ഇസ്ലാം മതം നിഷ്കർഷിക്കുന്നത് ഹലാൽ മാംസം മാത്രമേ കഴിക്കാവൂ എന്നതാണ്. എന്നാൽ ഹിന്ദു മതത്തിൽ ഇത്തരത്തിൽ നിർദേശങ്ങൾ ഇല്ല. അതേസമയം, സിഖ് മത വിശ്വാസികൾ ഹലാൽ മാംസം കഴിയ്ക്കരുതെന്ന് പ്രത്യേകമായി തന്നെ പറയുന്നുണ്ട്. ഇസ്ലാമിക് വിശ്വാസമനുസരിച്ച് മൃഗങ്ങളുടെ കഴുത്തിലെ പ്രധാന ഞെരമ്പുകൾ കട്ട് ചെയ്ത് മാത്രമേ ഭക്ഷണത്തിനായി ഉപയോഗിക്കാവൂ.
എന്താണ് ഹലാൽ മാംസം?
അനുവദനീയമായത് എന്നാണ് ‘ഹലാൽ’ എന്ന വാക്കിൻറെ അർഥം. മതപരമായി അനുവദനീയമായ കാര്യങ്ങൾ എല്ലാം ഇത് അർത്ഥമാക്കുന്നു. എന്നാൽ ഭക്ഷണ കാര്യമെടുത്താൽ മാംസാഹാരങ്ങൾ തയ്യാറാക്കുന്നതും കഴിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ പദം ഉപയോഗിക്കുന്നത്. മൃഗങ്ങളെ കൊല്ലുന്നതിന് മുൻപും കൊല്ലുന്ന സമയത്തും പാലിക്കപ്പെടേണ്ട ചില നിയമങ്ങൾ ഇസ്ലാം മതത്തിൽ നിഷ്കർഷിക്കുന്നുണ്ട്. ദൈവനാമം ഉച്ചരിച്ച് മൃഗങ്ങളുടെ കഴുത്തിലെ ഞരമ്പ് മുറിച്ച് വേണം ഏതൊരു മൃഗത്തെയും ഭക്ഷണത്തിനായി കൊല്ലാൻ എന്നാണ് നിർദേശം. മാത്രമല്ല, ഇങ്ങനെ കൊല്ലുന്ന സമയത്ത് നല്ല ആരോഗ്യത്തോടെയിരിക്കണം എന്നും മുറിവേറ്റ ശേഷം ശരീരത്തിൽ നിന്ന് രക്തം പൂർണമായും ഒഴുകി പോകണം എന്നും നിർദേശിക്കുന്നുണ്ട്. കൂടാതെ ഇസ്ലാം മതം നിർദ്ദേശിക്കുന്ന മൃഗങ്ങളെ മാത്രമേ ഭക്ഷ്യയോഗ്യമാക്കാവൂ എന്നും പറയുന്നുണ്ട്.
എന്തൊക്കെയാണ് ഹലാൽ നിയമങ്ങൾ?
- മൃഗത്തെ കൊല്ലുന്നയാൾ പ്രായപൂർത്തിയായ ഇസ്ലാം വിശ്വാസിയായിരിക്കണം.
- കൊല്ലുന്നതിന് മുൻപ് ദൈവ നാമത്തിൽ പ്രാർഥിക്കണം.
- ജീവൻറെ പ്രാധാന്യം ഓർമിപ്പിയ്ക്കുന്നതിനും ഭക്ഷണ ആവശ്യത്തിനായി ജീവികളെ കൊല്ലുന്നതിന് മുൻപ് ദൈവത്തിൻറെ സമ്മതം ചോദിക്കുകയുമാണ് ഉദ്ദേശം.
- കൊല്ലാൻ ഉദ്ദേശിക്കുന്ന മൃഗത്തിൻറെ കഴുത്തിൽ മൂർച്ഛയുള്ള ആയുധമുപയോഗിച്ച് കൊല്ലുന്നതാണ് നിയമപ്രകാരമുള്ള രീതി.
