വാട്സാപ്പിന്റെ പ്രൈവസി പോളിസി മാറ്റം വിവാദമായപ്പോഴാണ് സിഗ്നൽ ആപ്പിനെ നമ്മുടെ നാട്ടുകാർ കാര്യമായി പരിചയപ്പെടുന്നത്. വാട്സാപ്പ് ഉപേക്ഷിച്ച് ടെലഗ്രാമിലേക്കോ മാറൂ എന്ന ആഹ്വാനവും വിവിധ കോണുകളിൽ നിന്നുണ്ടായി. വാർത്തകൾ വന്നു. തീർച്ചയായും ഒരു ഓപ്പൺ സോഴ്സ് ആപ്ലിക്കേഷൻ എന്ന നിലയിൽ മികച്ച എന്റ് റ്റു എന്റ് എൻക്രിപ്ഷനും നിങ്ങളുടെ ആശയവിനിമയങ്ങൾക്ക് സ്വകാര്യതയും സിഗ്നൽ ഉറപ്പു നൽകിയിരുന്നു.
വാട്സാപ്പിനെ സംശയിച്ചവർ പലരും അക്കൗണ്ടുകൾ പരീക്ഷിച്ചു നോക്കിയെങ്കിലും മെസേജ് അയക്കാൻ ആളില്ലാത്ത അവസ്ഥയായിരുന്നു സിഗ്നലിൽ. വാട്സാപ്പിന്റെ പ്രൈവസി പോളിസിയെയും സ്വകാര്യതയില്ലായ്മയെയും ചൂണ്ടിക്കാട്ടിയാണ് അടുത്ത കാലത്തെല്ലാം സിഗ്നൽ ഉപഭോക്താക്കളെ ആകർഷിച്ചിരുന്നത്. സമ്പൂർണ സ്വകാര്യതയും സുരക്ഷയുമുള്ള ആപ്ലിക്കേഷനായി ഖ്യാതി നേടാൻ സിഗ്നൽ ഏറെ പരിശ്രമിച്ചിരുന്നു. ഈ നിലയിൽനിന്ന് സിഗ്നലും കൂറുമാറുകയാണ്. സിഗ്നൽ ഒരു ഓപ്പൺ സോഴ്സ് ആപ്ലിക്കേഷൻ അല്ലാതായി മാറുകയാണ്.
അനാവശ്യ ഉള്ളടക്കങ്ങൾ (Spam) ഇല്ലാത്ത ഒരു സ്വതന്ത്ര ആശയവിനിമയ സേവനമായി സിഗ്നലിനെ നിലനിർത്താൻ പൂർണമായും-തുറന്ന നിലയിൽനിന്ന് മാറാനും സെർവറിന്റെ ഒരു ഭാഗം സ്പാം കാമ്പയിനുകൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള സംവിധാനത്തിന് വേണ്ടി സ്വകാര്യമാക്കിവെക്കാനും പോവുകയാണെന്നാണ് സിഗ്നൽ പറയുന്നത്. ഒരു ഈ മാറ്റത്തെ കുറിച്ച് സിഗ്നൽ വ്യക്തമാക്കിയത്.
സിഗ്നൽ സ്വകാര്യമാക്കി വെക്കുന്ന ഈ സംവിധാനത്തിന്റെ നിയന്ത്രണം കയ്യാളുന്നവർക്ക് ഉപഭോക്താവറിയാതെ ഡാറ്റ ഏത് വിധത്തിലും കൈകാര്യം ചെയ്യാനാവും. നിലവിൽ ഓപ്പൺ സോഴ്സ് എന്നത് സ്വകാര്യതയുടേയും സുരക്ഷയുടേയും കാര്യത്തിൽ പരമാവധി വിശ്വാസ്യത ഉറപ്പുവരുത്താനുള്ള മാർഗമാണ്. ആ വിശ്വാസ്യതയാണ് സിഗ്നലിന് പുതിയ മാറ്റത്തിലൂടെ നഷ്ടമാവുക.
