1. ശരീരത്തെ വിഷമുക്തമാക്കാൻ
ബാർലി വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിലെയും കുടലിലെയും വിഷവസ്തുക്കളെ മൂത്രനാളിയിലൂടെ പുറന്തള്ളാൻ സഹായിക്കുന്നു. ബാർലിയുടെ കോശഭിത്തികളിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻസ് എന്ന ഘടകമാണ് ഈ പ്രക്രിയ നിർവഹിക്കുവാൻ സഹായിക്കുന്നത്. അതിനാൽ ശരീരത്തിന്റെ ആന്തരിക സംവിധാനത്തെ ശുദ്ധീകരിക്കാൻ ഇത് സഹായിക്കുന്നു.
2. മൂത്രനാളിയിലെ അണുബാധയ്ക്കുള്ള ഒറ്റമൂലി
ബാർലി വെള്ളം ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നതിനാൽ, ഇത് മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സ്വാഭാവിക പ്രതിവിധിയായി കണക്കാക്കപ്പെടുന്നു, കുട്ടികൾക്കായാലും മുതിർന്നവർക്കായാലും യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ ഉണ്ടായാൽ അണുബാധ കുറയുന്നത് വരെ ദിവസേന കുറച്ച് ഗ്ലാസ് ബാർലി വെള്ളം കുടിക്കാവുന്നതാണ്. വൃക്കയിലെ കല്ലുകൾക്കും സിസ്റ്റുകൾക്കും ഇത് നല്ലൊരു പ്രതിവിധിയാണെന്നും പറയപ്പെടുന്നു.
3. ദഹന പ്രശ്നങ്ങൾ അകറ്റാൻ
ആയുർവേദത്തിൽ, ബാർലി വെള്ളം ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്ന ഒരു ടോണിക്ക് ആയി കണക്കാക്കപ്പെടുന്നു. വാത, പിത്ത, കഫ പ്രശ്നങ്ങൾക്ക് യഥാക്രമം കുറച്ച് സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് ബാർലി വെള്ളം കുടിക്കുന്നത് ദഹന പ്രശ്നം അകറ്റുന്നതിൽ കൂടുതൽ സഹായിക്കാനാകും. മലബന്ധമോ വയറിളക്കമോ ഉള്ളവർക്ക് ഇത് ഒരു ഒറ്റമൂലിയായി പലപ്പോഴും ശുപാർശ ചെയ്യപ്പെടുന്നു, കൂടാതെ അണുബാധ സമയത്ത് ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ഇത് സഹായിക്കുന്നു.
4. ശരീരഭാരം കുറയ്ക്കാൻ
ബാർലിയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ബാർലി വെള്ളം മികച്ച ഒരു പ്രതിവിധിയാണ്. കാരണം ഇത് കൂടുതൽ നേരം നിങ്ങളുടെ വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുകയും, അങ്ങനെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ കാരണമാകുകയും ചെയ്യുന്നു.
5. കൊളസ്ട്രോൾ കുറയ്ക്കാൻ
നാരുകളുടെയും ബീറ്റാ ഗ്ലൂക്കണുകളുടെയും നല്ല ഉറവിടമായതിനാൽ, ബാർലി വെള്ളം രക്തത്തിലെ കൊളസ്ട്രോൾ (ഭക്ഷണത്തിൽ നിന്ന് എൽഡിഎൽ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ ആഗിരണം തടയുന്നതിലൂടെ), രക്തത്തിലെ പഞ്ചസാര (ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുന്നതിലൂടെ) എന്നിവ നിയന്ത്രിക്കുന്നതിനും പ്രവർത്തിക്കുന്നു. മാത്രമല്ല, ഇതിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ബാർലി വെള്ളം തയ്യാറാക്കാൻ
>കാൽ കപ്പ് ബാർലി
> നാല് കപ്പ് വെള്ളം
> ഒരു നുള്ള് ഉപ്പ്
> ഒരു തുള്ളി തേൻ (ആവശ്യമെങ്കിൽ മാത്രം)
> ഒരു നാരങ്ങ തൊലി (ആവശ്യമെങ്കിൽ മാത്രം)
ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ബാർലി ചേർത്ത് തിളപ്പിക്കണം. ആവശ്യത്തിന് ഉപ്പ് ചേർത്ത് ചെറുതീയിൽ പാകം ചെയ്യുക, ഒരു തവി ഉപയോഗിച്ച് ഉടച്ചെടുക്കാം. ഇനി ഇത് അരിച്ചെടുക്കുക. നാരങ്ങായുടെ തൊലി ഗ്രേറ്റ് ചെയ്ത് വേണമെങ്കിൽ ഇതിലേയ്ക്ക് ചേർക്കാം. തണുപ്പിച്ച ശേഷം അല്പം തേൻ കൂടി ചേർത്ത് കുടിക്കാം.
രുചി വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് ഇഞ്ചി, കറുവപ്പട്ട, ജീരകം, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ അല്ലെങ്കിൽ ഓറഞ്ച് ജ്യൂസ് എന്നിവ ഉപയോഗിക്കാം. ബാക്കിയുള്ള ധാന്യങ്ങൾ സിറിയൽ, സലാഡുകൾ അല്ലെങ്കിൽ കറികൾക്കും സ്മൂത്തികൾക്കും കട്ടി ഉണ്ടാവാൻ വേണ്ടി ഉപയോഗിക്കാം. അത് വെറുതെ പാഴാക്കരുത്!