വാഷിങ്ടൺ: ഛിന്നഗ്രഹത്തിൽ ബഹിരാകാശ പേടകം ഇടിച്ചിറക്കുക എന്ന ലക്ഷ്യത്തോടെ നാസയുടെ ഡാർട്ട് പദ്ധതി വിക്ഷേപിച്ചു. ഭൂമിയുടെ നിലനിൽപ്പിന് ഭീഷണി സൃഷ്ടിച്ചേക്കാവുന്ന ബഹിരാകാശ ശിലകളെ മനുഷ്യന് തടഞ്ഞുനിർത്താനാകുമോ എന്നറിയാനുള്ള പരീക്ഷണമാണിത്.
ഭൂമിയെ ലക്ഷ്യമാക്കിവരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ നാസ വികസിപ്പിച്ച ഒരു പ്രതിരോധ സംവിധാനമാണ് ഡബിൾ ആസ്ട്രോയിഡ് റീഡയറക്ടഷൻ ടെസ്റ്റ് (ഡാർട്ട്). ഇത്തരത്തിലുള്ള ആദ്യപരീക്ഷണമാണിത്. ഛിന്നഗ്രഹത്തിൽ പേടകം ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റുകയാണ് ഈ പ്രതിരോധ സംവിധാനം ചെയ്യുക.
ഒക്ടോബർ 23 രാത്രി ചൊവ്വാഴ്ച 10.21 നാണ് കാലിഫോർണിയയിൽ നിന്ന് വിക്ഷേപണം നടന്നത്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം.
അടുത്ത നൂറ് വർഷക്കാലത്തേക്ക് ഭൂമിയെ ലക്ഷ്യമിട്ട് ഏതെങ്കിലും ഛിന്നഗ്രങ്ങൾ വരുന്നുണ്ടോ എന്ന് നാസയ്ക്ക് അറിയില്ല. എങ്കിലും ക്രമേണ ഭൂമിയെ ലക്ഷ്യമിട്ട് വൻതോതിൽ ബഹിരാകാശ ശിലകൾ എത്തിയേക്കാം എന്നാണ് നാസ ഗവേഷകർ പ്രതീക്ഷിക്കുന്നത്.
ഡാർട്ട് പദ്ധതി ഇങ്ങനെ
ഡിഡിമോസ് എന്ന് വിളിക്കപ്പെടുന്ന വലിയൊരു ഛിന്നഗ്രഹത്തെ വലം വെക്കുന്ന മൂൺലെറ്റ് ഛിന്നഗ്രഹമായ (Moonlet Asteroid) ഡൈമോർഫസിലാണ് പേടകം ഇടിച്ചിറക്കുക. ഈ രണ്ട് ഛിന്നഗ്രഹങ്ങളും ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നവയല്ല. പേടകത്തിന്റെ സഞ്ചാരവും അത് ഛിന്നഗ്രഹത്തിൽ ഇടിച്ചിറക്കുന്നതുമെല്ലാം ദൂരദർശിനികൾ ഉപയോഗിച്ച് ഭൂമിയിൽ നിന്ന് നാസ നിരീക്ഷിക്കും. പരീക്ഷണത്തിന്റെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.
525 അടി വ്യാസമാണ് ഡൈമോർഫസ് എന്ന ഛിന്നഗ്രഹത്തിനുള്ളത്. ഇതിനെ തകർക്കാൻ പേടകത്തിന് സാധിക്കില്ല എങ്കിലും ഇതിന്റെ സഞ്ചാര പഥത്തിൽ മാറ്റം വരുത്താൻ സാധിക്കും എന്നാണ് കരുതുന്നത്. എന്നാൽ പേടകം ഇടിച്ചിറക്കുമ്പോൾ സഞ്ചാര പഥത്തിന് എത്രത്തോളം മാറ്റമുണ്ടാവുമെന്ന് വ്യക്തമല്ല. ഛിന്നഗ്രഹത്തിന്റെ സ്വഭാവം പോലിരിക്കും അത്.
പേടകം ഇടിച്ചിറങ്ങുന്നതോടെ ഡൈമോർഫസ് ഡിഡിമോസ് ഛിന്നഗ്രഹത്തിനോട് കൂടുതൽ അടുത്തേക്കും. ഇത് ഡൈമോർഫസിന്റെ ഭ്രമണപഥത്തിന്റെ ദൈർഘ്യം കുറക്കും. നിലവിൽ ഡൈമോർഫസ് ഡിഡിമോസിനെ വലം വെക്കാൻ 11 മണിക്കൂർ 55 മിനിറ്റ് നേരമാണ് എടുക്കുന്നത്. എന്നാൽ ഡാർട്ട് ഇടിച്ചിറങ്ങുന്നതിന്റെ ഫലമായി ഭ്രമണപഥം മാറുന്ന ഡൈമോർഫസ് പത്ത് മിനിറ്റ് കൂടുതൽ വേഗത്തിൽ ഭ്രമണം പൂർത്തിയാക്കും. അതായത് 11 മണിക്കൂർ 45 മിനിറ്റ്.
ഡാർട്ട് പദ്ധതിയുടെ നേട്ടം
ഡാർട്ടിന് ഛിന്നഗ്രഹത്തെ നീക്കാനായാലും ഇല്ലെങ്കിലും അത് ശാസ്ത്രജ്ഞർക്ക് പാഠമാണ്. വിജയിച്ചാൽ കൊലയാളി ഛിന്നഗ്രഹങ്ങളെ തുരത്താനുള്ള സാങ്കേതിക വിദ്യകൾക്ക് അത് ശക്തിപകരും. ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കാൻ എത്രത്തോളം ശക്തിയുള്ള പേടകങ്ങൾ നിർമിക്കേണ്ടി വരുമെന്ന ധാരണയും ഈ പരീക്ഷണത്തിലൂടെ ഗവേഷകർക്ക് ലഭിക്കും.
