നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നത് മുതൽ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
> മാസ്കിന്റെ പ്രാധാന്യം കുട്ടിയെ ഗൗരവകരമായി തന്നെ ബോധിപ്പിയ്ക്കണം. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ മാസ്ക് ശരിയായ രീതിയിൽ ധരിപ്പ്യ്ക്കണം.
> ബാഗിൽ ഒന്നോ രണ്ടോ പുതിയ മാസ്ക് കരുതാൻ കുട്ടിയെ ശീലിപ്പിക്കുക. മുഴുവൻ ദിവസവും ഒരേ മാസ്ക് ഉപയോഗിക്കേണ്ടതില്ല.
> മികച്ച സുരക്ഷ ഉറപ്പാക്കാനായി ഡബിൾ മാസ്ക് അല്ലെങ്കിൽ N 95 മാസ്ക് ധരിപ്പിയ്ക്കണം.
> വായും മൂക്കും പൂർണമായും കവർ ചെയ്യുന്ന രീതിയിൽ മാസ്ക് ധരിക്കണം
> ഒരിയ്ക്കലും മാസ്ക് താഴ്ത്തി സംസാരിയ്ക്കാനോ ഇടയ്ക്കിടെ അനാവശ്യമായി മാസ്ക് മാറ്റുന്നതിനോ പാടില്ലെന്ന് കുട്ടിയെ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുക.
> സ്കൂളിലേയ്ക്കുള്ള യാത്രയിലും, ക്ലാസ് മുറികളിലും മറ്റുള്ള കുട്ടികളിൽ നിന്നും കൃത്യമായ അകലം പാലിയ്ക്കാൻ ശ്രദ്ധിയ്ക്കണം.
> സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ ശരിയായ രീതിയിൽ ഉപയോഗിക്കണം. മുഖത്ത് കൈ ഉപയോഗിച്ച് സ്പര്ഷിയ്ക്കുന്നതിന് മുൻമ്പായി കൈകൾ പൂർണമായി വൃത്തിയാക്കി എന്ന് ഉറപ്പ് വരുത്തണം.
സ്കൂളുകളും ക്ലാസ് മുറികളും സുരക്ഷാ വലയത്തിലിരിക്കട്ടെ:
> കുട്ടികൾ മാത്രം ജാഗ്രത പുലർത്തിയാൽ പോര, കുട്ടികൾ ഇരിയ്ക്കുന്ന ക്ലാസ് മുറികളും സ്കൂളിൻറെ മുഴുവൻ സാഹചര്യങ്ങളും ഏറ്റവും സുരക്ഷിതമായി തന്നെ ഇരിയ്ക്കണം.
> ഇതിനായി എല്ലായ്പ്പോഴും ക്ലാസ്സ് മുറികൾക്കുള്ളിൽ ശുദ്ധവായു ലഭിയ്ക്കുന്ന സാഹചര്യമൊരുക്കണം.
> ജനാലകളും വാതിലുകളും തുറന്നിട്ടുകൊണ്ട് ശുദ്ധവായു ഉറപ്പാക്കാം.
> പനി, ചുമ, ജലദോഷം പോലുള്ളവ ഉണ്ടെങ്കിൽ കുട്ടികൾ സ്കൂളിൽ എത്തരുത്. ഇത് ഉറപ്പിയ്ക്കാനായി രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിയ്ക്കണം. ഇത്തരം കുട്ടികൾ സ്കൂളിൽ എത്തുന്നത് തടയാനുള്ള സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിക്കണം. രോഗ ലക്ഷണമുള്ള ഒരു കുട്ടി മതിയാകും ഒരു ക്ലാസ് മുറി മുഴുവനും , അല്ലെങ്കിൽ സ്കൂൾ മുഴുവനായും രോഗം പരത്താൻ എന്ന കാര്യം ഇപ്പോഴും ശ്രദ്ധയിൽ വേണം.
> ക്ലാസ്സിൽ എത്തുന്ന കുട്ടികൾ അധ്യാപകർ നിർദേശിയ്ക്കുന്ന സ്ഥലങ്ങളിൽ മാത്രം ഇരിയ്ക്കുക, സൗഹൃദം പരിഗണിച്ച് മറ്റ് കുട്ടികളുമായി അടുത്തിരിയ്ക്കാനോ അവരെ സ്പർശിയ്ക്കാനോ ശ്രമിയ്ക്കരുത്.
