കൊച്ചി: രാജ്യത്ത് നിലവിൽ ലൈഫ്ടൈം പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഡിസംബർ ഒന്ന് മുതൽ ലൈഫ് ടൈം പ്ലാനുകൾ ലഭിക്കില്ലെന്ന് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). ഇതിന്റെ ഭാഗമായി രാജ്യത്താകമാനമുള്ള ലൈഫ് ടൈം പ്രീപെയ്ഡ് ഉപഭോക്താക്കളെയെല്ലാം പ്രീമിയം പെർ മിനുട്ട് പ്ലാൻ പിവി-107 ലേക്ക് മാറ്റാൻ ബിഎസ്എൻഎൽ തീരുമാനിച്ചിട്ടുണ്ട്.
കുറഞ്ഞ താരിഫിൽ നൽകിയിരുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ലൈഫ് ടൈം പ്രീപെയ്ഡ് പ്ലാനുകൾ. ഇത് പിന്നീട് ബിഎസ്എൻഎൽ പിൻവലിച്ചു. എങ്കിലും നിലവിലുള്ള ലൈഫ്ടൈം ഉപഭോക്താക്കളെല്ലാം ആ പ്ലാനുകളിൽ തുടർന്നിരുന്നു. ഈ ഉപഭോക്താക്കളെയാണ് ഡിസംബർ ഒന്ന് മുതൽ പ്രീമിയം പെർ മിനുട്ട് പ്ലാനിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച് എല്ലാ ലൈഫ് ടൈം ഉപഭോക്താക്കൾക്കും രണ്ട് എസ്എംഎസ് വീതം അയക്കാൻ എല്ലാ സർക്കിളുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
100 ദിവസം വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാൻ ആണ് 107 രൂപയുടെ പ്രീമിയം പെർ മിനുട്ട് പ്ലാൻ. സാധാരണഗതിയിൽ ഇതിൽ 100 മിനിറ്റ് ഓൺ നെറ്റ് കോളുകളും, 100 മിനിറ്റ് ഓഫ് നെറ്റ് കോളുകളും ലഭിക്കും. മൂന്ന് ജിബി ഡാറ്റ എന്നിവ ലഭിക്കുന്നുണ്ട്. എന്നാൽ ലൈഫ് ടൈം പ്ലാനിൽ നിന്നും 107 രൂപയുടെ പ്ലാൻ വൗച്ചറിലേക്ക് മാറ്റുന്നവർക്ക് ഈ സൗജന്യങ്ങൾ ഉണ്ടാവില്ല.
Content Highlights: BSNL prepaid plan, Life Time Prepaid Plan, Mobile Tariff