കൊച്ചി > റോഡ് ഗതാഗതം തടഞ്ഞ് കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ അക്രമം. സമരത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്രതാരം ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
ഇന്ധനവില വര്‍ധനവിനെതിരെ വൈറ്റില മുതല്‍ ഇടപ്പള്ളി വരെയുള്ള പ്രധാന റോഡിലെ ഗതാഗതം പൂര്‍ണമായും തടഞ്ഞായിരുന്നു കോണ്‍ഗ്രസ് സമരം. ഒരുമണിക്കൂറിലേറെ ട്രാഫിക്ക് കുരുക്കില്‍ അകപ്പെട്ടതോടെ പ്രതിഷേധവുമായി ജോജുവും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും രംഗത്തെത്തുകയായിരുന്നു. ഇതിനുപിന്നാലെയാണ് ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
ജോജുവിന്റെ വാഹനം കടന്നുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഒടുവില്‍ സിഐ തന്നെ വാഹനത്തില്‍ കയറി ഡ്രൈവ് ചെയ്ത് ജോജുവിനെ പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രവര്‍ത്തകര്‍ വാഹനത്തിന്റെ പുറകിലത്തെ ഗ്ലാസ് അടിച്ചുതകര്‍ത്തത്.
സമരത്തിനിടെ വനിതാ പ്രവര്‍ത്തകയോട് ജോജു അപമര്യാദയായി പെരുമാറിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ജോജു മദ്യപിച്ചിരുന്നുവെന്നും ആളാകാന്‍ വേണ്ടി ഷോ നടത്തിയതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഗതാഗതകുരുക്ക് രൂക്ഷമായതോടെ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ഇതില്‍ കുടുങ്ങിയതോടെയാണ് ജോജു പ്രതിഷേധവുമായി രംഗത്തുവന്നത്. ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ നടുറോഡില്‍ രൂക്ഷമായ വാക്കുതര്‍ക്കമാണ് ഉണ്ടായത്. കോവിഡ് കാലത്ത് ജീവിക്കാന്‍ വേണ്ടി നെട്ടോട്ടം ഓടുന്നവരെയാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് ജോജു പ്രതികരിച്ചു.
സ്കൂള്‍ തുറന്ന ദിവസം ദേശീയ പാതയില്‍ വാഹന ഗതാഗതം സ്തംഭിപ്പിച്ച കോണ്‍ഗ്രസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. രോഗികള്‍ ഉള്‍പ്പടെയുളളവരുടെ വാഹനങ്ങള്‍ തടഞ്ഞു. പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ഥികള്‍ക്കും ചികിത്സയ്ക്ക് പോയ രോഗികളും തെരുവില്‍ മണിക്കൂറുകള്‍ വലഞ്ഞു.
പ്രതിഷേധത്തിന് പിന്നാലെ കോണ്‍ഗ്രസ് സമരം നിര്‍ത്തി.