ഓസ്‌ട്രേലിയൻ വിസയുള്ളവർക്കും, അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കും, തൊഴിലാളികൾക്കും ഡിസംബർ 1 മുതൽ യാത്ര ചെയ്യാമെന്ന്, സ്‌കോട്ട് മോറിസൺ സ്ഥിരീകരിച്ചു. പാൻഡെമിക് കാരണം അതിർത്തികൾ അടച്ച ഏകദേശം രണ്ട് വർഷത്തിന് ശേഷം, ഓസ്‌ട്രേലിയൻ വിസ ഉടമകൾക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും വിദഗ്ധ തൊഴിലാളികൾക്കും അടുത്ത മാസം മുതൽ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ കഴിയും.
പൂർണമായും വാക്സിനേഷൻ ലഭിച്ച വിസ ഉടമകൾക്ക് യാത്രാ ഇളവിന് അപേക്ഷിക്കാതെ തന്നെ ഡിസംബർ 1 മുതൽ ഓസ്ട്രേലിയയിൽ പ്രവേശിക്കാൻ അർഹതയുണ്ടെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.COVID-19 ലോക്ക്ഡൗണുകളെ തുടർന്നുള്ള ദേശീയ പദ്ധതിയിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കമെന്ന് മോറിസൺ പറഞ്ഞു.
“വിദഗ്ധ തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും ഓസ്‌ട്രേലിയയിലേക്കുള്ള മടക്കം ഞങ്ങളുടെ തിരിച്ചുവരവിലെ ഒരു പ്രധാന നാഴികക്കല്ലാണ്. തൊഴിലാളികളെ ആവശ്യമുള്ള, അന്താരാഷ്ട്ര വിദ്യാർത്ഥികൾ മടങ്ങിവരുന്നത് കാണാൻ ആഗ്രഹിക്കുന്നതുമായ നമ്മുടെ ഒരു വിഭാഗം ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ഈ തീരുമാനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വളരെയധികം ഉത്തേജനമാകും എന്നതിൽ സംശയമില്ല.” പദ്ധതി പ്രകാരം 233,000 വിസ ഉടമകളെ ഓസ്‌ട്രേലിയയിലേക്ക് വരാൻ അനുവദിക്കുമെന്ന് കണക്കാക്കുന്നു.
വിസ തരങ്ങളിൽ മാനുഷിക, വിദ്യാർത്ഥി, സാമ്പത്തിക, താൽക്കാലിക, താൽക്കാലിക ഫാമിലി വിസകൾ ഉൾപ്പെടും.
നവംബർ 1 ന് ഓസ്‌ട്രേലിയയിൽ നിന്ന് അന്താരാഷ്ട്ര യാത്ര പുനരാരംഭിച്ചത് മുതൽ, പൗരന്മാർക്കും സ്ഥിര താമസക്കാർക്കും അവരുടെ കുടുംബങ്ങൾക്കും മാത്രമേ ക്വാറന്റൈൻ ഇല്ലാതെ യാത്ര ചെയ്യാൻ കഴിയൂ. ഓസ്‌ട്രേലിയയുടെ ഉയർന്ന വാക്‌സിനേഷൻ നിരക്ക് കാരണമാണ് അന്താരാഷ്ട്ര യാത്രകൾ വിപുലീകരിക്കാനുള്ള തീരുമാനമെടുത്തതെന്ന് മോറിസൺ പറഞ്ഞു.
16 വയസ്സിന് മുകളിലുള്ള യോഗ്യരായ ജനസംഖ്യയുടെ 85 ശതമാനത്തിലധികം പേർ പൂർണ്ണമായും വാക്സിനേഷൻ എടുത്തവരാണ്, 91.5 ശതമാനം പേർക്ക് ഒരു ഡോസ് ഉണ്ട്.
“ഇവ ഓസ്‌ട്രേലിയക്കാരുടെ അസാധാരണ നേട്ടങ്ങളാണ്,” അദ്ദേഹം പറഞ്ഞു. “ലോകമെമ്പാടുമുള്ള ചുരുക്കം ചിലർക്ക് കഴിയുന്ന വിധത്തിൽ ഓസ്‌ട്രേലിയക്കാർക്ക് ക്രിസ്‌മസും അവധിക്കാലവും പ്രതീക്ഷിക്കാം.”ഓസ്‌ട്രേലിയ ലോകത്തിനായി വീണ്ടും തുറക്കുകയാണെന്ന് ആഭ്യന്തര മന്ത്രി കാരെൻ ആൻഡ്രൂസ് പറഞ്ഞു.