വൺപ്ലസ് നോർഡ് 2 5ജി സ്മാർട്ഫോൺ പൊട്ടിത്തെറിച്ചു. ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. ഫോൺ ഉടമയ്ക്ക് സാരമായ പൊള്ളലുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങൾ. എന്തായാലും സംഭവത്തിൽ വൺപ്ലസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് ആദ്യമായല്ല വൺപ്ലസ് നോർഡ് 2 5ജി പൊട്ടിത്തെറിക്കുന്നത്. നേരത്തെയും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
സുഹിത് ശർമ എന്നയാളാണ് പൊട്ടിത്തെറിച്ച ഫോണിന്റേയും പൊള്ളലേറ്റ ഭാഗവും വ്യക്തമാക്കുന്ന ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്.
വൺപ്ലസിൽ നിന്നും ഇത് തീരെ പ്രതീക്ഷിച്ചില്ലെന്നും. നിങ്ങളുടെ ഉൽപ്പന്നം എന്താണ് ചെയ്ത് വെച്ചിരിക്കുന്നതെന്ന് കണ്ടുനോക്കൂ എന്നും സുഹിത് ശർമ ട്വീറ്റിൽ കുറിക്കുന്നു. ഇതിന്റെ അനന്തരഫലം അനുഭവിക്കാൻ തയ്യാറായിക്കോളൂ, ജനങ്ങളുടെ ജീവൻ വെച്ചുകളിക്കരുത്. പരിക്കേറ്റയാൾ ഏറെ ബുദ്ധിമുട്ടിലാണെന്നും ഉടൻ ബന്ധപ്പെടൂവെന്നും സുഹിത് വൺ പ്ലസിനോട് ആവശ്യപ്പെട്ടു. നവംബർ മൂന്നിന് പങ്കുവെച്ച ട്വീറ്റ് കഴിഞ്ഞ ദിവസമാണ് വാർത്തകളിൽ ഇടം പിടിച്ചത്.
വൺപ്ലസ് നോർഡ് എന്ന ഫോണിന്റെ പിൻഗാമിയായി ജൂലായിലാണ് വൺപ്ലസ് 2 5ജി പുറത്തിറക്കിയത്. ഓഗസ്റ്റിൽ തന്നെ വൺപ്ലസ് നോർഡ് 2 5ജി പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അന്ന് ബെംഗളുരുവിലെ ഒരു യുവതിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. സെപ്റ്റംബറിൽ ഡെൽഹിയിലെ ഒരു അഭിഭാഷകന്റെ ഗൗണിനുള്ളിൽ നിന്നും ഈ ഫോൺ പൊട്ടിത്തെറിച്ചു.
Never expected this from you see what your product have done. Please be prepared for the consequences. Stop playing with peoples life. Because of you that boy is suffering contact asap.
&mdash Suhit Sharma (@suhitrulz)
അതേസമയം ഫോണിനെ കൂടാതെ വൺപ്ലസ് നോർഡ് 2 5ജിയുടെ ചാർജർ പൊട്ടിത്തെറിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അത് പക്ഷെ ചാർജറിന്റെ പ്രശ്നമല്ല എന്നായിരുന്നു കമ്പനിയുടെ പ്രതികരണം.
വൺപ്ലസ് നോർട് 2 പാക് മാക് എഡിഷൻ പുറത്തിറക്കാൻ പോവുന്നതിനിടയിലാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ഫോൺ ആമസോണിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 37999 രൂപയ്ക്കാണ് ഇത് വിൽപനയ്ക്കെത്തുക.