കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് പുഴയിലെറിഞ്ഞ സിസിടിവി ഡിവിആർ കണ്ടെത്താൻ പരിശോധന തുടങ്ങി. ഡിവിആർ പുഴയിലെറിഞ്ഞെന്ന് മൊഴി നൽകിയ ഹോട്ടൽ ജീവനക്കാരുടെ സാന്നിധ്യത്തിലാണ് പരിശോധന.ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപമാണ് തിരച്ചിൽ നടത്തുന്നത്.
ഫയർ ഫോഴ്സിന്റെ സ്കൂബ ഡൈവിങ്ടീമാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. ഡിവിആർ എറിഞ്ഞതായി ജീവനക്കാർ കാണിച്ചുകൊടുത്ത ഭാഗത്താണ് ഇപ്പോൾ പരിശോധന. വലിയ ഒഴുക്കുള്ള മേഖലയായതിനാലും ഡിവിആർപുഴയിലെറിഞ്ഞ് നിരവധി ദിവസങ്ങൾ കഴിഞ്ഞതുകൊണ്ടും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആർലഭിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും വിശദമായ പരിശോധനയാണ് നടക്കുന്നത്.
ഡിവിആർ യഥാർഥത്തിൽ പുഴയിലെറിയുകയായിരുന്നോ അതോ മറ്റേതെങ്കിലും കേന്ദ്രത്തിൽ ഒളിപ്പിച്ചിട്ടുണ്ടോ എന്ന സംശയവും പോലീസിനുണ്ട്. അതിനായി ഹോട്ടൽ ഉടമ റോയിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളിൽ കൂടി പോലീസ് പരിശോധന നടത്തും. അതോടൊപ്പം ഹോട്ടലിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരേയും വിളിച്ചുവരുത്തും. 30 പേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. അമ്പതോളം പേരാണ് ഡിജെ പാർട്ടിയിൽ പങ്കെടുത്തിരുന്നത്.