സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അന്തരീക്ഷത്തിന്റെ കൂടുതൽ വ്യക്തതയുള്ള ദൃശ്യം പുറത്തുവിട്ട് നാസയുടെ ജുനോ പേടകം. വ്യാഴത്തിന്റെ അന്തരീക്ഷപാളികളുടെ ത്രീഡി ദൃശ്യമാണ് ജുനോ പുറത്തുവിട്ടത്. ചുഴലിക്കാറ്റുകളും മേഘങ്ങളും ആന്റി സൈക്ലോണുകളും നിറഞ്ഞ വ്യാഴത്തിന്റെ അന്തരീക്ഷം ഏത് രീതിയിലാണ് പെരുമാറുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ചിത്രം.
ഇവിടെയുള്ള ചുഴലിക്കാറ്റുകൾക്ക് പ്രതീക്ഷിച്ചതിനേക്കാൾ വിസ്തൃതിയുണ്ട്. ചിത്രത്തിൽ ചുവന്ന നിറത്തിൽ കാണുന്നത് ഗ്രേറ്റ് റെഡ് സ്പോട്ട് എന്നറിയപ്പെടുന്ന ഒരു ആന്റി സൈക്ലോൺ ആണ്. തിരിയുന്നതിന്റെ ദിശ അനുസരിച്ച് അവയ്‍ക്ക് ചൂടുള്ളതോ തണുപ്പുള്ളതോ ആവാം. വ്യാഴഗ്രത്തിന്റെ ചിത്രങ്ങളിലെല്ലാം ഏറെ വ്യക്തമാണ് ഗ്രേറ്റ് റെഡ് സ്പോട്ട്.
ഗ്രേറ്റ് റെഡ്സ്പോട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജുനോ ശേഖരിച്ചിട്ടുണ്ട്. ഒരു മൈക്രോവേവ് റേഡിയോ മീറ്റർ ഉപയോഗിച്ചാണ് ജുനോ വിവരങ്ങൾ ശേഖരിച്ചത്. റേഡിയോ മീറ്റർ ഡാറ്റയും രണ്ട് തവണ സമീപത്തുകൂടി പറന്നപ്പോൾ ശേഖരിച്ച ഗുരുത്വാകർഷണ വിവരങ്ങളും ഉപയോഗിച്ചാണ് ഗ്രറ്റ് റെഡ് സ്പോട്ടിന്റെ വിവരങ്ങൾ ശേഖരിച്ചത്.
വടക്കൻ, തെക്കൻ അർദ്ധഗോളങ്ങളിലെ ഭൂമിയെപ്പോലെയുള്ള വായു സഞ്ചാരഗതിയും റേഡിയോ മീറ്റർ വിവരങ്ങൾ കാണിക്കുന്നുണ്ട്. ഗ്രേറ്റ് റെഡ് സ്പോട്ടിനെ കുറിച്ച് ഇനിയുമേറെ വിവരങ്ങൾ അറിയാനുണ്ടെങ്കിലും വ്യാഴത്തിന്റെ അന്തരീക്ഷത്തിന്റെ സ്വഭാവം സംബന്ധിച്ച ഏറെ വ്യക്തമായ വിവരങ്ങൾ നൽകുന്നതാണ് ജുനോയിൽനിന്ന് ലഭിച്ച ത്രീഡി ദൃശ്യം. വ്യാഴത്തെ കുറിച്ചുള്ള കൂടുതൽ രഹസ്യങ്ങൾ അറിയാൻ ഇനിയുമേറെ പര്യവേക്ഷണങ്ങൾ വേണ്ടതുണ്ട്.
Content Highlights: Juno probe provides the first 3D view of Jupiters atmosphere