ഇന്ത്യയിലെ മുൻനിര സ്മാർട്ട് വാച്ച്, വയർലെസ് ഇയർഫോൺ നിർമാതാക്കളായ നോയിസ് അവരുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചായ നോയിസ് എക്സ് ഫിറ്റ് 1 ( Noise X-Fit 1 ) വിപണിയിൽ അവതരിപ്പിച്ചു. നവംബർ 26 ന് ആമസോൺ ഇന്ത്യ വഴി നടക്കുന്ന ആദ്യ വിൽപ്പനക്ക് അത്യാകർഷകമായ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
സിലിക്കൺ സ്ട്രാപ്പുമായി ഘടിപ്പിച്ച ദീർഘചതുരാകൃതിയിലുള്ള ഡയലും ഒരു വശത്തായി ബട്ടണും ചേരുന്ന മെറ്റൽ ഫിനിഷോട് കൂടിയ ഡിസൈൻ ആണ് നോയ്സ് എക്സ് ഫിറ്റ് 1 ന് കമ്പനി നൽകിയിരിക്കുന്നത്. ഏകദേശം 30 ഗ്രാം മാത്രമാണ് വാച്ചിന്റെ ഭാരം അതുകൊണ്ട് കയ്യിൽ ധരിക്കുമ്പോൾ വളരെ ഭാരം കുറവായി മാത്രമേ തോന്നുകയുള്ളൂ. അതിനോടൊപ്പം രക്തത്തിലെ ഓക്സിജന്റെ അളവ് ട്രാക്കുചെയ്യുന്നതിനുള്ള SpO2 മോണിറ്റർ സംവിധാനവും പത്ത് ദിവസത്തെ ബാറ്ററി ലൈഫും നോയ്സ് വാഗ്ദാനം ചെയ്യുന്നു.
നോയ്സ് എക്സ് ഫിറ്റ് 1 സവിശേഷതകൾ
86% സ്ക്രീൻ-ബോഡി അനുപാതത്തോട് കൂടി 360×400 പിക്സൽ റെസലൂഷനും 354ppi പിക്സൽ ഡെൻസിറ്റിയോടും വരുന്ന 1.52 ഇഞ്ച് വലിപ്പമുള്ള ഐപിഎസ് ട്രൂവ്യൂ ഡിസ്പ്ലേയാണ് നോയ്സ് എക്സ് ഫിറ്റ് 1-ൽ ഉള്ളത്. 9 മിമി ഘനത്തിൽ ഒരു നേർത്ത മെറ്റൽ ഫിനിഷുംനൽകിയിരിക്കുന്നു. പരമ്പരാഗത രീതിയിലുള്ള ബക്കിളോട് കൂടിയ ഒരു സിലിക്കൺ സ്ട്രാപ്പ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നു. ഇത് വാച്ചിനെ സുരക്ഷിതമായി കയ്യിലുറപ്പിച്ച് നിർത്താൻ സഹായിക്കുന്നു. 30ഗ്രാം ഭാരമാണ് വാച്ചിനുള്ളത്. രക്തത്തിലെ ഓക്സിജന്റെ അളവ്, ഹൃദയമിടിപ്പ്, ഉറക്കം, സമ്മർദ്ദം എന്നിവ നിരീക്ഷിക്കാൻ വാച്ചിന് കഴിയും കൂടാതെ 15 സ്പോർട്സ് മോഡുകളും നോയ്സ് എക്സ്-ഫിറ്റ് 1-ൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇഷ്ടാനുസൃതമായി മാറ്റാൻ കഴിയുന്ന 100-ലധികം വാച്ച് ഫെയ്സുകൾ, ക്വിക്ക് റിപ്ലൈ, സ്മാർട്ട് ഡിഎൻഡി, IP68 വാട്ടർപ്രൂഫ് എന്നിവയാണ് മറ്റ് ഫീച്ചറുകൾ. 10 ദിവസം വരെ ബാറ്ററി ക്ഷമത നൽകുമെന്ന് അവകാശപ്പെടുന്ന 210mAh ബാറ്ററിയാണ് വാച്ചിലുള്ളത്.
നോയ്സ് എക്സ് ഫിറ്റ് 1 ന്റെ ഇന്ത്യയിലെ വിലയും വിൽപ്പനയും
പുതിയ നോയ്സ് എക്സ് ഫിറ്റ് 1-ന് ഇന്ത്യയിൽ 2,999 രൂപയാണ് പ്രാരംഭ ദിനത്തിൽ പ്രത്യേക ലോഞ്ച് വിലയായി സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ 5,999 രൂപയാണ് യഥാർത്ഥ വില. ഇ-കൊമേഴ്സ് സൈറ്റായ ആമസോൺ ഇന്ത്യയിൽ വിൽപ്പനയെ സംബന്ധിച്ച് ഇതിനകംതന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സിൽവർ & ബ്ലാക്ക് മെറ്റൽ ഫ്രെയിമിലാണ് വാച്ച് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇതിനോടൊപ്പം വെള്ളയും കറുപ്പും സിലിക്കൺ സ്ട്രാപ്പ് ഓപ്ഷനുകളുമുണ്ട്. നവംബർ 26ന് ഇന്ത്യൻ സമയം രാവിലെ 10 മണിക്കാണ് വാച്ചിന്റെ ആദ്യ വിൽപ്പന ആരംഭിക്കുക.
Content Highlights : Noise X-Fit 1 Launched in India With SpO2 Monitoring and 10-Day Battery Life