കൊച്ചി: വോഡഫോൺ ഐഡിയ ലിമിറ്റഡ് (വിഐഎൽ) നോക്കിയയുമായി ചേർന്ന് 5ജി ട്രയൽ വിജയകരമായി നടത്തി. 5ജി പരീക്ഷണത്തിനായി സർക്കാർ അനുവദിച്ചിട്ടുള്ള 3.5 ജിഗാഹെർട്ട്സ് സ്പെക്ട്രത്തിലാണ് ട്രയൽ നടത്തിയത്. ഇതുവഴി ഗുജറാത്തിലെ ഗാന്ധിനഗറിൽ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി ലഭ്യമാക്കി. നോക്കിയയുടെ 5ജി ഉപകരണങ്ങൾ ഉപയോഗിച്ച് വി 17.1 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് 100 എംബിപിഎസിലധികം വേഗത്തിലാണ് 5ജി കണക്റ്റിവിറ്റി വിജയകരമായി വി പരീക്ഷിച്ചത്.
ഗ്രാമീണ മേഖലയിൽ വേഗമേറിയ കണക്റ്റിവിറ്റി ലഭ്യമാക്കാനുള്ള ഇന്ത്യ സർക്കാരിന്റെ കാഴ്ചപ്പാടിനെ പിന്തുണച്ചു കൊണ്ടാണ് വിയും നോക്കിയയും ചേർന്ന് ട്രയൽ നടത്തിയത്.
വലുതും ചെറുതും ഇടത്തരവുമായ ബിസിനസ് സംരംഭങ്ങൾക്ക് വിശ്വസനീയമായ കണക്റ്റിവിറ്റി നൽകാൻ കഴിയുന്ന നോക്കിയയുടെ എയർസ്കെയിൽ റേഡിയോ പോർട്ട്ഫോളിയോയും മൈക്രോവേവ് ഇ-ബാൻഡ് സൊലൂഷനുമാണ് വി ട്രയലിന് ഉപയോഗിച്ചത്.
നോക്കിയയുടെ എഫ്ഡബ്ല്യുഎ സിപിഇ (കസ്റ്റമർ പ്രെമിസസ് എക്വിപ്മെന്റ്) ഗ്രാമീണ മേഖലകളിൽ വേഗമേറിയ 5ജി കണക്റ്റിവിറ്റി നൽകുന്നതിന് ഓപറേറ്റർമാരെ സഹായിക്കും.
വി ജിഗാനെറ്റിന്റെ അതിവേഗ നെറ്റ്വർക്ക് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഉപയോക്താക്കളെയും സംരംഭങ്ങളെയും ഈ ഡിജിറ്റൽ യുഗത്തിൽ മുന്നിൽ നിർത്തുന്നുവെന്നും തങ്ങളുടെ 5ജി റെഡി നെറ്റ്വർക്കും നോക്കിയയുടെ സൊലൂഷനും ചേർന്ന് ഗ്രാമീണ മേഖലകളിൽ വേഗമേറിയ 5ജി കവറേജ് നൽകുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും വോഡഫോൺ ഐഡിയ ലിമിറ്റഡ് ചീഫ് ടെക്നോളജി ഓഫീസർ ജഗ്ബീർ സിങ് പറഞ്ഞു.
തങ്ങളുടെ ഫിക്സഡ് വയർലെസ് 5ജി സൊലൂഷൻ വോഡഫോൺ ഐഡിയക്ക് ഗ്രാമീണ മേഖലകളിലേക്ക് 5ജി കവറേജ് നൽകുന്നതിന് സഹായമാകുന്നുണ്ടെന്നും വോഡഫോൺ ഐഡിയയുമായി ഏറെ നാളത്തെ സഹകരണമുണ്ടെന്നും ഗ്രാമീണ മേഖലകളിലേക്ക് 5ജി കണക്റ്റിവിറ്റി എത്തിക്കുന്നതിൽ അവർക്ക് പിന്തുണ നൽകുന്നതിൽ സന്തോഷമുണ്ടെന്നും നോക്കിയ ഇന്ത്യ മാർക്കറ്റ് മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ സഞ്ജയ് മാലിക് പറഞ്ഞു.
Content Highlights: Vi 5G, Vodafone Idea network, Nokia 5G Solutions, Rural Area Broadband, 5G in Indian Rural area