കഴിഞ്ഞ പത്ത് വർഷത്തെ മാത്രം കണക്കാണ് പുറത്തുവന്നിരിക്കുന്നത്. കേസുകളിൽ ശിക്ഷിക്കപ്പെട്ട 18 പേരെ മാത്രമാണ് സർവീസിൽ നിന്ന് പുറത്താക്കിയത്. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ശേഷമാണ് ഇവരെ പോലീസ് സേനയിൽ നിന്നും പുറത്താക്കിയത്. ഉദയകുമാർ ഉരുട്ടിക്കൊല കേസിലെ പ്രതിയായ ഡിവൈഎസ്പിയും രണ്ട് പോലീസ് ഉദ്യോഗസ്ഥരും പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയിലുണ്ട്. പോക്സോ കേസുകളിൽ ശിക്ഷിക്കപ്പെട്ട പോലീസുകാരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്.
വിവിധ കേസുകളിൽ ഉൾപ്പെട്ട 691 പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിലവിൽ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. കോടതിയിൽ കേസ് നടപടികൾ തുടരുന്നതിനാൽ വകുപ്പുതല അന്വേഷണം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യവും സംസ്ഥാനത്തുണ്ട്.
നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. 2016 ജൂൺ ഒന്ന് മുതൽ ഈ വർഷം ജനുവരി ഒന്ന് വരെ 667 കേസുകൾ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് മറ്റൊരു കണക്ക്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഈ വർഷം മാത്രം 77 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പുകാരനായ മോൺസൺ മാവുങ്കലിനെ സഹായിച്ചതിനും കൂട്ടുനിന്നതിനും വകുപ്പുതല അന്വേഷണം നേരിടുന്ന മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ജി ലക്ഷ്മണാണ് പട്ടികയിലെ ഏറ്റവും പുതിയത്.
കേസുകളിൽ നേരിട്ട് സസ്പെൻഷനിലാകുകയും പിന്നീട് സർവീസിൽ തിരികെ കയറി ഉയർന്ന പദവികൾ കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂടുതലാണ്. ഗുരുതരമായ രീതിയിൽ വീഴ്ച വരുത്തുന്ന എസ്ഐ വരെയുള്ള ഉദ്യോഗസ്ഥരെ റെയ്ഞ്ച് ഐജിമാർക്ക് സർവീസിൽ നിന്ന് പിരിച്ചുവിടാൻ അധികാരമുണ്ട്. അത്തരത്തിൽ നടപടിയുണ്ടായിരുന്നുവെങ്കിൽ നിലവിലെ കണക്കുകൾ ഉയർന്ന തോതിൽ എത്തുമെന്ന് വ്യക്തമാണ്.
തുടർച്ചയായി വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ക്രിമിനൽ കേസുകളിൽ പ്രതിയായ 744 പോലീസ് ഉദ്യോഗസ്ഥർ കേരളാ പോലീസിൽ ഉണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നത്. ആലുവയിൽ എൽഎൽബി വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സുധീർ കുമാറിനെതിരെ സംസ്ഥാനത്ത് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
ആലുവയിൽ എൽഎൽബി വിദ്യാർഥിനി മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സുധീർ കുമാറിനെ സ്ഥലം മാറ്റി. ഹെഡ് ക്വാട്ടേഴ്സിലേക്കാണ് സ്ഥലം മാറ്റിയത്. എറണാകുളം ഡി ഐ ജി അന്വേഷണം നടത്തുകയാണെന്നും തുടർനടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ് റിപ്പോർട്ട്.
നവംബർ 23 ബുധനാഴ്ചയാണ് ഭർത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എൽഎൽബി വിദ്യാർഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ ഭർതൃകുടുംബത്തിനും ഭർത്താവിനുമെതിരായ ഗുരുതര ആരോപണങ്ങളാണുള്ളത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി മോഫിയ പരാതി നൽകിയെങ്കിലും സി ഐ സുധീർ ഭർത്താവ് സുഹൈലിനും വീട്ടുകാർക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് സംസാരിക്കാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ സുധീർ മോശമായി പെരുമാറിയെന്നാണ് മോഫിയ ആരോപിച്ചിരുന്നത്. സ്റ്റേഷനിലെത്തിയപ്പോൾ സി ഐ മകളെ ചീത്ത വിളിച്ചുവെന്ന് മോഫിയയുടെ പിതാവ് വ്യക്തമാക്കിയിരുന്നു.
ആലുവ സിഐയുടെ സാന്നിധ്യത്തിൽ വീട്ടുകാരുമായി നടത്തിയ മധ്യസ്ഥ ചർച്ചയിൽ ആലുവ സിഐ ഭർതൃവീട്ടുകാരെ ന്യായീകരിക്കുകയും പെൺകുട്ടിയോട് ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുകയും ചെയ്തിരുന്നതായി പരാതിയുണ്ട്. എന്നാൽ തൻ്റെ മുന്നിൽ വച്ച് പെൺകുട്ടി ഭർത്താവിനെ തല്ലിയെന്നും അത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും സിഐ പറഞ്ഞിരുന്നു.