സൗരയൂഥത്തിൽ ഭൂമിയ്ക്ക് സമീപമുള്ള ഛിന്നഗ്രഹങ്ങളെ എല്ലാം നാസ നിരീക്ഷിക്കുന്നില്ല. അതിൽ ഏകദേശം 40 ശതമാനത്തോളം ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ 140 മീറ്റർ വീതിയുള്ള ഛിന്നഗ്രഹങ്ങൾ വരെ അതിലുണ്ട്. ഡൈമോർഫസിന് 160 മീറ്റർ ആണ് വ്യാസം.
ഡൈമോർഫസിന്റെ വലിപ്പവും ഡിഡിമോസിനെ ചുറ്റുന്ന വേഗവും കണക്കാക്കിയിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ഈ ഛിന്നഗ്രഹത്തെ കുറിച്ച് ശാസ്ത്രജ്ഞർക്കറിയില്ല. ഭൂമിയിൽ നിന്നും ടെലിസ്കോപ്പ് ഉപയോഗിച്ച് ഇതിനെ നേരിട്ട് കാണാൻ സാധിക്കില്ല. ചന്ദ്രൻ ഭൂമിയ്ക്കും ഡിഡിമോസിനും ഇടയിലൂടെ കടന്നുപോവുമ്പോൾ ഉണ്ടാക്കുന്ന പ്രകാശ വ്യതിയാനം സംബന്ധിച്ച വിവരം മാത്രമാണുള്ളത്.
ഡൈമോർഫസിനെ കുറിച്ച് കാര്യമായൊന്നുമറിയില്ല
ഡൈമോർഫസിന്റെ ആകൃതി എന്താണെന്ന് നാസയ്ക്ക് അറിയില്ല. ഡാർട്ട് പേടകം ഇതിനടുത്തെത്തി ക്യാമറ പ്രവർത്തിപ്പിച്ചതിന് ശേഷം മാത്രമേ ഡൈമോർഫസിന്റെ വലിപ്പവും കൂട്ടിയിടിയുമെല്ലാം ഭൂമിയിൽ കാണാനൊക്കൂ.
ഡൈമോർഫസിന്റെ ദൃശ്യം ലഭിച്ചാലുടൻ സ്മാർട്ട് നാവ് (Smart Nav) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിവേഗം അതിന്റെ കേന്ദ്രം എവിടെയാണെന്ന് കണക്കാക്കും. ശേഷം പേടകത്തിലെ നാവിഗേഷൻ സംവിധാനം എഞ്ചിനുകൾ പ്രവർത്തിപ്പിക്കുകയും ഛിന്നഗ്രത്തിന്റെ കേന്ദ്രം ലക്ഷ്യമിട്ട് കുതിക്കും.
ഡൈമോർഫസിനോട് അടുത്തുകൊണ്ടിരിക്കുന്ന അവസാന നിമിഷങ്ങളിൽ ഓരോ സെക്കൻഡിലുമുള്ള ചിത്രങ്ങൾ ഭൂമിയിലേക്ക് അയക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂട്ടിയിടിക്ക് പത്ത് ദിവസം മുമ്പ് ലിസിയ ക്യൂബ് (LICIACube) എന്നൊരു ഒരു കുഞ്ഞൻ ഇറ്റാലിയൻ ബഹിരാകാശ പേടകം ഡാർട്ടിൽ നിന്ന് വേർപെടും. ഒപ്പം ഒരു ക്യാമറാമാനെ പോലെ കൂട്ടിയിടിയുടെ ദൃശ്യങ്ങൾ പകർത്തി ഭൂമിയിലേക്ക് അയക്കും.
മണിക്കൂറിൽ 24140 കിലോമീറ്റർ വേഗതയിലാണ് പേടകം ഡൈമോർഫസിൽ ഇടിച്ചിറങ്ങുക. ഇടിയുടെ ആഘാതത്തിൽ ഡൈമോർഫസ് അത് വലംവെച്ചുകൊണ്ടിരിക്കുന്ന ഡിഡിമോസിന് സമീപത്തേക്ക് നീങ്ങും.
ഡാർട്ടിന്റെ ആഘാതം പഠിക്കാൻ അന്വേഷിക്കാൻ യൂറോപ്പിന്റെ ഹെര
ഇതിന് പിന്നാലെ തന്നെ യൂറോപ്യൻ സ്പേസ് എജൻസി ഹെര (Hera) എന്ന പേരിൽ മറ്റൊരു പേടകം 2026 ൽ വിക്ഷേപിക്കും. ഡാർട്ടുമായുണ്ടായ കൂട്ടിയിടിയുടെ അനന്തര ഫലം എന്താണെന്ന് പഠിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഡൈമോർഫസ് ഛിന്നദ്രഹത്തിന്റെ രൂപരേഖ തയ്യാറാക്കും. ഇതിന്റെ പിണ്ഡം എത്രയുണ്ടെന്ന് കണക്കാക്കുകയും ഡാർട്ട് കൂട്ടിയിടിച്ച ഗർത്തം വിശകലനം ചെയ്യുകയും ചെയ്യും.
Content Highlights: NASA launches, Dart Spacecraft, Asteroid redirection. Dimorphos, Didymos