കാസർകോട്: ഭക്ഷ്യവസ്തുക്കൾക്ക്, ഇന്ധനത്തിന്, പാചകവാതകത്തിന് എന്നുവേണ്ട എല്ലാ ആവശ്യവസ്തുക്കൾക്കും വിലവർധിക്കുകയാണ്. നാമറിയാതെ നമ്മുടെ അവശ്യവസ്തുവായി മാറിയ മൊബൈൽ ഇന്റർനെറ്റിനും വിലവർധിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനികൾ.
മൊബൈൽ റീച്ചാർജ് വിലവർധന സാധാരണ ജനങ്ങളെ ചെറുതൊന്നുമല്ല ബാധിക്കുക.
20 മുതൽ 25 ശതമാനം വരെയുള്ള വിലവർധനയാണ് പ്രതീക്ഷിക്കുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇന്ന് ഇന്റർനെറ്റ് അധിഷ്ടിത പ്രവർത്തനങ്ങൾ കടന്നുവന്നിട്ടുണ്ട്. ഭക്ഷണം, സാമ്പത്തികം, പഠനം, ഉല്ലാസം തുടങ്ങിയ എല്ലാറ്റിനും ഇന്ന് ഇന്റർനെറ്റ് ഒഴിച്ചുകൂടാനാവാത്തതാണ്.
കോവിഡിന്റെ ആരംഭം മുതലാണ് കുട്ടികളുടെ പഠനവും ഓൺലൈനിലേക്ക് മാറിയത്. കോവിഡിന് ശേഷം സ്കൂൾ-കോളേജുകൾ തുറന്നുവെങ്കിലും ഒരേസമയം പകുതി കുട്ടികൾ മാത്രമാണ് സ്കൂളുകളിൽ നേരിട്ടെത്തുന്നത്.
ബാക്കിയുള്ളവർ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കണം. എന്നാൽ, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികളുടെ മാതാപിതാക്കൾ മൊബൈൽ റീച്ചാർജിങ് വലിയ ഭാരമാകും. ഓൺലൈനായി നടക്കുന്ന വിവിധ കോഴ്സുകളും ട്യൂഷൻ ക്ലാസുകൾക്കും വിലവർധന ഭീഷണിയാണ്.
ഓൺലൈൻ യോഗങ്ങളും കൂട്ടായ്മകളുമാണ് ഇന്ന് നാടെങ്ങും. സുഹൃത്തുക്കളും കുടുംബക്കാരുമൊക്കെ ഒത്തുചേരുന്നത് ഇപ്പോൾ സൈബർ ഇടങ്ങളിലാണ്. ഇതിനുപുറമേ സിനിമാടിക്കറ്റുകൾ, സർക്കാരിന്റെ വിവിധ സേവനങ്ങൾ, ബില്ലുകൾ, നികുതി, ബസ്-തീവണ്ടി ടിക്കറ്റുകൾ എന്നുവേണ്ട എല്ലാ മേഖലകളിലും ഇന്റർനെറ്റ് ഒഴിച്ചുകൂടാനാവാത്ത ഒന്നായി. വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി വീട്ടിലിരുന്ന് ജോലിചെയ്യുന്നവരും ഇന്ന് കുറവല്ല.
4-ജി നെറ്റ്വർക്കുകൾ അതിവേഗ ഇന്റർനെറ്റ്സൗകര്യം നല്കിയതോടെയാണ് നാം ഇന്റർനെറ്റുകളുടെ വരുതിയിലായിത്തീർന്നത്. എയർടെല്ലാണ് നിരക്ക് വർധനയുമായി ആദ്യമെത്തിയത്.
598 രൂപയ്ക്ക് ഒന്നര ജി.ബി. ഇന്റർനെറ്റും കോൾബാലൻസും 84 ദിവസത്തേക്ക് നല്കുന്ന ?േഡാറ്റാ പാക്കിന് 26-മുതൽ 710 രൂപ നല്കണം. 26-ന് മുൻപ് റീച്ചാർജ് ചെയ്യുന്നവർക്ക് 20 ശതമാനം കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
മനുഷ്യർക്ക് മാത്രം വിലയില്ല
വിലക്കയറ്റം സകലമേഖലകളിലുമായി. ഏറ്റവും ഒടുവിൽ മൊബൈൽ റീച്ചാർജിനും വില കൂടുന്നു. സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറത്തായി വിലക്കയറ്റം. ദിവസക്കൂലിക്ക് പണിയെടുത്ത് ജീവിക്കുന്നവർക്ക് ഉയർന്ന റീച്ചാർജ് തുക താങ്ങാൻ പറ്റുന്നില്ല. കോമ്പോ റീച്ചാർജ് ചെയ്തില്ലെങ്കിൽ വാലിഡിറ്റി പോലും ലഭിക്കാത്ത രീതിയിലായി ഇപ്പോൾ. സത്യത്തിൽ ജനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ വിലയില്ലാത്തത്.
എം.ധനേഷ്, നവോദയ നഗർ, ബിരിക്കുളം
ഓൺലൈൻ പഠനത്തെ ബാധിക്കും
മൊബൈൽ ഡേറ്റാ ചാർജ് സാധാരണക്കാർക്കും വിദ്യാർഥികൾക്കും താങ്ങാനവാത്ത വിധം കൂട്ടുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകളും മറ്റു അനുബന്ധപ്രവർത്തനങ്ങളു അവതാളത്തിലാവും. ഒന്നിൽ കൂടുതൽ കുട്ടികളുള്ള കുടുംബത്തിൽ ദിവസേന ലഭിക്കുന്ന ഒന്നര ജി.ബി. നെറ്റ് തികയാതെ വരും. ഇത് കുട്ടികളുടെ ഓൺലൈൻ പഠനത്തെ ബാധിക്കുകയും ചെയ്യും.
നിദ ആസ്മി, പ്ലസ് വൺ വിദ്യാർഥിനി, ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ
അധ്യാപകരെയും വിദ്യാർഥികളെയും ബാധിക്കും
അധ്യാപകരെയും വിദ്യാർഥികളെയും പ്രതികൂലമായി ബാധിക്കും. പകുതി വിദ്യാർഥികളാണ് നിലവിൽ സ്കൂളുകളിലെത്തുന്നത്. അതേസമയം, മറ്റുള്ളവർ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കേണ്ടതുണ്ട്. സ്കൂളിലെത്തുന്നവരും വീട്ടിൽ തിരിച്ചെത്തി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കണമെന്നാണ് നിർദേശം. നിരക്കുവർധന എല്ലാ അർഥത്തിലും സാധാരണക്കാർക്ക് അമിതഭാരമാണ്.
എ.ദാമോദരൻ മുന്നാട്, അധ്യാപകൻ, കുറ്റിക്കോൽ എ.യു.പി. സ്കൂൾ
സാധാരണക്കാരെബുദ്ധിമുട്ടിക്കും
മൊബൈൽ റീച്ചാർജുകളുടെ വിലവർധിക്കുന്നത് അംഗീകരിക്കാവുന്നതല്ല. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടികൾ സർക്കാർ നിയന്ത്രിക്കേണ്ടതാണ്.
കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഈ സമയത്ത് വിലവർധന ഒഴിവാക്കണം.
നിഷാ വിശ്വംഭരൻ, അധ്യാപിക, കാഞ്ഞങ്ങാട്.
Content Highlights: New mobile recharge tariff, Airtel Latest plans, Vi Latest Plans, Prepaid Plan tariff, Reliance jio