എന്നാല്‍ കോണ്ടം എല്ലായ്പ്പോഴും 100 ശതമാനം സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നില്ല. 99 ശതമാനം കേസുകളിലും കോണ്ടം ഉപയോഗിക്കുന്നത് ഫലപ്രദമാണ്, അതേസമയം ചില പാര്‍ശ്വഫലങ്ങളും സുരക്ഷാവീഴ്ച്ചകളും ഉണ്ട്. അത്തരം പ്രശ്നങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
ലാറ്റെക്സ് അലര്‍ജി:
ബീജം അണ്ഡവുമായി ചേര്‍ന്ന് ബീജ സങ്കലനം നടക്കാതിരിയ്ക്കാന്‍ പാകത്തില്‍ വളരെ നേര്‍ത്ത ലാറ്റെക്സ്, പോളിയുറത്തേന്‍, പോളിഐസോപ്രീന്‍ എന്നിവ ഉപയോഗിച്ചാണ് കോണ്ടം നിര്‍മിച്ചിരിയ്ക്കുന്നത്. കോണ്ടം ധരിയ്ക്കുന്നയാള്‍ക്കോ പങ്കാളിയ്ക്കോ ലാറ്റെക്സിനോട് അലര്‍ജിയുണ്ടെങ്കില്‍ ഇത് പല തരത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കും. ചര്‍മത്തില്‍ പാടുകള്‍, റാഷസ് എന്നിവയുണ്ടാകാം. ചിലരില്‍ ഈ അവസ്ഥ അതിരൂക്ഷമാകുകയും ശ്വസന നാളികള്‍ വീര്‍ത്ത് രക്തസമ്മര്‍ദ്ദം കുറയാനും കാരണമാകും. അതിനാല്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുവെങ്കില്‍ ലാറ്റക്സ് ഇല്ലാത്ത പോളിയുറത്തേന്‍, പോളിഐസോപ്രീന്‍ എന്നിവയില്‍ നിര്‍മിച്ച കോണ്ടം തിരഞ്ഞെടുക്കാം. ഇത് അല്പം ചെലവ് കൂടുതലാണെങ്കിലും അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
സെന്‍സിറ്റിവിറ്റി കുറയുന്നു:
കോണ്ടം ധരിച്ചുകൊണ്ട് സെക്സ് ചെയ്യുന്നത് ആരോഗ്യകരമാണെങ്കിലും സ്പര്‍ശന ക്ഷമത കുറയ്ക്കാന്‍ കാരണമാകാറുണ്ട്. ഇത് സെക്സ് ആസ്വദിയ്ക്കുന്നതിന് വലിയ തടസം സൃഷ്ടിയ്ക്കുമെന്നും പലരും വിമർശിക്കാറുണ്ട്. വളരെ നേര്‍ത്ത രീതിയിലാണ് ഇത് നിര്‍മിച്ചിട്ടുള്ളതെങ്കിലും ഇത്തരം പരാതികള്‍ കണക്കിലെടുത്ത് ഇതിലും നേരിയ എക്സ്ട്രാ തിന്‍ കോണ്ടം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇത് സെക്സ് നന്നായി ആസ്വദിയ്ക്കാവുന്ന തരത്തില്‍ സ്പര്‍ശന ക്ഷമത നല്‍കുന്നവയാണ്.
100% സുരക്ഷിതമല്ല:
ഗര്‍ഭധാരണം തടയാനും ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് കോണ്ടം ധരിയ്ക്കുന്നത്. എന്നാല്‍ എല്ലായ്പ്പോഴും ഇത് സുരക്ഷിതമാകണം എന്നില്ല. നേര്‍ത്ത വസ്തു ഉപയോഗിച്ച് നിര്മിച്ചതിനാല്‍ തന്നെ ഇതില്‍ പോറലുകള്‍ വീഴാന്‍ സാധ്യത കൂടുതലാണ്. ഇങ്ങനെ ചെറിയ പോറലുകള്‍ വീഴുന്നത് തിരിച്ചറിയാന്‍ കഴിയാതെ വരികയും അതുവഴി സെമന്‍ യോനിയ്ക്കുള്ളില്‍ പ്രവേശിയ്ക്കുകയും ഗര്‍ഭധാരണം നടക്കുകയും ചെയ്യും. മാത്രമല്ല, ലൈംഗിക രോഗങ്ങള്‍ പകരുന്നതിനും ഇത് കാരണമാകും.
കോണ്ടം ഊരിപ്പോകുന്നത്:
ഉദ്ധരിച്ച ലിംഗത്തില്‍ കോണ്ടം ഇറുകി ഇരിക്കുമെങ്കിലും ശുക്ലസ്കലനത്തിന് ശേഷം ലിംഗം യോനിയ്ക്കുള്ളില്‍ നിന്ന് പുറത്തെടുക്കുന്നതിന് മുന്‍പായി ഉദ്ധാരണം നഷ്ടമായാല്‍ കോണ്ടം അയഞ്ഞ് പോകുന്നത് സാധാരണമാണ്. ഈ സമയത്ത് കോണ്ടത്തിനുള്ളിലെ സെമന്‍ യോനിയിലേയ്ക്ക് ഒഴുകിയെത്താന്‍ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിയ്ക്കുന്നത് അപ്രതീക്ഷിതമായ ഗര്‍ഭധാരണം നടക്കുന്നതിനും ലൈംഗിക രോഗങ്ങള്‍ പകരുന്നതിനും കാരണമാകും.
കോണ്ടം തന്നെ മികച്ച മാര്‍ഗം:
മുകളില്‍ പറഞ്ഞ പാര്‍ശ്വഫലങ്ങള്‍, സുരക്ഷാ വീഴ്ചകള്‍ എന്നിവ എല്ലായ്പ്പോഴും എല്ലാവരിലും സംഭവിയ്ക്കുന്നതല്ല. വളരെ ചെറിയ ശതമാനം ആളുകളില്‍ മാത്രമാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത്. ചിലര്‍ ഇത് ഒഴിവാക്കാനായി ഗര്‍ഭനിരോധന ഗുളിക കഴിയ്ക്കാറുണ്ട്. എന്നാല്‍ ഗര്‍ഭധാരണം തടയാനും ലൈംഗിക രോഗങ്ങള്‍ പടരുന്നത് ഒഴിവാക്കാനും ഏറ്റവും മികച്ച മാര്‍ഗം കോണ്ടം ഉപയോഗിക്കുന്നത് തന്നെയാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുമാത്രം.
English Summary: Unknown Side Effects Of Condoms