അരിസോണ: ആഗോള സോഷ്യൽ മീഡിയാ ഭീമനായ ഫെയ്സ്ബുക്കിന്റെ പേര് മാറ്റം പക്ഷെ അരിസോണയിൽ കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും ഗെയിമിങ് സോഫ്റ്റ് വെയറുമെല്ലാം വിറ്റിരുന്ന ഒരു ചെറിയ കമ്പനിയെ ഞെട്ടിച്ചു. മെറ്റാ പിസി(Meta PCs) എന്നാണ് ആ കമ്പനിയുടെ പേര്. ഭാഗ്യമെന്ന് പറയട്ടെ മാസങ്ങൾക്ക് മുമ്പാണ് മെറ്റാ പിസി തങ്ങളുടെ പേര് ട്രേഡ്മാർക്ക് ചെയ്തത്.
ഫെയ്സ്ബുക്ക് മെറ്റ എന്ന പേര് സ്വീകരിക്കുമെന്ന് തങ്ങൾക്ക് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല എന്ന് മെറ്റാ പീസിയുടെ സഹസ്ഥാപകനായ സാക്ക് ഷട്ട് പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലാണ് കമ്പനി രജിസ്റ്റർ ചെയ്തത്.
ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് ഈ പേര് സ്വന്തമാക്കാൻ ശ്രമിച്ചാൽ രണ്ട് കോടി ഡോളറിൽ താഴെ തുകയ്ക്ക് പേര് വിൽക്കില്ലെന്ന് മെറ്റാ പിസി സ്ഥാപകരായ സാക്ക് ഷട്ടും ജോ ഡാർജറും പറഞ്ഞു.
എന്നാൽ പേരിൽ അവകാശം സ്വന്തമാക്കുന്നതിൽ ഫെയ്സ്ബുക്കിന് വലിയ ആശങ്കയൊന്നുമില്ല എന്നാണ് റിപ്പോർട്ടുകൾ. മെറ്റാ പിസി ട്രേഡ് മാർക്ക് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ആ പേര് സ്വന്തമാക്കാൻ ഫെയ്സ്ബുക്കിന് മുന്നിൽ പഴുതുകൾ ഏറെയുണ്ടെന്നാണ് നിയമവിദഗ്ദനായ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫ. മാർക്ക് പി. മക് കെന്നയെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ വൻകിട കമ്പനികൾ സ്വീകരിച്ചുവരുന്ന നിരവധി കുറുക്കുവഴികൾ ഫെയ്സ്ബുക്കിനും ചെയ്യാവുന്നതേയുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
My new bedroom set up
&mdash KEEM 🍿 (@KEEMSTAR)
മാത്രവുമല്ല ഈ വടംവലിയിൽ കേവലം 25 ജീവനക്കാർ മാത്രമുള്ള മെറ്റാ പിസി എന്ന കമ്പനിയ്ക്ക് ഫെയ്സ്ബുക്കിനെതിരെ എത്രത്തോളം പിടിച്ചുനിൽക്കാനാവുമെന്നും പറയാനാവില്ല.
ഏറെ കഷ്ടപ്പെട്ടാണ് തങ്ങൾ കമ്പനി കെട്ടിപ്പടുത്തതെന്നും ഫെയ്സ്ബുക്ക് അതേ പേര് തന്നെ സ്വീകരിച്ചപ്പോൾ തങ്ങൾ ഏറെ കഷ്ടപ്പെട്ട് നിർമിച്ചെടുത്ത സ്വാഭാവിക സ്വീകാര്യത നഷ്ടപ്പെടുമോ എന്ന് ആശങ്കയുണ്ടെന്നും ഷട്ട് പറയുന്നു. ഇൻഫ്ളുവൻസർ മാർക്കറ്റിങിനും ബ്രാൻഡഡ് കണ്ടന്റുകൾക്കും വേണ്ടി മെറ്റാ പിസി കമ്പനി പണം ചെലവാക്കുന്നുണ്ട്.