മൊബൈൽ പ്രീപെയ്‌ഡ് നിരക്കുകൾ എയർടെൽ വർധിപ്പിച്ചിരിക്കുകയാണ്. 20 മുതൽ 25 ശതമാനം വരെയാണ് വർധനവുണ്ടാവുക. ഡാറ്റാ ടോപ്പ് അപ്പ് പ്ലാനുകളിലും 20 ശതമാനം വർധനവുണ്ട്.
സാമ്പത്തികാരോഗ്യം കണക്കിലെടുത്ത് നിരക്ക് വർധിപ്പിക്കാതെ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി. 200 രൂപയെങ്കിലും ഒരു ഉപയോക്താവിൽനിന്ന് ശരാശരി പ്രതിമാസം വരുമാനമായി ലഭിച്ചാൽമാത്രമെ മുന്നോട്ടുപോകാൻ കഴിയൂ എന്നാണ് കമ്പനി പറയുന്നത്. നവംബർ 26 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.
ജിയോ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം വരിക്കാരുള്ള ടെലികോം സേവനദാതാവാണ് എയർടെൽ. കമ്പനിയ്‍ക്ക് തങ്ങളുടെ ലാഭം നോക്കാതെ തരമില്ല എങ്കിലും ഈ നിരക്ക് വർധന ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പോക്കറ്റ് കാലിയാകുന്ന ഏർപ്പാടാണ്.
എങ്കിലും ഈ നിരക്ക് വർധനയിൽ നിന്ന് കുറച്ചു നാളെങ്കിലും മറികടന്നു നിൽക്കാൻ ഒരു വഴിയുണ്ട്. നവംബർ 26 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. അതായത് പഴയ നിരക്ക് ഇനിയും കുറച്ച് നാൾ കൂടി ലഭിക്കും.
1.5 ജിബി ഡാറ്റാ പ്ലാനുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ഈ നിരക്ക് വർധന മറികടക്കാനുള്ള ഒരു വഴി എയർടെലിന്റെ വാർഷിക പ്ലാനുകളിലേക്ക് മാറുക എന്നുള്ളതാണ്.
അതിന് സാധിക്കാത്തവർക്ക് 84 ദിവസത്തെ പ്ലാനുകളെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. പഴയ നിരക്കുകൾ അത്രയും നാൾകൂടി ഉപയോഗിക്കാമല്ലോ.
വാർഷിക പ്ലാനുകൾ
ഇപ്പോൾ നിലവിലുള്ള എയർടെലിന്റെ വാർഷിക പ്ലാനായ 1498 രൂപയുടെ പ്ലാൻ നിരക്ക് വർധിക്കുമ്പോൾ 1799 രൂപയാവും. ഈ പ്ലാനിനൊപ്പം ആകെ 24 ജിബി ഡാറ്റയും 3600 എസ്എംഎസും അൺലിമിറ്റഡ് കോളും ലഭിക്കും.
മറ്റൊരു വാർഷിക പ്ലാൻ 2498 രൂപയുടേതാണ്. ഈ പ്ലാൻ നിരക്ക് ഉയരുമ്പോൾ 2999 രൂപയാവും. ഈ പ്ലാനിൽ പ്രതിദിനം രണ്ട് ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ, ദിവസേന 100 എസ്എംഎസ് എന്നിവ ലഭിക്കും.
ഇത് കൂടാതെ 84 ദിവസത്തെ പ്ലാനുകളും റീച്ചാർജ് ചെയ്‌യാവുന്നതാണ്. മൂന്ന് മാസത്തേക്ക് അധിക നിരക്കിൽ നിന്ന് രക്ഷപ്പെടാമല്ലോ!
379 രൂപയുടെ പ്ലാനാണ് അതിലൊന്ന്. 84 ദിവസത്തെ വാലിഡിറ്റിയിൽ ആറ് ജിബി ഡാറ്റയാണ് ലഭിക്കുക. അൺലിമിറ്റഡ് കോൾ, 900 എസ്എംഎസ് എന്നിവ ലഭിക്കും. ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ഫ്രീ ട്രയൽ സബ്സ്ക്രിപ്ഷനും ലഭിക്കും.
598 രൂപയുടെ പ്ലാനിൽ പ്രതിദിനം 1.5 ജിബി ആസ്വദിക്കാം. ദിവസേന നൂറ് എസ്എംഎസും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലുണ്ട്. ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ഫ്രീ ട്രയൽ സബ്സ്ക്രിപ്ഷനും ലഭിക്കും.
698 രൂപയുടെ പ്ലാനിൽ രണ്ട് ജിബി ഡാറ്റയാണ് ദിവസേന ലഭിക്കുക. ഇത് കൂടാതെ ദിവസേന നൂറ് എസ്എംഎസും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലുണ്ട്. ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ഫ്രീ ട്രയൽ സബ്സ്ക്രിപ്ഷനും ലഭിക്കും.
Content Highlights: Bharto Airtel Tariff hike, How to overcom, Yearly plans, New Tariff Rates