സോഫ്റ്റ് കോൺടാക്റ്റ് ലെൻസ് കണ്ടുപിടിച്ച ഓട്ടോ വിച്ചെർലെയ്‍ക്ക് ആദരമർപ്പിച്ച് ഗൂഗിളിന്റെ ഡൂഡിൾ. അദ്ദേഹത്തിന്റെ 108-ാം ജന്മദിനമാണ് ബുധനാഴ്ച.
ലാബിൽ കോൺടാക്റ്റ് ലെൻസ് വിരലിലെടുത്ത് നോക്കി നിൽക്കുന്ന ഓട്ടോ വിച്ചെർലെയും പശ്ചാത്തലത്തിൽ പ്രകാശം ലെൻസിലൂടെ കടന്ന് കണ്ണിൽ പതിക്കുന്നതായി ചിത്രീകരിച്ച ഗൂഗിൾ ലോഗോയും ഉൾപ്പെടുത്തിയാണ് ഡൂഡിലിന്റെ രൂപകല്പന.
ചെക്ക് രസതന്ത്രജ്ഞനാണ് സോഫ്റ്റ് കോൺടാക്റ്റ് ലെൻസ് കണ്ടുപിടിച്ച ഓട്ടോ വിച്ചർലെ ( Otto Wichterle ). 1913-ൽ ചെക്ക് റിപ്പബ്ലിക്കിലെ പ്രോസ്റ്റെജോവിലാണ് വിച്ചർലെ ജനിച്ചത് (ഒക്‍ടോബർ 27, 1913 ). ചെറുപ്പം മുതലേ ശാസ്ത്രപ്രേമിയായിരുന്ന വിച്ചർലെ 1936-ൽ പ്രാഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിൽ (ഐസിടി) നിന്ന് ഓർഗാനിക് കെമിസ്ട്രിയിൽ ഡോക്‍ടറേറ്റ് നേടി. തുടർന്ന് 1950 കളിൽ അദ്ദേഹം പഠിച്ച കോളേജിൽ തന്നെ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അതേ കാലഘട്ടത്തിൽ തന്നെയാണ് അദ്ദേഹം കണ്ണിലെ ലെൻസിന് പകരം കൃത്രിമമായി വച്ചുപിടിപ്പിക്കുന്ന ലെൻസിന് വേണ്ടിയുള്ള ട്രാൻസ്പരന്റ് ജെൽ വികസിപ്പിച്ചെടുത്തത്.
കോൺടാക്റ്റ് ലെൻസുകളുടെ ഉപജ്ഞാതാവ് എന്നതിലുപരി, മനുഷ്യ ശരീരത്തിലെ ബന്ധിത കോശഘടനകൾ (Connective Tissuse) പുനഃസ്ഥാപിക്കാൻ ഉപയോഗിക്കുന്ന സ്മാർട്ട് ബയോ മെറ്റീരിയലുകൾ, ബയോ പോളിമർ പോലെയുള്ള അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യകളുടെ ഉപജ്ഞാതാവായും അദ്ദേഹം അറിയപ്പെടുന്നു.
1961 ൽ സോഫ്റ്റ്കോണ്ടാക്‍ട് ലെൻസിന്റെ ഉപയോഗിക്കാവുന്ന ഒരു മോഡൽ അദ്ദേഹം നിർമ്മിച്ചു. കൂടാതെ, അക്കാദമി ഓഫ് ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
ജന്മദിനാശംസകൾ, ഓട്ടോ വിച്ചർലെ-ലോകത്തെ കണ്ണുകളിലൂടെതന്നെ കാണാൻ സഹായിച്ചതിന് നന്ദി! എന്ന് ഗൂഗിൾ അവരുടെ സന്ദേശത്തിൽ കുറിച്ചു.
Content Highlights: Google doodle doodle pays tribute to inventor of contact lens on 108th birthday