കൊച്ചി > ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് നിയമവിദ്യാർഥി മരിച്ച സംഭവത്തിൽ ആലുവയിൽ അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന അക്രമസമരം പ്രതിയെ സഹായിച്ചതിലുള്ള ജാള്യം മറയ്ക്കാൻ. പരാതിയുമായി മൊഫിയയുടെ ഉമ്മയുടെ ബന്ധുവായ എംഎൽഎയെ കുടുംബം നേരത്തേ കണ്ടിരുന്നു. എന്നാൽ, എംഎൽഎ വിഷയം ഗൗരവമായി കണ്ടില്ല. തിങ്കളാഴ്ച ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ മധ്യസ്ഥചർച്ചയിൽ പ്രതിക്ക് ശുപാർശയുമായി എത്തിയത് പ്രാദേശിക കോൺഗ്രസ് നേതാക്കളാണ്. പ്രതിയെ സഹായിച്ചത് പുറത്തുവരുമെന്നറിഞ്ഞാണ് പൊലീസ് സ്റ്റേഷനുമുന്നിലെ കുത്തിയിരിപ്പുസമരം.
കളമശേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും കടുങ്ങല്ലൂർ പഞ്ചായത്ത് മുൻ അംഗവുമായ ടി കെ ജയൻ, കടുങ്ങല്ലൂർ 68––ാംനമ്പർ ബൂത്ത് പ്രസിഡന്റ് അഫ്സൽ എന്നിവരാണ് പ്രതി മുഹമ്മദ് സുഹൈലിനൊപ്പം പൊലീസ് സ്റ്റേഷനിൽ ചെന്നത്. അഫ്സലിന്റെ അടുത്ത ബന്ധുവാണ് മുഹമ്മദ് സുഹൈൽ. സുഹൈലിന് ശുപാർശയുമായി ‘കുട്ടിസഖാക്കൾ’ സ്റ്റേഷനിൽ വന്നെന്ന് മൊഫിയയുടെ ബാപ്പ ആരോപിച്ചിരുന്നു. അത് കോൺഗ്രസ് പ്രാദേശിക നേതാക്കളാണെന്ന വിവരം പുറത്തുവന്നു. പ്രതിക്കൊപ്പം പോയ ടി കെ ജയൻ ഉൾപ്പെടെയുള്ളവർ വ്യാഴാഴ്ച ഇക്കാര്യം സമ്മതിച്ചു. സുഹൈലിന്റെ ബന്ധുവായ അഫ്സൽ വിളിച്ചതനുസരിച്ചാണ് താൻ സ്റ്റേഷനിൽ പോയതെന്ന് ടി കെ ജയൻ പറഞ്ഞു.
ആലുവയിലെ എസ്-പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രവർത്തകൻ ടയർകത്തിച്ച് പൊലീസിനുനേരെ എറിയുന്നു | ഫോട്ടോ: മനു വിശ്വനാഥ്
കല്ലേറിൽ പൊലീസുകാർക്ക് പരിക്ക്
ഹൈബി ഈഡൻ എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ ആലുവ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ വ്യാപക അക്രമം. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർ പൊലീസിനുനേരെ കല്ലും കത്തിച്ച ടയറും വടിയും വലിച്ചെറിഞ്ഞു. കല്ലേറിൽ ആറ് പൊലീസുകാർക്കും രണ്ട് എസ്എച്ച്ഒമാർക്കും പരിക്കേറ്റു.
ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. പൊലീസിനെ പ്രകോപിപ്പിച്ച് ലാത്തിച്ചാർജ് ഉണ്ടാക്കാനായിരുന്നു ശ്രമം. റൂറൽ എസ്പി കെ കാർത്തിക് ഉൾപ്പെടെ ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം ഇടപെട്ടാണ് ഇവരെ പിരിച്ചുവിട്ടത്.