- കഴുത്തിലെ പ്രധാന ഞരമ്പുകൾ എല്ലാം തന്നെ മുറിയുകയും രക്തം പുറത്ത് പോകുകയും വേണം.
- എന്നാൽ സ്പൈനൽ കോഡ് മുറിയാൻ പാടില്ല.
- കൊല്ലുന്നതിന് മുൻപ് മൃഗങ്ങൾക്ക് ഭക്ഷണം, വെള്ളം എന്നിവയെല്ലാം വേണ്ടത്ര നൽകി പരിപാലിക്കണം
- ഒരു മൃഗത്തെ കൊല്ലുന്നത് മറ്റ് മൃഗങ്ങൾ കാണാൻ ഇടവരരുത്
- മൃഗങ്ങളുടെ മുൻപിൽ വെച്ച് അവയെ കൊല്ലാനുള്ള കത്തി മൂർച്ഛ കൂട്ടരുത്
- വെട്ടിയ ശേഷം മുഴുവൻ രക്തവും ജീവൻറെ അംശവും നീങ്ങിയ ശേഷമേ മറ്റ് കാര്യങ്ങൾ ചെയ്യാനായി പാടുള്ളൂ
മറ്റ് പല മാർഗങ്ങളിലൂടെയും മൃഗങ്ങളെ കൊല്ലാറുണ്ട്. എന്നാൽ അത് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നില്ല. ഇലക്ട്രിക് ഷോക്ക്, കെമിക്കൽ ഗ്യാസ് തുടങ്ങിയവ ഉപയോഗിച്ചും കഴുത്ത് ഞെരിച്ചും കൊല്ലുന്ന മൃഗങ്ങൾ ഹലാൽ പ്രകാരം ഭക്ഷ്യ യോഗ്യമല്ല. ഈ രീതിയിൽ രക്തം മുഴുവൻ പുറത്ത് പോകാതെ മാംസത്തിൽ തന്നെ കെട്ടി നിൽക്കുന്ന സാഹചര്യമുണ്ടാകും. ഇത് ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല.
എന്തുകൊണ്ട് ഹലാൽ മാംസം?
പ്രകാരം ഒരു മൃഗത്തെ ഭക്ഷണത്തിനായി കൊല്ലുമ്പോൾ അതിൻറെ ശരീരത്തിലെ രക്തം ഏകദേശം പൂർണമായും പുറത്തേയ്ക്ക് ഒഴുകിപോകും, ഇത് മാംസം മൃദുവാകാനും സഹായിക്കുമെന്ന് മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിലെ മീറ്റ് ടെക്നോളജി ഡിപ്പാർട്ട്മെൻറ് ഹെഡ് ആയ വി.കെ. മോദി പറയുന്നു. മറ്റ് രീതികളിൽ കൊല്ലുന്ന സമയത്ത് ശരീരത്തിൽ രക്തം കട്ടപിടിക്കാനും അത് മാംസം കട്ടിയാകാനും കാരണമാകും.
ഹലാൽ രീതിയിൽ മൃഗങ്ങളെ കൊല്ലുമ്പോൾ അത് രക്തം പുറത്ത് പോകുന്ന തരത്തിൽ പ്രധാനപ്പെട്ട ഞരമ്പുകൾ എല്ലാം തന്നെ മുറിയുകയും രക്തം പൂർണമായി പുറത്ത് പോകുകയും ചെയ്യും. ഇതോടൊപ്പം മനുഷ്യന് ഹാനികരമാകുന്ന വിഷാംശവും പുറത്ത് പോകുന്നതിനാൽ ഈ രീതിയ്ക്ക് ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ടെന്ന് ന്യൂ ഡൽഹി അപ്പോളോ ആശുപത്രിയിലെ കൺസൾട്ടന്റ് ന്യുട്രിഷണിസ്റ്റ് ഡോ. കരുണ ചതുർവേദി ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവേ പറഞ്ഞു.
English Summary: Everything you need to know about Halal meat