കാലിഫോർണിയ: ഗൂഗിളിന്റെ പരസ്യവരുമാനത്തിലൂടെ മാതൃസ്ഥാപനമായ ആൽഫബെറ്റിന് ലഭിച്ചത് പ്രതീക്ഷിച്ചതിനേക്കാളേറെ ലാഭം. ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 6510 കോടി ഡോളറിലേറെ (4,88,038 കോടി രൂപ) ആകെ വരുമാനമാണ് ആൽഫബെറ്റിന് ലഭിച്ചത്. ഇതിൽ 1893.6 കോടി ഡോളറിന്റെ ലാഭമുണ്ടായി (141958.46 കോടി രൂപ).
സെർച്ച് എഞ്ചിൻ, യൂട്യൂബ് വീഡിയോ, വെബിലൂടനീളമുള്ള വിവിധ പങ്കാളിത്തങ്ങൾ എന്നിവയിലൂടെ മറ്റേതൊരു കമ്പനിയേക്കാളും കൂടുതൽ ഇന്റർനെറ്റ് പരസ്യങ്ങൾ വിൽക്കാൻ ഗൂഗിളിന് സാധിച്ചു. ലോകവ്യാപകമായി കോവിഡ് മഹാമാരി പടർന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾ ഓൺലൈനിൽ ചെലവഴിക്കാൻ തുടങ്ങിയതും അവരുടെ പുതിയ ശീലങ്ങൾ നിലനിന്നതും കമ്പനിയ്‍ക്ക് നേട്ടമായി.
ഗൂഗിളിന്റെ പരസ്യവരുമാനം 41 ശതമാനമായി വർധിച്ച് 5310 കോടി (398077.42 കോടി രൂപ) ഡോളറിലെത്തി. ആൽഫബെറ്റിന്റെ ആകെ വിൽപന 6510 കോടി (488038 കോടി) ഡോളറായി ഉയർന്നു.
വിസിൽബ്ലോവർ വിവാദങ്ങൾക്കിടയിലും മറ്റൊരു ഇന്റർനെറ്റ് ഭീമനായ ഫേസ്ബുക്കും മൈക്രോസോഫ്റ്റിനെപ്പോലെ വമ്പിച്ച ലാഭം പ്രഖ്യാപിച്ചു. എന്നാൽ ഓഹരി ഉടമകളുമായി ബന്ധപ്പെട്ട നിയമനടപടികളെ തുടർന്ന് ട്വിറ്റർ വലിയ നഷ്ടം റിപ്പോർട്ട് ചെയ്തു.
തങ്ങളുടെ നിക്ഷേപങ്ങൾ ജനങ്ങൾക്കും, പങ്കാളികൾക്കും ഒരു പോലെ സഹായകമാവുന്ന ഉൽപ്പന്നങ്ങൾ നിർമിക്കാൻ തങ്ങളെ പ്രാപ്തരാക്കുന്നതെങ്ങനെയാണെന്നതിന് തെളിവാണീ നേട്ടമെന്ന് ആൽഫബെറ്റിന്റേയും ഗൂഗിളിന്റെയും മേധാവി സുന്ദർ പിച്ചൈ പറഞ്ഞു.
ജൂലായ് മുതൽ സെപ്റ്റംബർ വരെ യൂട്യൂബ് വീഡിയോ സേവനത്തിലൂടെ 720 കോടി ഡോളറിന്റെ പരസ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇത് 500 കോടിയായിരുന്നു. ഗൂഗിളിന്റെ റിമോട്ട് കംപ്യൂട്ടിങ് വ്യവസായവും 500 കോടിയ്‍ക്കടുത്ത് വരുമാനമുണ്ടാക്കി. എന്നാലും മുഖ്യ വരുമാന സ്രോതസ്സ് പരസ്യം തന്നെയാണ്.
Content Highlights: Alphabet earns record profit on Google ad surge