോഴ്സ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം.
About time. Armagedon 2.0!
&mdash KingDevil (@kingdevil)
ഭൂമിയ്‍ക്ക് ഒരു തരത്തിലും ഭീഷണി സൃഷ്ടിക്കാത്ത രണ്ട് ഛിന്നഗ്രഹങ്ങളെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 163 മീറ്റർ വ്യാസമുള്ള ഡൈമോർഫസ് എന്ന് മൂൺലെറ്റ് ഛിന്നഗ്രഹത്തിലാണ് ഡാർട്ട് പേടകം ഇടിച്ചിറങ്ങുക. ഈ പേടകം 780 മീറ്റർ വ്യാസമുള്ള ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തെ വലംവെക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തിൽ ഡൈമോർഫസിനെ ഡിഡിമോസിനടുത്തേക്ക് നീക്കാനാവുമെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. 2022 സെപ്റ്റംബർ 26 നും ഒക്‍ടോബർ ഒന്നിനുമിടയിലാണ് പേടകം ഈ ഛിന്നഗ്രഹങ്ങൾക്കടുത്തെത്തുക.
Content Highlights: Elon musk, Dart Mission, Asteroid