ജോജുവിൻ്റെ വാഹനം തകര്‍ത്തത് ജനരോഷത്തിൻ്റെ ഭാഗമായിരുന്നുവെന്ന് കെ സുധാകരൻ വിശദീകരിച്ചു. ഇന്ധനവില വര്‍ധനവിനെതിരെ കോൺഗ്രസ് സമരം ചെയ്യാത്തത് എന്തുകൊണ്ടാണെന്നാണ് ജനങ്ങള്‍ ചോദിച്ചിരുന്നത്. കഴിഞ്ഞ ദിവസം ട്രെയിൻ യാത്രയ്ക്കിടയിലും തന്നോടു പലരും ഇക്കാര്യം ചോദിച്ചു. ‘ജോജു എന്ന ക്രമിനലിനെതിരെ’ സര്‍ക്കാര്‍ എന്തു നടപടിയെടുക്കുമെന്ന് അറിയണമെന്നും കെ സുധാകരൻ പറഞ്ഞു. തലസ്ഥാനത്ത് കോൺഗ്രസ് അംഗത്വ വിതരണവുമായി ബന്ധപ്പെട്ട പരിപാടിയ്ക്കിടെയായിരുന്നു കെ സുധാകരൻ്റെ പ്രതികരണം.
മുണ്ടും മാടിക്കെട്ടി ജോജു സമരക്കാർക്കു നേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് കെപിസിസി പ്രസിഡൻ്റ് പറഞ്ഞു. സ്ത്രീകളോടു അപമര്യാദയായി പെരുമാറിയതിനു ജോജുവിനെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാഹനം തകർക്കാനുള്ള അവസരമുണ്ടാക്കിയത് ജോജുവാണെന്നും മറ്റൊരു വാഹനവും ആക്രമിക്കപ്പെട്ടില്ലെന്നും സുധാകരൻ പറഞ്ഞു. അക്രമം നടത്തിയ അക്രമിയുടെ വാഹനം തകർക്കപ്പെട്ടത് സ്വാഭാവികമായ ജനരോഷത്തിൻ്റെ ഭാഗമാണെന്നും അതിൽ അത്ഭുതപ്പെടാനില്ലെന്നും സുധാകരൻ വാർത്താസമ്മേളനത്തിനിടെ പറഞ്ഞു.
Also Read:
കൊച്ചി ദേശീയപാത ബൈപ്പാസിൽ കോൺഗ്രസ് ഇന്ധന വില വര്‍ധനവിനെതിരെ നടത്തിയ പ്രതിഷേധത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സമരത്തിൻ്റെ ഭാഗമായി കോൺഗ്രസ് പ്രവര്‍ത്തകര്‍ വൈറ്റില മുതൽ പാലാരിവട്ടം വരെയുള്ള ഭാഗം തിങ്കളാഴ്ച രാവിലെ തടയുകയായിരുന്നു. ഇതോടെ ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. എന്നാൽ ഗതാഗതക്കുരുക്കിൽപ്പെട്ടു കിടന്നിരുന്ന നടൻ ജോജു ജോര്‍ജ് സമരക്കാര്‍ക്കു നേര്‍ക്ക് എതിര്‍പ്പുാമായി എത്തുകയായിരുന്നു. വഴിതടയൽ സമരത്തിനെതിരെ ജോജു ജോര്‍ജ് നടത്തിയ രോഷപ്രകടനത്തിനു പിന്നാലെ സമരക്കാരും നടനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിലായിരുന്നു പ്രവര്‍ത്തകര്‍ ജോജു ജോര്‍ജ് സഞ്ചരിച്ചിരുന്ന എസ്യുവിയുടെ പിൻവശത്തെ ഗ്ലാസ് തകര്‍ത്തത്.
Also Read:
അതേസമയം, ജോജു ജോര്‍ജ് മദ്യപിച്ചിരുന്നുവെന്നും വനിതാ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞെന്നുമാണ് കോൺഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. ഇതു സംബന്ധിച്ച് പ്രവര്‍ത്തകര്‍ മരട് പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ നടനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ച് രക്തപരിശോധന നടത്തി. എന്നാൽ താൻ മദ്യപാനം നിര്‍ത്തിയിട്ട് അഞ്ച് വര്‍ഷമായെന്നാണ് ജോജു ജോര്‍ജ് മാധ്യമങ്ങളോടു പ്രതികരിച്ചത്.
എന്നാൽ തന്റെ ലാൻഡ് റോവര്‍ ഡിഫൻഡര്‍ വാഹനം തകര്‍ക്കുകയും തന്നെ അസഭ്യം പറയുകയും ചെയ്തെന്നു കാണിച്ച് പരാതി നല്കാൻ ഒരുങ്ങുകയാണ് ജോജു ജോര്‍ജും. എന്നാൽ തന്റെ പ്രതിഷേധം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയ്ക്കെതിരെ അല്ലെന്നും ചില വ്യക്തികളാണ് ഇതിനു പിന്നിലെന്നും ജോജു പറഞ്ഞു. ഇന്ധനവില വര്‍ധനവിനെതിരെ തനിക്കും പ്രതിഷേധമുണ്ടെന്നും എന്നാൽ സമരരീതിയോടാണ് എതിര്‍പ്പെന്നും നടൻ വ്യക്തമാക്കി.
അതേസമയം, റോഡ് ഉപരോധത്തിനു മുന്നോടിയായി പോലീസിനെ രേഖാമൂലം അറിയിക്കാത്ത പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയ്ക്ക് ഒരുങ്ങുകയാണ് പോലീസ്. കോൺഗ്രസ് രേഖാമൂലം അറിയിച്ചിരുന്നില്ലന്നും വാക്കാൽ മാത്രമാണ് സമരം നടത്തുന്ന കാര്യം അറിയിച്ചിരുന്നതെന്നും കൊച്ചി ഡിസിപി ഐശ്വര്യ ദോങ്റയെ ഉദ്ധരിച്ച് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്ടാൽ അറിയാവുന്ന നേതാക്കള്‍ക്കതിരെ കേസെടുക്കുമെന്നും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും അവര്‍ അറിയിച്ചു.