തിരുവനന്തപുരം:പുരാവസ്തു തട്ടിപ്പുകാരൻ മോൺസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയഐജി ജി ലക്ഷ്മണയെ(ഗോകുലത്ത് ലക്ഷ്മണ)സസ്പെന്റ് ചെയ്തു. പോലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഐജിയെ സസ്പെന്റ് ചെയ്തത്. സസ്പെൻഷൻ ഉത്തരവിൽ ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി ഒപ്പിട്ടു.
മോൻസണെതിരേ ചേർത്തല പോലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് വീണ്ടും ലോക്കൽ പോലീസിനുതന്നെ കൈമാറുന്നതിനായി ലക്ഷ്മൺ ഇടപെട്ടതിന്റെ രേഖകൾ പുറത്തുവന്നിരുന്നു. കേസുകൾ ഒതുക്കാനും ലക്ഷ്മണിന്റെ സഹായം കിട്ടിയെന്ന് മോൻസൺ അവകാശപ്പെടുന്ന വീഡിയോ, ഓഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
മോൺസണെതിരായ കേസുകൾ അട്ടിമറിക്കാൻ ഇടപെട്ടു,ഔദ്യോഗിക വാഹനത്തിൽ പലതവണ തിരുവനന്തപുരത്ത് നിന്ന് ഐജിലക്ഷ്മണ മോൺസന്റെ വസതിയിൽ എത്തി എന്നും കണ്ടെത്തിയിരുന്നു.
ഇതിനിടെ മോൻസൺ മാവുങ്കലുമായുള്ള ഐജി ലക്ഷമണയുടെ ഇടപാടുകളുടെ കൂടുതൽ തെളിവുകൾ പുറത്തുവന്നിരുന്നു. പുരാവസ്തു വിൽപ്പനയിൽ ഐജി ലക്ഷ്മണ ഇടനിലക്കാരനായിരുന്നെന്ന് സംശയിക്കുന്ന തെളിവുകളാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്.
ഐജി ലക്ഷമണയും മോൻസന്റെ മാനേജരടക്കമുള്ളവരുമായിനടത്തിയ വാട്സാപ്പ് ചാറ്റുകളുടെ വിവരങ്ങളും ഇന്ന് പുറത്തുവന്നു. ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരിയും ഇതിൽ ഇടപെട്ടിട്ടുണ്ട്. മോൻസന്റെ കൈവശമുണ്ടായിരുന്ന ഖുറാനും ബൈബിളും പുരാവസ്തു എന്ന പേരിൽ വിൽപ്പന നടത്താനും പദ്ധതിയിട്ടിരുന്നു.
ട്രാഫിക് ഐജി ആയ ജി ലക്ഷ്മണയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. മോൻസന്റെ പുരാവസ്തു വിൽപ്പനയിലും തട്ടിപ്പിലുമടക്കം ലക്ഷ്മണയ്ക്ക് നിർണായകമായ പങ്കുണ്ട് എന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നടപടി ശുപാർശ.
മോൻസൺ അറസ്റ്റിലാകുന്നതിന് മുൻപ് വരെ വിൽപനകളിൽ ലക്ഷ്മണ ഇടപെട്ടിരുന്നതായാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.
Content highlights:ig gokulath lakshmana suspended from service relation with monson mavungal