വാട്സാപ്പ് വെബ് ഉപഭോക്താക്കൾക്കായി പുതിയ സ്വകാര്യതാ ഫീച്ചർ അവതരിപ്പിച്ചു. മൈ കോൺടാക്റ്റ് എക്സെപ്റ്റ് എന്ന പുതിയ സൗകര്യമാണ് അവതരിപ്പിച്ചത്. നിലവിൽ വാട്സാപ്പ് ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ ഈ സൗകര്യം നേരത്തെ തന്നെ ലഭ്യമായിരുന്നു. എന്നാൽ വാബീറ്റാ ഇൻഫോയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച് ഈ സൗകര്യം മറ്റ് ഉപഭോക്താക്കൾക്കും ലഭ്യമാക്കിയിട്ടുണ്ട്. 2.2146.5 അപ്ഡേറ്റിലൂടെ വെബിലും ഡെസ്ക്‍ടോപ്പ് പതിപ്പിലും ഇത് ലഭ്യമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നിങ്ങളുടെ ലാസ്റ്റ് സീൻ, സ്റ്റാറ്റസ്, പ്രൊഫൈൽ ഫോട്ടോ, എബൗട്ട് ഡിസ്ക്രിപ്ഷൻ എന്നിവ ആരെല്ലാം കണണം എന്ന് തീരുമാനിക്കുന്നതിനുള്ള ഓപ്ഷനുകളിലൊന്നാണ് മൈ കോൺടാക്റ്റ് എക്സെപ്റ്റ്. നിലവിൽ എവരിവൺ, മൈ കോൺടാക്റ്റ്, നോബഡി എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഇതിനായുള്ളത്.
പുതിയ ഓപ്ഷൻ കൂടി എത്തുമ്പോൾ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള പ്രത്യേക നമ്പറുൾ മാത്രം തിരഞ്ഞെടുത്ത് നിങ്ങളുടെ വിവരങ്ങൾ കാണുന്നത് വിലക്കാൻ സാധിക്കും.
അടുത്തിടെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി ഒരു പുതിയ ഷോർട്ട് കട്ട് വാട്സാപ്പ് അവതരിപ്പിച്ചിരുന്നു. ഏതെങ്കിലും ഉപഭോക്താവ് ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്‌യുമ്പോൾ പെട്ടെന്ന് തന്നെ വീഡിയോ കോൾ ചെയ്‌യാൻ വേണ്ടിയാണ് ഈ ഷോർട്ട് കട്ട്. ഇതുവഴി സ്റ്റാറ്റസ് കണ്ടുകൊണ്ടിരിക്കെ ഫോണിന്റെ വലത് വശത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനുവിൽ നിന്നും വീഡിയോകോൾ ഓപ്ഷൻ തിരഞ്ഞെടുക്കാനാവും. നേരത്തെ വോയ്സ് കോൾ ഓപ്ഷനും ഇത് പോലെ അവതരിപ്പിച്ചിരുന്നു.
Content Highlights: Whatsapp Privacy features, My contacts Except, New feature update, Whatsapp Web