ബ്ലോഗ്പോസ്റ്റിലെ തുടർന്നുള്ള വരികളിൽ സുരക്ഷയും സ്വകാര്യതയുമെല്ലാം തുടർന്നും പരിരക്ഷിക്കുമെന്നും ഈ നടപടിയിലേക്ക് നയിച്ച കാരണങ്ങളും വിശദീകരിച്ച് സിഗ്നൽ വാചാലമാവുന്നുണ്ട്. എന്നാൽ ഓപ്പൺ സോഴ്സ് ആയി നിലകൊള്ളുകയും അതിന്റെ പേര് പറഞ്ഞ് ഉപഭോക്താക്കളെ നേടിയതിന് ശേഷം ക്ലോസ്ഡ് സോഴ്സ് ആയി മാറുന്നതിനെ വിദഗ്ദർ സംശയത്തോടെയാണ് കാണുന്നത്.
ഫെയ്സബുക്കോ ഗൂഗിളോ ആമസോണോ സിഗ്നൽ ഫൗണ്ടേഷന് കാര്യമായ സാമ്പത്തിക വാഗ്ദാനം എന്തെങ്കിലും നൽകിയാൽ എന്ത് സംഭവിക്കും? ഒന്നും പറയാൻ പറ്റില്ല. ഉപഭോക്താക്കളുടെ വിവരങ്ങൾ പുറത്തുള്ള കമ്പനികൾക്ക് നൽകുമെന്ന് പറഞ്ഞ് വാട്സാപ്പ് സ്വകാര്യതാ നയത്തിൽ വെള്ളം ചേർത്തപ്പോൾ ഉപഭോക്താക്കൾ ഗത്യന്തരമില്ലാതെ അവിടെ കുടുങ്ങിപ്പോയതിന് സമാനമായ അവസ്ഥായാണ് സിഗ്നലിനെ വിശ്വസിച്ച് കൂടെ നിന്ന ഉപഭോക്താക്കളുടേതുമെന്ന് ഫെഡിഫോളോസ് () ഒരു സോഷ്യൽ മീഡിയാ പോസ്റ്റിൽ പറയുന്നുണ്ട്.
1990-കൾ മുതൽ കേന്ദ്രീകൃത മെസേജിങ് ആപ്പുകൾ ഇതേ നയം തന്നെയാണ് സ്വീകരിക്കുന്നത് എന്ന് പോക്കറ്റ് നൗ റിപ്പോർട്ട് പറയുന്നു. സാധിക്കുന്നതെല്ലാം ചെയ്ത് പരമാവധി ഉപഭോക്താക്കളെ സമ്പാദിക്കുക, ആ ഉപഭോക്താക്കളെ പ്രയോജനപ്പെടുത്താൻ എന്തെങ്കിലും ചെയ്യുക, ലാഭം നോക്കുക, തുടർന്ന് ഉപഭോക്താക്കളെ നഷ്ടമാവുകയും പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്യുക.
അനാവശ്യ സന്ദേശങ്ങളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാനുള്ള സിഗ്നലിന്റെ ശ്രമം നല്ലതല്ലേ എന്ന് ചിന്തിക്കുന്നുണ്ടാവാം. എന്നാൽ സ്പാം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഓപ്പൺ-സോഴ്സ് അല്ലാതാവണം എന്നില്ല. നിരവധി ഓപ്പൺസോഴ്സ് സ്പാം ബ്ലോക്കിങ് പ്രോഗ്രാമുകളും ഓപ്പൺസോഴ്സ് ഇമെയിൽ പ്രോട്ടോക്കോളും നിലവിലുണ്ട്. അതിന് ശ്രമിക്കാതെ ക്ലോസ്ഡ് സോഴ്സ് ആയി മാറാനുള്ള നീക്കം സിഗ്നൽ ഏറെകാലമായി ആസൂത്രണം ചെയ്യുന്ന ഗൂഢനീക്കത്തിന്റെ ഭാഗമായി വേണം കാണാൻ.
Source:
Content Highlights: Signal App, Whatsapp, Privacy Policy, Closed-Source, Open Source