ബെയ്ജിങ്: ചൈനീസ് ടെക്ക് കമ്പനിയായ വാവേ പുതിയ സ്മാർട് ബൈക്ക് ഹെൽമെറ്റ് അവതരിപ്പിച്ചു. ഹെൽമെറ്റ്ഫോൺ ബിഎച്ച് 51എം നിയോ എന്ന് പേരിട്ടിരിക്കുന്ന ഈ ഹെൽമെറ്റ് ഹാർമണി ഓഎസ് അധിഷ്ടിതമായാണ് പ്രവർത്തിക്കുക. ബ്ലൂടൂത്ത് കോളിങ്, വോയ്സ് കമാന്റ് പോലുള്ള നിരവധി സൗകര്യങ്ങളാണ് ഹെൽമെറ്റിലുണ്ടാവുക.
ചൈനീസ് വിപണിയിലാണ് ഈ സ്മാർട് ഹെൽമെറ്റ് നിലവിൽ ലഭിക്കുന്നത്. 799 യുവാൻ ആണ് ഇതിന് വില. ഇത് ഇന്ത്യയിൽ ഏകദേശം 9290 രൂപ വരും.
ഹാർമണി ഓഎസ് കണക്റ്റ് വൺ ടച്ച് ടാഗിന്റെ പിന്തുണയിൽ ഫോണും ഹെൽമെറ്റും തമ്മിൽ ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച് ബ്ലൂടൂത്ത് വോയ്സ് കോളിങ് സാധ്യമാവും.
ഉപഭോക്താവിന്റെ തലയ്ക്ക് സംരക്ഷണം നൽകുന്നതിനൊപ്പം ഹെൽമെറ്റിന്റെ മുന്നിലും പിന്നിലും എൽഇഡി ലൈറ്റുകളും നൽകിയിട്ടുണ്ട്.
15 കോടി ഉൽപന്നങ്ങൾ ഹാർമണി ഓഎസിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അടുത്തിടെ വാവേ പ്രഖ്യാപിച്ചിരുന്നു. ജൂൺ രണ്ടിന് ഹാർമണി ഓഎസ് 2 ഔദ്യോഗികമായി അവതരിപ്പിക്കുകയും ചെയ്തു.
ടിവി പോലുള്ള സ്മാർട് ഉൽപ്പന്നങ്ങളിലാണ് ഹാർമണി ഓഎസ് പിന്തുണ നൽകുന്നത്. ഗൂഗിളിന്റേയും ആപ്പിളിന്റേയും ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്ക് വെല്ലുവിളി ഹാർമണി സൃഷ്ടിക്കുമെന്നാണ് വാവേയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ അവകാശപ്പെടുന്നത്.
വാവേയുടെ ആപ്പ് ഗാലറിയിൽ ഇതിനകം 42 കോടി ഉപഭോക്താക്കളുണ്ട്. 170 ൽ ഏറെ രാജ്യങ്ങളിൽ ആപ്പ് ഗാലറി ലഭ്യമാണെന്നും കമ്പനി പറയുന്നു.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്കിടെയാണ് അമേരിക്ക വാവേയ്ക്ക് വിലക്കേർപ്പെടുത്തിയത്. ഇതേ തുടർന്ന് ഗൂഗിൾ ഉൾപ്പടെയുള്ള അമേരിക്കൻ ടെക്നോളജി കമ്പനികൾക്ക് വാവേയുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നു. ആൻഡ്രോയിഡ് ഓഎസ് ഉപയോഗിക്കാൻ സാധിക്കാതെ വന്നു.
ഈ നിരോധനങ്ങൾക്കിടെയാണ് വാവേ ഹാർമണി ഓഎസ് അവതരിപ്പിച്ചത്. 2012 മുതൽ തന്നെ കമ്പനി സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റത്തിനായുള്ള ശ്രമം തുടങ്ങിയിരുന്നു. ഹോണറിന്റെ സ്മാർട് ടിവിയിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. പിന്നീട് സ്മാർട്ഫോണുകൾ, ടാബ് ലെറ്റുകൾ, സ്മാർട് വാച്ചുകൾ എന്നിവയും പുറത്തിറക്കി.
Content Highlights: Huawei smarthelmet, Harmony OS, Devices in Harmony OS, Helmets