ഇന്റർനെറ്റ് ഓഫ് തിങ്സും, ഓട്ടോണമസ് കാറുകളുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ സംഭവിക്കുന്ന ഒരു പ്രശ്നമുണ്ട്. സാങ്കേതിക വിദ്യ പണിമുടക്കിയാൽ നമ്മൾ പെട്ടുപോകാൻ ഇടയുണ്ട്.
ഇക്കഴിഞ്ഞ മാസം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവ ഡൗൺ ആയത് ഓർമ്മയില്ലേ? ആ സമയത്ത് പ്രശ്ന പരിഹാരത്തിന് സെർവറുകൾ സൂക്ഷിച്ചിട്ടുളള സർവർ കേജിൽ കയറി കോൺഫിഗറേഷൻ ശരിയാക്കാൻ അവർക്ക് കഴിഞ്ഞില്ല. കാരണം എന്താണെന്നോ? അതിനകത്തു കയറാനുള്ള പൂട്ട് ഫേസ്ബുക്കിന്റെ നെറ്റ്വർക്ക് സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ പൂട്ടായിരുന്നു. ഫേസ്ബുക്ക് പണി മുടക്കിയപ്പോൾ പൂട്ടും പ്രവർത്തനക്ഷമം അല്ലാതായി. എന്നിട്ടവർ അന്ന് ആംഗിൾ ഗ്രൈന്റർ ഉപയോഗിച്ച് പൂട്ട് തകർത്താണ് സെർവർ കേജിൽ കയറിയത് എന്നാണു പറയപ്പെടുന്നത്. എന്തായാലും നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം പൂർണ്ണമായും സാങ്കേതിക വിദ്യയ്‍ക്ക് അടിയറവു വച്ചാൽ ഇത്തരം അമളികൾ പറ്റാൻ സാധ്യതയുണ്ടെന്ന് തീർച്ച.
നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഓരോ ഉപകരണവും ഇന്റർനെറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന അവസ്ഥ വിദൂരമല്ല. ഇന്ന് തന്നെ അലക്സയും, ഗൂഗിൾ ഹോമും, സ്മാർട്ട് ടെലിവിഷനും, സ്മാർട്ട് ഏസിയും, റോബോട്ടിക്ക് വാക്വം ക്ളീനറുമൊക്കെ നമ്മുടെ വീടുകളിൽ ഇടം പിടിക്കാൻ തുടങ്ങി. ഫ്രിഡ്ജും, വാഷിങ് മെഷീനും, എന്തിനു വീട്ടിലെ മൊത്തം സ്വിച്ച്ും ലൈറ്റും സെക്യൂരിറ്റി സിസ്റ്റവും അടങ്ങുന്ന സംവിധാനം തന്നെ ഇങ്ങനെ നെറ്റുമായി ബന്ധപ്പെട്ടിരിക്കുന്ന നാളെയാണ് പടിവാതിൽക്കൽ നിൽക്കുന്നത്. ഇതിൽ പലതിനും അതിന്റെ ആപ്പോ, ഇന്റർനെറ്റോ ഒക്കെ ഇല്ലെങ്കിൽ പ്രവർത്തിക്കാൻ സാധിക്കാത്ത അവസ്ഥയുമാണ്.
ടെസ്ല കാറുകൾക്ക് ഇക്കഴിഞ്ഞ ദിവസം നേരിട്ടതും ഇതുപോലെയുള്ള ഒരു പ്രശ്നം ആയിരുന്നു. ലോകത്തിന്റെ പല ഭാഗത്തുള്ള ടെസ്ല ഉടമസ്ഥർ വണ്ടിയെടുത്തൊന്നു കറങ്ങിയേക്കാം എന്ന് വിചാരിച്ച് കഴിഞ്ഞ ശനിയാഴ്ച ചെല്ലുമ്പോൾ അതാ ഒരു പ്രശ്നം: വണ്ടി തുറക്കാനുള്ള ആപ്പിൽ ഒരു സർവർ എറർ. എന്ത് ചെയ്താലും ആപ്പ് പ്രവർത്തിക്കുന്നുമില്ല, വണ്ടി തുറക്കാൻ കഴിയുന്നുമില്ല. സ്വിച്ചൊക്കെ കേടായ ടിവിയുടെ റിമോട്ട് കേട് വന്നാൽ, രണ്ട് അടി കൊടുത്താലെങ്കിലും ശരിയാവും. ഇതാണെങ്കിൽ അങ്ങനെ ഒരു വഴിയുമില്ല താനും. വണ്ടി എടുക്കാൻ നിവർത്തി ഇല്ലാതെ ടെസ്ല ഉടമസ്ഥർ പലരും ഇലോൺ മസ്കിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. ഇപ്പം ശരിയാക്കിത്തരാം എന്ന് മസ്ക് പറയുകയും ചെയ്തു ഇനി ഇത്തരം ഒരു പ്രശ്നം സംഭവിക്കില്ല എന്നും.
