നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ മുഖ്യമന്ത്രിയെ ബന്ധപ്പെടാമെന്ന് അറിയിച്ചതായും ദിൽഷാദ് പറഞ്ഞതായി ട്വൻ്റി 24 റിപ്പോര്‍ട്ട് ചെയ്തു. ഇന്നു രാവിലെയാണ് വ്യവസായവകുപ്പ മന്ത്രി പി രാജീവ് ദിൽഷാദിനെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. ഈ സമയത്ത് മുഖ്യമന്ത്രി ഫോണിലൂടെ ദിൽഷാദുമായി സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് സിഐ സിഎൽ സുധീറിനെതിരെ നടപടി ഉറപ്പു നല്‍കിയത്. ഇതിനു പിന്നാലെയായിരുന്നു ഉദ്യോഗസ്ഥൻ്റെ സസ്പെൻഷൻ വിവരം മാധ്യമങ്ങളിലൂടെ പുറത്തു വന്നത്.
Also Read:
മുഖ്യമന്ത്രി വാക്കുപാലിച്ചതായും ഒപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നതായും ദിൽഷാദ് വാര്‍ത്താ ചാനലിനോടു പറഞ്ഞു. വിഷയത്തിൽ എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കാമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ദിൽഷാദ് പറഞ്ഞു. ആവശ്യമായ നടപടികള്‍ മേലുദ്യോഗസ്ഥരും മുഖ്യമന്ത്രിയും സ്വീകരിക്കും. സിഐയ്ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും സ്വത്തുസമ്പാദനത്തിനും കേസെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മോഫിയയുടെ പിതാവ് വ്യക്തമാക്കി.
മോഫിയ പര്‍വീണിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് സിഐ സുധീറിനെ സസ്പെൻഡ് ചെയ്തത്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ സംസ്ഥാന പോലീസ് മേധാവി നടപടിയെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മുൻപ് പോലീസ് ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കൊച്ചി സിറ്റി ട്രാഫിക് അസിസ്റ്റൻ്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. ആലുവ പോലീസ് സ്റ്റേഷൻ ചുമതല പുതിയ സിഐയ്ക്ക് കൈമാറിയിട്ടുമുണ്ട്. മുൻപ് കോതമംഗലം സിഐയായിരുന്ന സൈജു കെ പോളിനാണ് ആലുവ സ്റ്റേഷൻ്റെ ചുമതല.
Also Read:
ആലുവ സ്വദേശിനിയായ മോഫിയ പര്‍വീൺ ഭര്‍ത്യവീട്ടുകാര്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷമായിരുന്നു ജീവനൊടുക്കിയതെന്നാണ് അന്വേഷണ രേഖകള്‍ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കും ആവശ്യമായ വകുപ്പുകള്‍ ചുമത്തി മോഫിയയുടെ ഭര്‍ത്താവ് സുഹൈലിനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സുഹൈലുമായുള്ള പ്രശ്നം പരിഹരിക്കാനായി ആലുവ സ്റ്റേഷനിലെത്തിയ മോഫിയയോട് സിഐ സുധീര്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം. ഉദ്യോഗസ്ഥനെതിരെയുള്ള കടുത്ത നടപടി സ്വീകരിക്കുന്നില്ലെന്നും സുധീറിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും കാണിച്ച് കോൺഗ്രസ് സമരം ശക്തമാക്കിയതിനു പിന്നാലെയാണ് സസ്പെൻഷൻ ഉണ്ടായത്.