> പഠനോപകരണങ്ങൾ മറ്റുള്ളവരുമായി പങ്കു വെയ്ക്കരുത്. സ്വന്തം ആവശ്യത്തിനുള്ള എല്ലാ പഠനോപകരണങ്ങളും ഓരോരുത്തരുടെയും ബാഗിൽ ഉണ്ടായിരിയ്ക്കണം. ഇത് ഉറപ്പ് വരുത്തേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്.
> സ്കൂൾ സമയത്തിനിടെ ശുചിമുറികൾ ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം, എന്നാൽ ശുചിമുറിയിൽ കയറുന്നതിന് മുൻപ് കൈകളിൽ സാനിറ്റൈസർ പുരട്ടുക, ഉപയോഗിച്ച ശേഷവും സാനിറ്റയിസറോ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.
> ഏതെങ്കിലും വിധത്തിൽ കോവിഡ് സമ്പർക്ക പട്ടികയിൽ ഉള്ളവർ സ്കൂളിൽ പോകാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കുക.
> കുട്ടികളോ ജീവനക്കാരോ അധ്യാപകരോ അല്ലാത്തവർ സ്കൂളുകളിൽ പ്രവേശിക്കാൻ പാടുള്ളതല്ല.
> ഏതെങ്കിലും വിദ്യാർഥികൾക്കോ അധ്യാപകർക്കോ മറ്റ് സ്കൂൾ ജീവനക്കാർക്കോ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണ്.
ഭക്ഷണം പങ്കുവെയ്ക്കല്ലേ:
മാസ്ക് മാറ്റാതെ ഭക്ഷണം കഴിക്കൽ സാധ്യമല്ല, അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ രോഗ വ്യാപനത്തിനുള്ള സാധ്യതയും ഇവിടെയാണ്. ഈ സമയത്ത് അധ്യാപകരുടെ മേൽനോട്ടം നിർബന്ധമായും ഉണ്ടായിരിക്കണം. രക്ഷിതാക്കൾ ഇക്കാര്യങ്ങൾ കുട്ടികളെ പറഞ്ഞു മനസിലാക്കണം.
> ഭക്ഷണം കഴിയ്ക്കുന്നതിന് മുൻപും ശേഷവും കൈകൾ ഹാൻഡ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കഴുകണം.
> സ്വന്തം ഭക്ഷണം മാത്രം കഴിയ്ക്കാനായി ശ്രദ്ധിയ്ക്കുക, തൽക്കാലത്തെയ്ക്ക് ഭക്ഷണം സുഹൃത്തുക്കളുമായി പങ്കിടൽ വേണ്ട.
> ഭക്ഷണം കഴിക്കാൻ രണ്ടു മീറ്റർ അകലം പാലിച്ചാണ് ഇരിയ്ക്കേണ്ടത്.
> ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിയ്ക്കാൻ ശ്രമിയ്ക്കരുത്. കാരണം ഉച്ചത്തിൽ സംസാരിയ്ക്കുന്നത് രോഗമുള്ളവരിൽ നിന്ന് മറ്റുള്ളവരിലേയ്ക്ക് പകരാൻ വഴിയൊരുക്കും.
> ഭക്ഷണം കഴിച്ച ശേഷം കൈകൾ വൃത്തിയാക്കുന്നതിനും അകലം പാലിച്ചുകൊണ്ട് തന്നെ ശ്രമിയ്ക്കുക.
> ഭക്ഷണ ശേഷം പുതിയ മാസ്ക് ഉപയോഗിക്കുകയാണ് നല്ലത്.
സ്കൂളിൽ നിന്ന് തിരിച്ചെത്തുമ്പോൾ:
> ക്ലാസ് മുറിയിൽ നിന്ന് പുറത്ത് കടക്കും വരെയും തിരിച്ച് വീട്ടിലേയ്ക്കുള്ള യാത്രയിലും മാസ്ക്, സാമൂഹിക അകലം എന്നിവ മറക്കരുത്.
> വീട്ടിലെത്തി കുളി കഴിഞ്ഞ ശേഷം മാത്രം വീടിനുള്ളിൽ ഇടപെടുക. കഴിയുമെങ്കിൽ വീടിന് പുറത്തുള്ള ബാത്രൂം ഉപയോഗിക്കാൻ ശ്രമിയ്ക്കുക.
> കുളിയ്ക്കുന്നതിനു മുൻപ് തന്നെ ഉപയോഗിച്ച വസ്ത്രങ്ങളും മാസ്കും സോപ്പ് വെള്ളത്തിൽ കുതിർത്ത് വെയ്ക്കാൻ ശ്രദ്ധിക്കണം.
മുതിർന്ന കുട്ടികളാണെങ്കിൽ അവ സ്വയം വൃത്തിയാക്കാൻ ശ്രദ്ധിയ്ക്കുക.