ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനായുള്ള ശ്രമത്തിലാണ് ഇൻസ്റ്റാഗ്രാം. ഒരു ഫോട്ടോഷെയറിങ് ആപ്ലിക്കേഷനായി തുടങ്ങിയ ഇൻസ്റ്റാഗ്രാം ഒരു മൾടി മീഡിയാ ആപ്ലിക്കേഷനായി മാറിക്കഴിഞ്ഞുവെന്ന് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി തന്നെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഒരു മുൻനിര വീഡിയോ പ്ലാറ്റ്ഫോം കൂടിയാണ് ഇൻസ്റ്റാഗ്രാം.
ഇപ്പോഴിതാ ചിത്രങ്ങൾക്കും വീഡിയോകൾക്കും പിന്നാലെ പാട്ടുകളും പങ്കുവെക്കാനുള്ള സൗകര്യം പരീക്ഷിക്കുകയാണ് ഇൻസ്റ്റാഗ്രാം. നിലവിൽ സ്റ്റോറീസിലും, റീൽസിലുമാണ് ഉപഭോക്താക്കൾക്ക് പാട്ടുകൾ പങ്കുവെക്കാൻ സാധിക്കുക. എന്നാൽ താമസിയാതെ തന്നെ ന്യൂസ് ഫീഡിലും പാട്ടുകൾ പങ്കുവെക്കാൻ കമ്പനി അനുവദിച്ചേക്കും.
ഇന്ത്യയിലും ബ്രസീലിലും തുർക്കിയിലുമാണ് ഈ ഫീച്ചർ പരീക്ഷിച്ചുവരുന്നത്. ഇൻസ്റ്റാഗ്രാം ഫീഡിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊപ്പം പാട്ടുകൂടി ചേർക്കാൻ മറ്റ് പല ആപ്ലിക്കേഷനുകളെയാണ് ഉപഭോക്താക്കൾ ആശ്രയിക്കാറ്. എന്നാൽ പുതിയ അപ്ഡേറ്റിലൂടെ ചിത്രങ്ങളിലും വീഡിയോകളിലും പാട്ടുകൂടി ചേർത്ത് ന്യൂസ് ഫീഡിൽ പങ്കുവെക്കാൻ ഇൻസ്റ്റാഗ്രാം അനുവദിക്കും.
എങ്ങനെയാണ് പാട്ട് ചേർക്കുന്നത്
- സാധാരണ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാൻ ചെയ്യാറുള്ളത് പോലെ ചിത്രങ്ങൾ തിരഞ്ഞെടുക്കുക.
- അപ്പോൾ ആഡ് മ്യൂസിക് ഓപ്ഷൻ നിങ്ങൾക്ക് കാണാനാവും.
- അത് തിരഞ്ഞെടുത്താൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടപാട്ടുകൾ തിരഞ്ഞെടുക്കാനും ട്രെൻഡിങ് ആയ പാട്ടുകൾ തിരഞ്ഞെടുക്കാനുമുള്ള സൗകര്യമുണ്ടാവും. ഇതിനായി ബ്രൗസ്, ട്രെൻഡിങ്, ഫോർ യൂ എന്നീ വിഭാഗങ്ങളുണ്ടാവും.
- അതിൽ നിന്ന് പാട്ട് തിരഞ്ഞെടുത്താൽ അത് വീഡിയോയിലും ചിത്രങ്ങളിലും ചേർക്കപ്പെടും.
Content Highlights: Instagram new features, Instagram Music share, New features