150 വർഷങ്ങളായി ആഫ്രിക്കൻ മഴക്കാടുകളിൽനിന്ന് അപ്രത്യക്ഷമായിരുന്ന ഭീമൻ മൂങ്ങയെ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ കണ്ടെത്തി. ഇംപീരിയൽ കോളേജ് ലണ്ടനിലെ ലൈഫ് സയൻസസ് വിഭാഗത്തിൽ നിന്നുള്ള ഡോ. ജോസഫ് തോബിയാസ്, സോമർസെറ്റിൽ നിന്നുള്ള സ്വതന്ത്ര പരിസ്ഥിതി പ്രവർത്തകനായ ഡോ. റോബെർട്ട് വില്യംസ് എന്നിവരാണ് ഷെല്ലീസ് ഈഗിൾ ഔൾ എന്നറിയപ്പെടുന്ന ഈ മൂങ്ങയെ കണ്ടെത്തിയത്. ആഫ്രിക്കയിലെ കാർഷിക വികസനത്തിന്റെ ജൈവശാസ്ത്രപരമായ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള യു.കെ. സർക്കാരിന്റെ സാമ്പത്തിക പിന്തുണയിലുള്ള പഠനപദ്ധതിയ്‍ക്ക് നേതൃത്വം നൽക്കുന്നയാളാണ് ജോസഫ് തോബിയാസ്.
ലണ്ടനിലെ നാച്ച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പക്ഷി ശേഖരണത്തിന്റെ ക്യൂറേറ്ററും ബ്രിട്ടീഷ് ഓർണിത്തോളജിസ്റ്റ് ക്ലബ്ബിന്റെ സ്ഥാപകനുമായ റിച്ചാർഡ് ബൗഡ്ലർ ഷാർപ്പ് എന്നയാളിൽ നിന്ന് ലഭിച്ച ഒരു മാതൃകയിൽനിന്നാണ് 1872-ൽ പക്ഷിയെ ആദ്യമായി വിശദീകരിക്കുന്നത്.
1870-കൾ മുതൽ ഈ പക്ഷിയെ വ്യക്തമായി ആരും കണ്ടിട്ടില്ല. ആകെയുണ്ടായിരുന്നത് ചില അവ്യക്തമായ ചിത്രങ്ങൾ മാത്രമാണ്. പിന്നീട് പലപ്പോഴും പലരും ഇതിനെ കണ്ടുവെന്നും മറ്റും പറയുകയല്ലാതെ സ്ഥിരീകരിക്കാൻ പാകത്തിലുള്ള തെളിവുകൾ ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ആഫ്രിക്കൻ പക്ഷിനിരീക്ഷകരുടെ ഇടയിലെ ഒരു അമൂല്യ വസ്തുവായി ഈ പക്ഷി മാറിയിരുന്നു. 2021 ഒക്‍ടോബർ 16-നാണ് ഡോ. തോബിയാസും, ഡോ. വില്യംസും ഘാനയിലെ അറ്റേവ വനം സന്ദർശിച്ചതും മൂങ്ങയെ കണ്ടെത്തിയതും.
“അതിന് നല്ല വലിപ്പമുണ്ടായിരുന്നു. ആദ്യം അതൊരു പരുന്താണെന്നാണ് ഞങ്ങൾ ധരിച്ചത്. താഴത്തുണ്ടായിരുന്ന മറ്റൊരു മരക്കൊമ്പിലേക്ക് മാറിയിരുന്നപ്പോൾ ഞങ്ങൾ ബൈനോകുലർ വെച്ച് നോക്കി. ശരിക്കും ഞെട്ടിപ്പോയി. ആഫ്രിക്കയിലെ മഴക്കാടുകളിൽ ഇത്രയും വലിയ മറ്റൊരു മൂങ്ങയെ കണ്ടിട്ടില്ല.”
പത്തോ പതിനഞ്ചോ സെക്കന്റ് നേരത്തേക്ക് മാത്രമാണ് മൂങ്ങയെ അവർക്ക് കാണാൻ കഴിഞ്ഞത്. അപ്പോഴേക്കും അതിന്റെ ചിത്രങ്ങൾ വ്യക്തമായി പകർത്താൻ അവർക്ക് സാധിച്ചു. കറുത്ത കണ്ണുകളും മഞ്ഞ കൊക്കും വലിയ രൂപവുമുള്ള ആ മൂങ്ങ ഗവേഷകർ ഇത്രയും കാലം തേടിക്കൊണ്ടിരുന്ന അത്യപൂർവ പക്ഷിയാണെന്ന് തിരിച്ചറിയാൽ ആ ചിത്രങ്ങൾ തന്നെ ധാരാളമായിരുന്നു.
എന്നാൽ, ഇത്രയും വലിയ രൂപം വെച്ച് ആഫ്രിക്കൻ കാടുകളിൽ ഇത്രയും കാലം മറഞ്ഞിരിക്കാൻ ഈ മൂങ്ങകൾക്ക് എങ്ങനെ സാധിച്ചു എന്നത് ഗവേഷകരിൽ ഒട്ടനവധി സംശയങ്ങൾക്കാണിടയാക്കിയിരിക്കുന്നത്. എന്തായാലും പക്ഷി ഗവേഷകരെ സംബന്ധിച്ചിടത്തോളം ഏറെ ആവശവും സന്തോഷവും നൽകുന്ന വാർത്തയാണിത്.
വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഗണത്തിലാണ് ഷെല്ലീസ് ഈഗിൾ ഔളിനെ പട്ടികപ്പെടുത്തിയിരിക്കുന്നത്. എന്തായാലും ഘാനയിൽ ഇത് നിലനിൽക്കുന്നുണ്ടെന്ന് കണ്ടെത്തിയത് പുതിയ പ്രതീക്ഷ നൽകുന്നു.
നിയമവിരുദ്ധമായ മരം മുറിക്കലും ഖനനവും അറ്റേവ വനമേഖലയിൽ ഏറെ ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും ഉയർന്ന പ്രദേശങ്ങൾ ഇപ്പോഴും നിത്യഹരിത വനമേഖലയാണ്. ഫ്രണ്ട്സ് ഓഫ് അറ്റേവ പോലുള്ള പരിസ്ഥിതി ഗ്രൂപ്പുകൾ ഈ പ്രദേശത്തെ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കാൻ സമ്മർദ്ദം ചെലുത്തുന്നുമുണ്ട്.
Content Highlights: Owl unseen for 150 years has been photographed for the first time