സംഭവത്തെക്കുറിച്ച് മസ്കോ ടെസ്ലയോ പരസ്യ പ്രസ്താവനകൾ ഒന്നും ഇറക്കാത്തത് കൊണ്ട് സംഭവിച്ചത് എന്താണെന്ന് പുറത്തുള്ള ആർക്കും കൃത്യമായി അറിയില്ല. എന്നിരുന്നാലും ഈ മാസം പതിനെട്ടാം തീയതി അവരുടെ ആപ്പിന്റെ പുതിയ പതിപ്പ് വന്നപ്പോൾ ഇൻസ്റ്റാൾ ചെയ്തവർ ആണ് ഈ പെട്ട് പോയ ഉപഭോക്താക്കൾ എന്നാണു അനുമാനം. ഈ പുതിയ പതിപ്പ് വന്നതിനു ഏതാനം ദിവസങ്ങൾക്കകം ആണ് downdetector.com എന്ന സേവനങ്ങൾ ഡൗൺ ആവുന്നത് ട്രാക്ക് ചെയ്‌യുന്ന സൈറ്റ് ടെസ്ല ഡ്രൈവർമാരുടെ അവസ്ഥ കണ്ട് പിടിച്ചത്. ഇത് രണ്ടും കൂടി ഒരുമിച്ച് വായിച്ചാൽ പുതിയ ആപ്പ് തന്നെ ആയിരിക്കണം പ്രതി.
സംഭവം ഇങ്ങനെയൊക്കെ ആയിരുന്നാലും നാല് മണിക്കൂറിനകം മസ്കിന്റെ കമ്പനി പ്രശ്നം പരിഹരിച്ച് വണ്ടികൾ സ്റ്റാർട്ട് ആക്കും വിധം കാര്യങ്ങൾ ശരിയാക്കിക്കൊടുത്തു. ബ്ലൂടൂത്ത് വഴിയുള്ള ഈ ഡിജിറ്റൽ താക്കോൽ കൂടാതെ ഫിസിക്കൽ താക്കോൽ വഴിയും വണ്ടി എടുക്കാമെങ്കിലും അത് പലരും കൈവശം വയ്‍ക്കാറില്ല എന്നാണു മനസ്സിലാക്കേണ്ടത്.
നമുക്കെല്ലാം സാങ്കേതിക വിദ്യയിലുള്ള അമിത വിശ്വാസം സാങ്കേതിക വിദ്യ പണി തന്നാൽ എന്ത് എന്ന ചോദ്യം തന്നെ നമ്മളെകൊണ്ട് ചോദിപ്പിക്കുന്നില്ല എന്നതാണ് വസ്തുത. ഫുൾ ഡിജിറ്റൽ അല്ലെ, ഇതിൽ എന്ത് അബദ്ധം പറ്റാൻ എന്നതാണ് നമ്മുടെ ഒക്കെ ഉള്ളിലുള്ള ചോദ്യം.
ഫേസ്ബുക്കിനും, ടെസ്ലയ്‍ക്കും പറ്റിയ ഈ പാളിച്ചകളിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം: ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രവർത്തിച്ചില്ലെങ്കിൽ എങ്ങനെ ഒരു കാര്യം ചെയ്‌യാൻ കഴിയും എന്നത് നമ്മൾ ആലോചിക്കേണ്ടി ഇരിക്കുന്നു. അതിലെ ആപ്പ് തൊട്ട് ഇന്റർനെറ്റ് വരെ നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്തപ്പോൾ ഇങ്ങനെ ആലോചിക്കുക തന്നെ വേണം. ഏതും എപ്പോൾ വേണമെങ്കിലും പ്രവർത്തന രഹിതമാകാം. കറന്റില്ലാത്തപ്പോൾ ചമ്മന്തി വരയ്‍ക്കാൻ മിക്സിക്ക് പകരം അമ്മിക്കല്ല് ഉപയോഗിക്കുന്നത് പോലെ (അല്ലെങ്കിൽ ചമ്മന്തി വേണ്ട എന്ന് വയ്‍ക്കുക!) ഒരു ഡിജിറ്റൽ ലോകത്തും ഒരു ബാക്ക്ആപ്പ് നല്ലതാണ്.
Content Highlights: Tesla Outage, Facebook Outage, Internet of things,