മോട്ടോറോളയുടെ മോട്ടോ ജി 200 സ്മാർട്ഫോൺ പുറത്തിറക്കി. ഈ ഫോണിനൊപ്പം മറ്റ് മോട്ടോ ജി ഫോണുകൾ കൂടി അവതരിപ്പിച്ചിട്ടുണ്ട്. മോട്ടോ ജി71, മോട്ടോ ജി51, മോട്ടോ ജി41, മോട്ടോ ജി31 തുടങ്ങിയ ഫോണുകളാണ് അവതരിപ്പിച്ചത്. മോട്ടോ ജി100 ഫോണിന്റെ പിൻഗാമിയായാണ് മോട്ടോ ജി200 എത്തിയിരിക്കുന്നത്. ശക്തിയേറിയ പ്രൊസസറും, 108 മെഗാപിക്സൽ ക്യാമറയും, 144+ ഹെർട്സ് ഡിസ്പ്ലേയുമാണിതിന്. മോട്ടോ ജി71, മോട്ടോ ജി51, മോട്ടോ ജി41, മോട്ടോ ജി31 ഫോണുകൾ ബജറ്റ് നിരക്കിലുള്ളവയാണ്
മോട്ടോ ജി200 ഫോണിന് 450 യൂറോയാണ് വില. ഇത് ഏകദേശം 37900 രൂപ വരും. നിലവിൽ ലാറ്റിനമേരിക്കയിലാണ് ഇത് ലഭിക്കുക. ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ഫോണുകളും അവതരിപ്പിച്ചേക്കില്ലെങ്കിലും ഇക്കൂട്ടത്തിൽ ചിലതെങ്കിലും ഇന്ത്യയിലെത്താൻ സാധ്യതയുണ്ട്.
6.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് മോട്ടോ ജി200ന്. 144 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. എൽസിഡി ഡിസ്പ്ലേയാണിതിന് എന്ന പ്രത്യേകതയുമുണ്ട്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 888+ പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ 8ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്. ഒരു റാം വേരിയന്റ് മാത്രമാണ് ഫോണിന് എന്നാൽ 128 ജിബിയുടെ സ്റ്റോറേജ് ഓപ്ഷനും ലഭ്യമാണ്.
108 മെഗാപിക്സൽ പ്രധാന ക്യാമറ, 13 എംപി അൾട്രാ വൈഡ് മാക്രോ ക്യാമറ, ഒരു ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ, 16 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണ് ക്യാമറ വിഭാഗത്തിൽ വരുന്നത്.
8കെ വീഡിയോ റെക്കോർഡിങ്, 960 എഫ്പിഎസ് സ്ലോമോഷൻ വീഡിയോ ഉൾപ്പടെയുള്ള വീഡിയോ റെക്കോർഡിങ് ഓപ്ഷനുകൾ ലഭ്യമാണ്.
5000 എംഎഎച്ച് ബാറ്ററിയിൽ 33 വാട്ട് അതിവേഗ ചാർജിങ് സൗകര്യമുണ്ട്.
Content Highlights: motorola moto g200 with Moto G71, Moto G51, Moto G41 and Moto G31.launched in latin america