യാത്രയ്ക്കിടയിൽ കുണ്ടന്നൂർ ജംങ്ഷനിൽ വെച്ച് എന്തോ സംഭവിച്ചു. അതെന്താണെന്ന് കണ്ടെത്തണം. കാർ നിർത്തി സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അഞ്ജനയ്ക്ക് നേരത്തെ ഭീഷണികൾ ഒന്നും ഉണ്ടായിരുന്നില്ല. ഔഡി കാർ പിന്തുടർന്നതാണ് അപകടത്തിനിടയാക്കിയത്. ഔഡി കാർ ഓടിച്ച സൈജുവിന്റേയും ഹോട്ടൽ ഉടമയുടേയും പങ്ക് വിശദമായി അന്വേഷിക്കണം. സൈജു ആരുടെ നിർദ്ദേശപ്രകാരമാണ് പിന്തുടർന്നതെന്നും ആരെയാണ് ഫോൺ ചെയ്തതെന്നും കണ്ടെത്തണം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കമ്മീഷ്ണർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് അർജുൻ പറഞ്ഞു.
കാറിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയെന്നാണ് പറയുന്നത്. എന്നാൽ ഹോട്ടലിൽ നിന്നും നാലുപേർ കയ്യും വീശി പുറത്തിറങ്ങുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. അത് വാഹത്തിൽ ഉണ്ടായിരുന്നതായിരിക്കാം. ദൃശ്യങ്ങളിൽ അഞ്ജന മദ്യപിച്ചതിന്റേതായ ലക്ഷണങ്ങളില്ലെന്നും അഞ്ജനയുടെ സഹോദരൻ അർജുൻ പറയുന്നു. വീട്ടിൽ മദ്യം കയറ്റുന്നതിനോട് അഞ്ജനയ്ക്ക് എതിർപ്പായിരുന്നു. തന്റെ വിവാഹത്തിന് സുഹൃത്തുക്കൾക്ക് മദ്യം നൽകുന്നതിനെ അഞ്ജന എതിർത്തിരുന്നു.
അഞ്ജനയും അബ്ദുൾ റഹ്മാനും തമ്മിൽ പ്രണയത്തിലാണെന്നു സുഹൃത്തുക്കൾ പറഞ്ഞതിനേക്കുറിച്ച് അറിയില്ല. ആദ്യമായാണ് ആ പയ്യനെ കാണുന്നതെന്ന് സഹോദരൻ പറഞ്ഞു. പ്രണയബന്ധത്തെക്കുറിച്ച് തന്നോട് പറയാൻ സാധിക്കില്ലെങ്കിൽ അമ്മയോട് പറയേണ്ടതാണ്. സഹോദരിക്ക് വീട്ടിൽ ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുത്തിരുന്നുവെന്നും അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ലെന്നും സഹോദരൻ വ്യക്തമാക്കി.
അപകടം നടന്ന രാത്രിയിൽ അഞ്ജന അമ്മയ്ക്ക് വോയ്സ് മെസേജ് അയച്ചിരുന്നു. പുറത്താണുള്ളതെന്നും അൻസി കൂടെയുണ്ടെന്നും പറഞ്ഞു. നാളെ വരാമെന്നാണ് പറഞ്ഞത്. എന്നാൽ രാത്രിയിൽ വീട്ടിലേക്ക് വരാൻ ഉദ്ദേശിച്ചായിരിക്കും ഹോട്ടലിൽ നിന്നും ഇറങ്ങിയതെന്നും സഹോദരൻ വ്യക്തമാക്കി. തന്റെയും കുടുംബത്തിന്റേയും സംശയത്തിന് കൃത്യമായ ഉത്തരം പോലീസ് നൽകുന്നുണ്ട്. പോലീസ് വിളിപ്പിച്ചപ്പോഴാണ് ഹോട്ടൽ ഉടമ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്ന് മനസിലായത്. നിലവിൽ ഭീഷണികളില്ലെന്നും അപരിചിതർ വീട്ടിൽ വരുമ്പോൾ വിവരങ്ങൾ തിരക്കിയ ശേഷം മാത്രമാണ് സംസാരിക്കാറുള്ളതെന്നും സഹോദരൻ പറഞ്ഞു.