ന്യൂഡൽഹി: ആഗോളതലത്തിൽ പല രാജ്യങ്ങളും ഇതിനകം 5ജി സാങ്കേതിക വിദ്യയിലേക്ക് കടന്നുവെങ്കിലും ഇന്ത്യ ഇനിയും 5ജി തലത്തിലേക്ക് എത്തിയിട്ടില്ല. അതിനിടയിൽ ദേശനിർമിതമായ 6ജിയുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ് ഇന്ത്യയിൽ.
2023-ലോ 2024-ലോ തദ്ദേശീയമായി വികസിപ്പിച്ച 6ജി അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. അത് നടത്തിയിരിക്കുന്നത് മറ്റാരുമല്ല കേന്ദ്ര വാർത്താവിനിമയ, ഇലക്ട്രോണിക്സ്, ഐടി. കാര്യ മന്ത്രി അശ്വിനി വൈഷ്ണവാണ്.
ഫിനാൻൽ ടൈംസും ഇന്ത്യൻ എക്സ്പ്രസും സംഘടിപ്പിച്ച ഒരു വെബിനാറിനിടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഇന്ത്യയിൽ ഇതിനകം തന്നെ 6ജിയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നും 2023 അവസാനമോ 2024-ലോ അത് യാഥാർത്ഥ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 5ജി സാങ്കേതികവിദ്യ താമസിയാതെ തന്നെ യാഥാർത്ഥ്യമാവുമെന്നും അതിന് വേണ്ടിയുള്ള പ്രധാന സോഫ്റ്റ്വെയർ വികസിപ്പിക്കപ്പെടുന്നതോടെ അടുത്തവർഷം മൂന്നാം പാദത്തോടെ പൂർത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു.
5ജി സ്പെക്ട്രം ലേലത്തിന് വേണ്ടിയുള്ള കൺസൾട്ടേഷൻ നടപടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. അടുത്തവർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ അത് പൂർത്തിയാവും. 2022 രണ്ടാം പാദത്തിൽ ലേലം ആരംഭിക്കും. അദ്ദേഹം പറഞ്ഞു.
Content Highlights: 6G technology indian made launch likely by 2023-end or 2024 minister Ashwini Vaishnaw