വൺപ്ലസിന്റെ നോർഡ് 2 പാക്-മാൻ ലിമിറ്റഡ് എഡിഷൻ താമസിയാതെ ഇന്ത്യയിലെത്തിയേക്കും. പുതിയ ഫോൺ അവതരിപ്പിക്കുന്നതിന് മുന്നോടിയായി കമ്പനിയുടെ സോഷ്യൽ മീഡിയാ പേജുകളിൽ ഫോണിന്റെ ടീസർ പങ്കുവെച്ചിട്ടുണ്ട്.
ഫോണിന്റെ ചിത്രമോ ഫോൺ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട നേരിട്ടുള്ള മറ്റെന്തെങ്കിലും വിവരങ്ങളോ അല്ല കമ്പനി പങ്കുവെച്ചത്. പാക് മാൻ ഗെയിമിന്റെ ഒരു ചിത്രമാണ്.
സ്പെഷ്യൽ എഡിഷൻ ഫോണുകൾ ചെയ്യുന്നത് പോലെ യഥാർത്ഥ പതിപ്പിൽ നിന്ന് വ്യത്യസ്തമായ പ്രത്യേക ഫീച്ചറുകളിലും ഡിസൈനിലുമാവും വൺപ്ലസ് നോർഡ് 2 പാക്-മാൻ എഡിഷൻ എത്തുക. വൺപ്ലസ് നോർഡിന്റെ പിൻഗാമിയാണ് വൺപ്ലസ് നോർഡ് 2. ഫോണിൽ ഒരു സ്നാപ്ഡ്രാഗൺ ചിപ്പ് ആയിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
വൺപ്ലസ് ഇന്ത്യയുടെ ട്വിറ്റർ അക്കൗണ്ടിലും ഇൻസ്റ്റാഗ്രാമിലും പാക്-മാൻ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഉടൻ വരുന്നു എന്ന കുറിപ്പും നൽകിയിട്ടുണ്ട്. പരസ് ഗുഗ്ലാനി എന്ന ടിപ്പ്സ്റ്റർ പറയുന്നത് ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി പ്രൊസസർ ആയിരിക്കുമെന്നാണ്. വൺപ്ലസ് നോർഡ് 2 ൽ മീഡിയാടെക് ഡൈമെൻസിറഅറി 1200 ചിപ്പ്സെറ്റാണുള്ളത്. എന്തായാലും ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
ഈ വർഷം ജൂലായിലാണ് വൺപ്ലസ് നോർഡ് 2 5ജി സ്മാർട്ഫോൺ പുറത്തിറക്കിയത്. മീഡിയാ ടെക്ക് പ്രൊസസറിലുള്ള കമ്പനിയുടെ ആദ്യ ഫോൺ ആണിത്. 6.43 ഇഞ്ച് ഫുൾഎച്ച്ഡി ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 50 എംപി സോണി ഐഎംഎക്സ്766 പ്രധാന സെൻസർ, 4500 എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററി, വാർപ്പ് ചാർജ് 65 തുടങ്ങിയ സൗകര്യങ്ങൾ ഫോണിലുണ്ട്. ആറ് ജിബിറാം. 128 ജിബി സ്റ്റോറേജ് പതിപ്പിന് 27999 രൂപയാണ് വില. പാക്-മാൻ എഡിഷന്റെ വില ഇതിലും കുടുതലാവാം.
Content Highlights: Oneplus nord 2 pac man edition debut soon in india